ഇതര സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളികളും കേരളവും തമ്മിലുള്ള ബന്ധം ഗൾഫ് മലയാളികളും കേരളവും തമ്മിലുള്ള ബന്ധം പോലെയല്ല. മറ്റൊരു രാജ്യത്ത് പൗരാവകാശങ്ങളില്ലാതെ ജീവിക്കുമ്പോഴുണ്ടാകുന്ന അസുരക്ഷിതത്വം, ഒരുനാൾ നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടവരാണെന്ന യാഥാർത്ഥ്യം, അതുയർത്തുന്ന സാമ്പത്തിക സുരക്ഷയുടെ വിഷയങ്ങളും എല്ലാം ഗൾഫ് മലയാളികളെ അസ്വസ്ഥരാക്കുന്നുവെങ്കിലും കേരളീയർ എന്ന അവരുടെ അസ്തിത്വത്തെക്കുറിച്ച് എന്തെങ്കിലും സംശയമോ നിർവചനങ്ങളിൽ അവ്യക്തതയോ ഇല്ല. അതുപോലെ ലളിതമല്ല ഇതരസംസ്ഥാന മലയാളികളുടെ സാമൂഹ്യാസ്തിത്വം. ബോധപൂർവമായ ഇടപെടലുകളിലൂടെ ഇതര സംസ്ഥാന മലയാളികളും കേരള സമൂഹവും തമ്മിലുള്ള സാമൂഹ്യവും സാംസ്‌കാരികവുമായ ബന്ധം ദൃഢപ്പെടുത്താത്ത പക്ഷം വലിയൊരു കൂട്ടം മലയാളി സമൂഹത്തെ നമുക്ക് തലമുറകളിലൂടെ നഷ്ട്ടപെട്ടു പോയേക്കാം.
ഉയർന്ന കൂലിനിലവാരം, തുല്യതയുടെ ആശയാടിത്തറയിൽ സംഘടിപ്പിക്കപ്പെട്ട സാമൂഹിക ജീവിതം, ഭൗതിക സാഹചര്യങ്ങളുടെ നിലവാരത്തിൽ ഏറ്റവും അസമത്വം കുറഞ്ഞ സമൂഹ ഘടന, തൊഴിലാളി കർഷക സംഘടനകളുടെയും ചെറുകിട വ്യാപാരിവ്യവസായി സംഘടനകളുടെയും സ്വാധീനം , സാമൂഹിക സുരക്ഷാ പദ്ധതികളുടെ വ്യാപ്തി, ജനങ്ങളിൽ ബഹുഭൂരിപക്ഷവും രാഷ്ട്രീയ സംവാദത്തിൽ അഭിപ്രായം പറയുന്ന സംസ്കാരം, എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, മത നിരപേക്ഷത,... എല്ലാ അർത്ഥത്തിലും ഇന്ത്യയിലെ ഏറ്റവും ആധുനികവും ജനാധിപത്യവൽകൃതവും സർഗാത്മകവുമായ ജീവിതമാണ് കേരളീയർ എന്ന നിലയിൽ നാം ജീവിക്കുന്നത്.
പക്ഷെ ഈ കേരളമല്ല ഇന്ത്യയിലെ മാധ്യമവൃത്തങ്ങളിലൂടെയും അക്കാദമിക് തലത്തിലും അറിയപ്പെടുന്നത്. ബൗദ്ധിക വ്യാപാരങ്ങളുടെ മുഖ്യധാരയിൽ രണ്ട് തരം വികലീകരണങ്ങൾക്കു നമ്മുടെ നാട് വിധേയമാക്കുന്നുണ്ട്. ഒന്നാമത്തേത് കേരളീയ ജീവിതത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം തമസ്കരിക്കുകയും വൻകിട മൂലധനത്തിന്റെ കേരളവിരോധത്തെ അവഗണിക്കുകയും 'സാമൂഹ്യ മൂലധനത്തിന്റെ' വിജയമാതൃകയായി കേരളത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന ഏർപ്പാടാണ്. രണ്ടാമത്തേത് കേരളത്തിന്റെ കുറവുകൾ പെരുപ്പിച്ചുകാട്ടിയും കുറെ നുണകൾ ചേർത്തും കേരളത്തിന്റെ മുന്നേറ്റത്തെ നിരാകരിക്കുന്ന ചെയ്യുന്ന പോസ്റ്റ് മോഡേൺ ഇകഴ്ത്തൽ പ്രസ്ഥാനമാണ്.
