E-Magazine
ലക്കം: 3
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
സെപ്‌റ്റംബർ 2017
     
 
 
  Cover Page  
മൊബൈൽ ഫോൺ
വിൽസൺ

ഒരു കഥയുടെ തുടക്കം മാത്രം ആവർത്തിച്ചാവർത്തിച്ച് വന്നുകൊണ്ടിരിക്കുമ്പോൾ കഥാകൃത്തും മുഖ്യകഥാപാത്രവുമായ സുകുമാരൻ നായർ സംഘർഷഭരിതനാവുക സ്വാഭാവികമാണല്ലോ. ഇത്തരം അവസരങ്ങളിൽ കഥയെങ്ങനെ ആവുമെന്നു ചിന്തിച്ചു വിഷമിക്കുന്നതിനേക്കാൾ നല്ലത് കഥയെ അതിന്റെ വഴിക്കുവിടുകയാണല്ലോ. കഥയുടെ തുടക്കം ഇങ്ങനെയാണ് .
സുകുമാരൻ നായർക്ക് ഓഫീസാവശ്യത്തിന് ദൂരെ ഒരു പട്ടണത്തിലേക്ക് പോകേണ്ടി വന്നു. ആ പട്ടണത്തെ ഒരു പേരിട്ടുവിളിക്കാമെന്നല്ലാതെ ആ പേരിനു മറ്റൊരു പ്രസക്തിയുമില്ലാത്തതുകൊണ്ട് പേരു പറയുന്നില്ല . പേരു മറന്നു പോയി എന്നതാണു സത്യം. പക്ഷേ, സുകുമാരൻ നായർ അവിടെ ജോലി ചെയ്തിട്ടുണ്ട്. ഒരുപക്ഷേ അതു തന്നെയാകും തന്നെത്തനെ അങ്ങോട്ടയക്കാൻ കാരണം എന്ന് സുകുമാരൻ നായർ കരുതി.
യാത്രക്കുള്ള ഒരുക്കങ്ങൾക്കിടയിൽ മൊബൈൽ ഫോൺ എടുക്കണമെന്ന് ഭാര്യ പ്രത്യേകം ഓർമ്മപ്പെടുത്തിയിരുന്നു. യാത്രാ സമയത്ത് മൊബൈൽ ഫോൺ നഷ്ടപ്പെടാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓരോ ഉപയോഗത്തിനുശേഷവും പാന്റിന്റെ പോക്കറ്റിലാണോ അതോ ഫോൺ സൂക്ഷിക്കാൻ പ്രത്യേകം വാങ്ങിച്ച പൗച്ചിലാണോ സൂക്ഷിക്കേണ്ടത് എന്ന് കുറച്ചാലോചിക്കേണ്ടി വന്നുഎന്നല്ലാതെ വിലപിടിപ്പുള്ള ഒ രുവസ്തുവിനെപ്പോലെ സൂക്ഷിക്കപ്പെട്ടാണ് കൊണ്ടുപോകപ്പെട്ടതെന്ന് അയാൾ ഓർക്കുന്നു. പട്ടണത്തിൽ സാമാന്യം ഭേദപ്പെട്ട ഹോട്ടലിലാണ് റൂമെടുത്തത്. മുറിയിൽ എത്തിയതിനു ശേഷം വീട്ടിലേക്കുവിളിക്കാൻ ആ ഫോൺ തന്നെയാണ് ഉപയോഗിച്ചതെന്ന് ഇപ്പോഴും അയാൾ ഓർക്കുന്നു.
പിന്നെ എപ്പോഴാണതു കാണാതായത് ?
ഓഫീസിലേക്കുള്ള യാത്രാ സമയത്ത് ഫോൺ കൈവശം വച്ചിരുന്നു. അവിടെ ഫോൺ അനുവദനീയമല്ലെന്ന് ഊഹിച്ചെടുക്കാൻ അയാൾക്കു കഴിഞ്ഞില്ല. അയാൾ അവിടെ ജോലി ചെയ്തിരുന്ന സമയത്ത് മൊബൈൽ ഫോൺ പ്രചാരത്തിലുണ്ടായിരുന്നില്ല. പരിചയക്കാരായ സെക്യൂരിറ്റി ജീവനക്കാരെ ആരെയെങ്കിലും തിരയുകയല്ലതെ മറ്റൊരു പരിഹാരവും തോന്നാത്തതു കൊണ്ട് ജാള്യത നിറഞ്ഞ ചിരിയോടെ അയാൾ ജോസഫ് തോമസ്സിനെ തിരക്കി. ജോസഫ് തോമസ്സിന് അപ്പോഴേക്കും സെക്യൂരിറ്റിഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