മേല്പറഞ്ഞ വികലീകരണങ്ങൾക്കു തന്നെയാണ് അക്കാദമിക മേഖലയിലും മാധ്യമ സർക്യൂട്ടുകളിലും സ്വീകാര്യത എന്ന് നാം തിരിച്ചറിയണം. അതിനു പിന്നിൽ വർഗ താല്പര്യങ്ങളുണ്ട്. എന്നാൽ ഇവ രണ്ടിനും ബദലായി ജനകീയ നിലവാരത്തിൽ യഥാർത്ഥ കേരളത്തെ ഇന്ത്യയുടെ ഇതരഭാഷാ സമൂഹത്തിലേക്ക് പ്രസരിപ്പിക്കേണ്ടതുണ്ട്. അത് സാധിക്കുക അന്യസംഥാന മലയാളി സമൂഹത്തിലൂടെയാണ്.
കേരളത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉയർച്ചകളുടെ ഭാഗമായി പ്രാപ്തിയും ആത്മവിശ്വാസവും ആർജ്ജിച്ച് തൊഴിലന്വേഷകരായി ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവരെയും അവരുടെ അനന്തര തലമുറകളെയും തുടർന്നും കേരളം എന്ന ആശയ സമുച്ചയത്തിന്റെ ഭാഗമായി ചേർത്ത് നിർത്താൻ നമുക്ക് കഴിയുന്നില്ല എന്നതാണ് ഇന്നത്തെ യാഥാർഥ്യം. അതുകൊണ്ട് തന്നെ ഭക്ഷണ സമ്പ്രദായങ്ങളിലും വേഷഭൂഷകളിലും മാത്രമൊതുങ്ങുന്ന കേരളീയത മറുനാടൻ മലയാളികളിൽ നിലനിൽക്കുന്നതായി കാണാം. ഇതര സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന കടുത്തജാതിബോധം മറുനാടൻ മലയാളികളും അംഗീകരിക്കുന്നതായും കാണാം. ഇതിനു മാറ്റം വരുത്തി ബൃഹദ്കേരളീയ സമൂഹത്തിന്റെ ഭാഗമായി ഇതരസംസ്ഥാന മലയാളികളെ ചേർത്തുനിർത്താൻ നിരന്തരമായ ജാഗ്രത കാണിക്കണം.
പുറം കേരളത്തിലെ അദൃശ്യരും അവരുടെ സംഭാവ നകളും
ഗൾഫ്‌മേഖലയിലെ കുടിയേറ്റം സംബന്ധിച്ച് വളരെയധികം സ്ഥിതിവിവരശേഖരണവും പഠനങ്ങളും നടന്നിട്ടുണ്ടെകിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ സംബന്ധിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. എന്നിരുന്നാലും അന്യസംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവരുടെ എണ്ണം, അവർ കേരളത്തിലേക്ക് അയക്കുന്ന പണം എന്നിവയെക്കുറിച്ചുള്ള ഏകദേശ കണക്കുകൾ സെൻസസ് വിവരങ്ങൾ, നാഷണൽ സാമ്പിൾ സർവ്വേ, കേരളാ മൈഗ്രെഷൻ സർവ്വേ എന്നിവയുടെ സൂക്ഷ്‌മമായ പരിശോധനയിൽ ലഭ്യമാണ്. സെൻസസിനോടൊപ്പം എടുക്കുന്ന മാതൃഭാഷാ സംബന്ധിയായ വിവരങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളികളെ സംബന്ധിച്ച് ഏകദേശ ചിത്രം ലഭിക്കും.
2001 ലെ സെൻസസ് വിവരങ്ങൾ പരിഗണിച്ചാൽ തന്നെ ഇന്ത്യയിലാകെ ഇതര സംസ്ഥാനങ്ങളിലായി 2262645 പേർ മലയാളം മാതൃ ഭാഷയായി സ്വീകരിച്ചവരുണ്ട്. അതിനാൽ ഇന്ത്യയിലെ ഇതര സംസ്ഥാന മലയാളികളുടെ എണ്ണം ഇരുപത്തി രണ്ടു ലക്ഷത്തിൽ കുറയാത്തതാണെന്നു നമുക്ക് ഉറപ്പിച്ചു പറയാം. പക്ഷേ 2014 ലെ കേരള മൈഗ്രന്റ് സർവേ പ്രകാരം 700342 ആണ് ആഭ്യന്തര പ്രവാസി മലയാളികൾ. 930724 (2011), 914387 (2008), 1115601 (2003). 691695(1998) എന്നിങ്ങനെയായിരുന്നു ഓരോ വർഷത്തെയും കണക്കുകൾ.
Table 1. Persons with Malayalam as their Mother Tongue in 2001
Source: Census 2001 tables (http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm)
കേരള സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് സി.ഡി.എസ് നടത്തിയ മൈഗ്രന്റ് സർവേയുടെ കണക്കുകളാണ്. അങ്ങനെ നോക്കുമ്പോൾ ആഭ്യന്തര പ്രവാസികളുടെ പകുതിയിലധികം കേരളീയരുടെ കണക്കിൽ പോലുമില്ല.
അതുകൊണ്ട് തന്നെ ഇതര സംസ്ഥാന മലയാളികളുടെ കൃത്യമായ സ്ഥിതിവിവര കണക്കുകൾ തയ്യാറാക്കുക എന്നത് അവരുടെ ക്ഷേമ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിന് അനിവാര്യമായഒന്നുതന്നെയാണ്. മറുനാടൻ മലയാളികൾക്ക് ആകർഷകമായ ഇൻഷുറൻസ് പദ്ധതിഏർപ്പെടുത്തി വിപുലമായ സർവ്വേ നടത്തും വിധം ഒരു വലിയ ജനകീയ പ്രസ്ഥാന ത്തെ വളർത്തിയെടുക്കുക എന്ന 2017-18 ബഡ്ജറ്റിലെ നിർദ്ദേശം സ്വാഗതാർഹമാണ്.
മുംബൈയിലെ പോസ്റ്റൽ കോഡ് 400072 നു കീഴിൽ വരുന്ന ഭാഗത്തെ മലയാളി കുടുംബങ്ങൾക്കിടയിൽ സാക്കിനാക്ക പ്രോഗ്രസ്സീവ് ആർട്സ് ക്ലബ്ബും മറ്റു ചില മലയാളി സമാജങ്ങളും ചേർന്ന് ഒരു ജനകീയ പ്രവർത്തനം എന്ന നിലയിൽ സാമൂഹികസാമ്പത്തിക സർവേ നടത്തി വരികയാണ്. ആ പ്രവർത്തനത്തിന്റെ അനുഭവങ്ങൾ പരിശോധിക്കാവുന്നതാണ്.
Table 2. State of Residence of Out Migrants, 1998 – 2014
Source: Zacharia and Rajan (2015)
ഇതരസംസ്ഥാന മലയാളികളും വിവിധ തരത്തിൽ കേരള സമ്പദ്ഘടനയ്ക്ക് കാര്യമായ സംഭാവന നല്കുന്നുണ്ട്. മുഖ്യമായും 1. നാട്ടിലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നേരിട്ട് പണമയക്കുക വഴി 2. കേരളത്തിൽ ഗൃഹനിർമ്മാണത്തിനും മറ്റു സാമ്പത്തിക ഇടപാടുകൾക്കുമായി തങ്ങളുടെ സമ്പാദ്യം ചിലവഴിക്കുക വഴി 3. കേരളത്തിൽ ഉല്പാദിപ്പിക്കുന്ന വസ്തുക്കൾക്കും സാംസ്കാരിക ഉല്പന്നങ്ങൾക്കുമായുള്ള വലിയൊരു കമ്പോളമാവുക വഴി 4. തൊഴിലന്വേഷികളായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാർക്കും / ചെറുപ്പക്കാരികൾക്കും താമസ സൗകര്യമൊരിക്കലും തൊഴിലവസങ്ങൾക്കായുള്ള മറ്റു സഹായങ്ങളും ചെയ്യുക വഴി.
നാഷണൽ സാമ്പിൾ സർവ്വേ റിപ്പോർട്ട് പ്രകാരം വിദേശ ഇന്ത്യക്കാരനായ ഒരു പുരുഷൻ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ നാലിലൊന്നാണ് അഭ്യന്തര പ്രവാസിയായ ഒരിന്ത്യക്കാരൻ സ്വന്തം സംസ്ഥാനത്തിലേക്കയക്കുന്നത്. കേരളത്തിന്റെ കാര്യത്തിൽ ഇത് മൂന്നിലൊന്നായി വർദ്ധിക്കുന്നുവെന്നാണ് നാഷണൽ സാമ്പിൾ സർവേയുടെ നിഗമനം. ഇതിൽ നിന്നും, ഇതര സംസ്ഥാന മലയാളികളുടെ അദ്ധ്വാനത്തിനു ലഭിക്കുന്ന പ്രതിഫലം അവർ ജീവിക്കുന്ന സംസ്ഥാനത്തിനും മാതൃസംസ്ഥാനത്തിനും ഉപകാരപ്പെടുന്നുണ്ട് എന്ന് വ്യക്തം
ഭരണകൂടത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്
പശ്ചിമേഷ്യയിലെ മലയാളി സമൂഹത്തിനോട് താരതമ്യപ്പെടുത്താൻ കഴിയില്ലെങ്കിൽ കൂടിയും ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളികളിൽ ചെറു മദ്ധ്യവർഗ്ഗ വിഭാഗമൊഴികെ വലിയൊരു കൂട്ടം ആതിഥേയ സമൂഹത്തിൽ നിന്നും പല തരത്തിലുള്ള വിവേചനകൾക്കും പാർശ്വവൽക്കരണത്തിനും വിധേയേരാകുന്നുണ്ട്. അതിനാൽ ആഭ്യന്തര പ്രവാസി സമൂഹവും ബൃഹത്തായ കേരളീയ സമൂഹത്തിന്റെ വിലപ്പെട്ട ഭാഗമാണെന്ന് ഉറപ്പിച്ചെടുക്കേണ്ടതുണ്ട്. ഇതിനായി കേരള ഭരണകൂടത്തിന്റെ സ്ഥാപനങ്ങളുടെ ഉപകാരപ്രദമായ സാന്നിധ്യം ഒരു പരിധി വരെയെങ്കിലും ഇതരസംസ്ഥാന മലയാളി ജീവിതത്തിൽ യാഥാർത്ഥ്യമാക്കി സാംസ്കാരിക സാമൂഹിക സാമ്പത്തികബന്ധങ്ങൾ ശക്തിപ്പെടുത്താൻ ബോധപൂർവ്വമായ പരിശ്രമങ്ങൾ കൂടിയേ തീരൂ.
അല്ലാത്തപക്ഷം കാലക്രമേണ അന്യസംസ്ഥാനങ്ങളിലെ വലിയൊരു വിഭാഗം മലയാളി സമൂഹം തങ്ങളുടെ മലയാളി അസ്തിത്വത്തിൽ നിന്നും വേർപ്പെട്ട് പോകും. ഇതൊഴിവാക്കണമെങ്കിൽ മറുനാടൻ മലയാളികൾക്കിടയിലെ മലയാള ഭാഷാപ്രസാരണം ഏറെ വിപുലീകരിക്കുകയും കാര്യക്ഷമമാക്കുകയും വേണം. മലയാളം മിഷന്റെ കാര്യത്തിൽ കഴിഞ്ഞ കാലത്തുണ്ടായ ഉദാസീനത അവസാനിപ്പിച്ച് പരിശീലനപദ്ധതികൾക്കും അധ്യാപനകേന്ദ്രങ്ങൾ നടത്തുന്നതിനും അധ്യാപകർക്കു ഹോണറേറിയം നൽകുന്നതിനും മറ്റുമായി കേരളസർക്കാർ കൂടുതൽ ധനപരമായ പിന്തുണ നൽകണം..
അതുപോലെ പ്രാധാന്യമുള്ളതാണ് കേരള സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങൾ മറുനാടൻ മലയാളികൾക്ക് കൂടി ലഭ്യമാക്കുക എന്നത്. അത് അവരുടെ അവകാശങ്ങൾ അംഗീകരിക്കൽ മാത്രമല്ല അവരെ തലമുറകൾക്കപ്പുറവും കേരളത്തിന്റെ ഭാഗമാക്കി നിലനിർത്തുക എന്നത് കൂടിയാണ്.
കേരളത്തിൽ ക്ഷേമപദ്ധതികൾക്കു അർഹരായവരെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ കുടുംബപരമായി ലഭിക്കുന്ന പിന്തുണകളില്ലാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ തൊഴിലെടുത്ത് ജീവിക്കുന്നവർക്ക് അതേപടി ബാധകമാക്കരുത്. ഇതര സംസ്ഥാന മലയാളികളിൽ വലിയൊരു പങ്ക് ദീർഘകാലം തൊഴിൽ ചെയ്തിട്ടും വലിയ സമ്പാദ്യമൊന്നും കയ്യിലില്ലാത്തവരാണ്. തൊഴിൽ കമ്പോളത്തിലെ അനിശ്ചിതത്വങ്ങളും രോഗങ്ങളും കുടുംബ ബന്ധങ്ങളിലെ തകർച്ചകളും കാരണം കടുത്ത ദാരിദ്ര്യത്തിലും അസുരക്ഷിതത്വത്തിലും അകപ്പെട്ടുപോകുന്നവരും ധാരാളമുണ്ട്. ഈ യാഥാർത്ഥ്യങ്ങൾ കണക്കിലെടുത്തുള്ള ക്ഷേമപരിപാടികളും മാനദണ്ഡങ്ങളും തയ്യാറാക്കണം. പ്രവാസി ക്ഷേമനിധിയില് വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള് തീരെ തുച്ഛമായത് കൊണ്ടാണ് ഈ പദ്ധതിയില് ആളുകള് ചേരാത്തത്. ക്ഷേമനിധി അടിമുടി പരിഷ്കരിക്കണം.
രോഗബാധിതര്‍ക്ക് ധനസഹായം നല്‍ക്കുന സാന്ത്വനം പദ്ധതിയിലൂടെ വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് മാത്രമാണ് സഹായം ലഭിക്കുന്നത്. ഈ പദ്ധതി പതിന്‍മടങ്ങ് ശക്തിപ്പെടുത്തുകയും ദരിദ്രരായ മറുനാടന് മലയാളികള്‍ക്ക് ആരോഗ്യ രക്ഷയ്ക്കുള്ള സമഗ്ര പദ്ധതിയാക്കി ഇതിനെ മാറ്റുകയും വേണം. നോര്ക ഇന്‍ഷുറന്‍സ് പദ്ധതിയും ഈ വിധത്തില് പരിഷ്കരിക്കണം. കുടുംബശ്രീ പദ്ധതികൾ മറുനാടൻ മലയാളികൾക്കിടയിൽ വ്യാപിപ്പിക്കാൻ സാധ്യതകൾ ആരായേണ്ടതാണ്
പുറം നാട്ടിലോ കേരളത്തിലോ വീടില്ലാത്ത മലയാളികൾക്കിടയിലെ നിർധനർക്ക് കേരളത്തിലെ സമ്പൂർണ്ണ ഗൃഹ നിർമാണ പദ്ധതിയിൽ പെടുത്തി വീട് നൽകാൻ കഴിയുമോ എന്ന് പരിശോധിക്കണം.
പദ്ധതി രേഖകളില് ഇതര സംസ്ഥാന മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കുമായി നീക്കിവയ്ക്കുന്ന തുക വെവ്വേറെ രേഖപ്പെടുത്തേണ്ടതുണ്ട്. രണ്ടു വിഭാഗത്തിലുമായി മൊത്തം പദ്ധതിയുടെ ഗണ്യമായ ഒരു ഭാഗം നീക്കി വയ്ക്കുകയും വേണം.
നോര്ക ഇന്‍ഷുറന്‍സ്, പ്രവാസിക്ഷേമനിധി, സാന്ത്വനം പദ്ധതി തുടങ്ങിയ ക്ഷേമ പദ്ധതികളും മലയാളം മിഷന് തുടങ്ങി മറുനാടന് മലയാളികള്‍ക്കുള്ള മറ്റു പ്രധാനപ്പെട്ട സർക്കാർ പരിപാടികളെയും ഏകോപിപ്പിക്കാനുള്ള സംവിധാനം വികസിപ്പിക്കണം. മുംബൈ കേരളാഹൗസിൽ നടന്നു വന്നിരുന്ന മലയാളം മിഷൻ ഓഫീസിനെ ഉദ്യോഗസ്ഥമാറ്റമുണ്ടായപ്പോൾ അവിടെ നിന്ന് പുറത്താക്കിയത് പോലുള്ള ദുരനുഭവങ്ങൾ ഉണ്ടാവാൻ പാടില്ല. ആ ഓഫീസ് ഉടനെ പുനഃസ്ഥാപിക്കണം.
പ്രവാസിമലയാളികളുടെ ക്ഷേമപദ്ധതികള് ഏകീകൃതമായി നടപ്പിലാക്കാന് പറ്റുംവിധം നോര്ക കാര്യാലയം കാര്യക്ഷമമാക്കുകയും വിപുലീകരിക്കുകയും വേണം. വന് നഗരങ്ങളില് ഒരിടത്തുള്ള കാര്യാലയം മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ചുരുക്കുന്നതിനു പകരം പ്രാന്ത പ്രദേശങ്ങളില് മലയാളിസാന്ദ്രത കൂടിയ മേഖലകളില് നോര്‍ക്ക ജീവനക്കാര് നിശ്ചിത ദിവസങ്ങളില് സന്ദര്‍ശനം നടത്തി അപേക്ഷകളും പരാതികളും സ്വീകരിക്കുന്ന സംവിധാനം ഉണ്ടാക്കണം. അതിനുവേണ്ടി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണം. കൂടുതൽ പട്ടണങ്ങളിൽ നോർക്ക ഓഫീസ് തുറക്കുന്ന കാര്യം ആലോചിച്ചു തുടങ്ങണം മറ്റു നാടുകളിലെ മലയാളികളുടെ ജീവിതത്തിൽ നോർക്കയുടെ സേവനങ്ങൾ കൊണ്ട് നല്ലൊരു വിഭാഗം പേർക്കെങ്കിലും ഉപകാരമുണ്ടാകുന്ന സ്ഥിതി ഉണ്ടാക്കിയെടുക്കണം. അതിനുതകുന്ന ഭാവനാപൂർണ്ണവും അർത്ഥവത്തുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം.
ആഭ്യന്തര പ്രവാസി മലയാളി സമൂഹത്തിൽ ഒരു ചെറു ന്യൂനപക്ഷം മാത്രമേ ഭാവിയിൽ കേരളത്തിലേക്കു തിരിച്ചു വന്നു സ്ഥിരതാമസമാക്കാൻ സാധ്യതയുള്ളൂ. അവരുടെ കേരളവുമായുള്ള ബന്ധം മുഖ്യമായും സാമൂഹ്യവും സാംസ്കാരികവുമായ മണ്ഡലങ്ങളിലാവും. അവർക്ക് കേരളവുമായുള്ള ആ ബന്ധം നിലനിർത്താനും, കേരള സമ്പദ്ഘടനയ്ക്ക് ആഭ്യന്തര പ്രവാസികളിൽ നിന്നും പ്രത്യക്ഷമായും ത്തിലും പരോക്ഷമായും ലഭിക്കുന്ന നേട്ടങ്ങൾ തുടരാനും കേരള സമൂഹത്തെയും ആഭ്യന്തര പ്രവാസികളെയും ഒരുമിപ്പിച്ചു നിർത്താൻ ഉതകും വിധത്തിൽ ക്രിയാത്മമായ പ്രവർത്തനങ്ങളും അതിനാവശ്യമായ ഭരണകൂട സംവിധാനങ്ങളും ഉയർന്നു വരേണ്ടതുണ്ട്.
Reference
1. Census of India (2001), Data Highlights - Migration Tables D1, D1 (appendix), D2 and D3 Tables, Ministry of Statistics & Programme Implementation, Government of India.
2. Deepak M.J (2016), Non-Resident Malayalis in India: Data Sources and Trends, National Seminar on Domestic Malayali Migrants, April 2016, Mumbai.
3. NSSO (2010), Migration in India 2007-08 (July 2007 – June 2008), Report No. 533 (64/10.2/2), Ministry of Statistics & Programme Implementation, Government of India, June 2010.
4. Zacharia, K. C. and Rajan, S. Irudaya (2015), Dynamics of Emigration and Remittances in Kerala: Results from the Kerala Migration Survey 2014, WP 463, Centre for Development Studies, September 2015.
5. അന്യസംസ്ഥാന മലയാളികൾ കേരളത്തോടാവശ്യപ്പെടുന്നത്, മുംബൈ മലയാളി സംയുക്ത സമരസമിതി , ജൂൺ 2016