അതിനെന്താ സുകുമാരൻ നായരെ, ഫോൺ ഇവിടെ സൂക്ഷിച്ചോളാം. നിങ്ങൾ പോയി ട്ടുവരൂ എന്ന് ജോസഫ് തോമസ് പറഞ്ഞത് അയാൾ ഇപ്പോഴും ഓർ ക്കുന്നു.
അഡ്മിനിസ്ടേറ്റീവ് ഓഫീസറുടെ പെരുമാറ്റം പക്ഷേ വിചിത്രമായിരുന്നു. ഇപ്പോൾ ഈ ഫയലുമായി നിങ്ങൾ വരേണ്ടിയിരുന്നില്ല ഈഫയൽ ഇവിടെ ഉണ്ടായിരുന്നല്ലോ സുകുമാരൻ നായരെ എന്ന് പറഞ്ഞതെന്തിനാണെന്ന് അയാൾ ക്കു മനസ്സിലായില്ല. പതിവിനു വിപരീതമായി വിചിത്രമായ ഒരുദാരത അയ്യാളുടെ പെരുമാറ്റത്തിലുണ്ടെന്ന് സുകുമാരൻ നായർക്കു തോന്നി.
ജോസഫ് തോമസ്സിന്റെയടുത്തു നിന്നും ഫോൺ വാങ്ങിച്ച് തിരിച്ചു പോന്നാൽ എല്ലാം ശുഭമായി പര്യവസാനിക്കുമായിരുന്നു. കാര്യങ്ങൾ അപ്പാടെ തിരിഞ്ഞു മറിഞ്ഞതവിടെയാണ്?
തിരിച്ച് സെക്യൂരിറ്റിയിൽ എത്തിയപ്പോൾ കഥ മാറുകയാണ്.
ജോസഫ് തോമസ് എന്ന സെക്യൂരിറ്റി ഓഫീസർ അവിടെ ഇല്ല എന്ന് സെക്യൂരിറ്റിയിൽ ഉണ്ടായിരുന്നവർ ആണയിട്ടു. ഡൊമിനിക്ക് ഡിസൂസ്സ ആയിരുന്നു അപ്പോൾ അവിടത്തെ സെക്യൂരിറ്റി ഓഫീസർ. ഞാൻ ഇവി ടെ ഒരു ഫോൺ സൂക്ഷിക്കുവാൻ തന്നിരുന്നല്ലോ എന്ന് തികച്ചും അപരിചിതനായ ഒരാളോട് ചോദിക്കാൻ അയാൾക്കു മനസ്സുവന്നില്ല. അയാൾ ഹോട്ടൽ മുറിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു.
തിരിച്ചുള്ളയാത്രയിൽ പുറംകാഴ്ച്ചകൾ അപരിചിതമാകുന്നതായി അയാൾക്കു തോന്നി. ഒരുവലിയ വളവുതിരിയുമ്പോൾ ഒരു കത്തോലിക്ക പള്ളി, അതിനോടു ചേർന്ന് ഒരു കല്യാണ മണ്ഡപം, പി ന്നെ കുറെ വെളിമ്പ്രദേശം ഇതൊക്കെ അയാൾ തേടിയെങ്കിലും ഒന്നും കണ്ടില്ല .വണ്ടി ഒരുപക്ഷേ തനിക്കപരിചിതമായ ഒരു പുതിയ റൂട്ടിലൂടെയാണ് പോകുന്നതെന്ന് അയാൾ സമാധാനിച്ചു.തിരിച്ച്
റൂമിലെത്തിയപ്പോൾ മോബൈൽ ഫോൺ വീണ്ടും അയാളെ അസ്വസ്ഥനാക്കാൻ തുടങ്ങി. മൊബൈൽ ഫോൺ എവിടെയാണ് മറന്നു വച്ചതെന്ന് അയാൾക്കോർത്തെടുക്കാൻ കഴിഞ്ഞില്ല. എങ്കിലും വീണ്ടും ഓഫീസിൽ പോയി സെക്യൂരിറ്റിയിൽ തിരക്കാൻ അയാൾ തീരുമാനിച്ചു .ആപ്പോഴേക്കും അയാൾ തന്റെ വീടിന്റെ ഫോൺ നമ്പറും മറന്നു കഴിഞ്ഞിരുന്നു.ഭാഗ്യത്തിന് അയാൾക്ക് തനിക്കു പോകേണ്ട ഓഫീസ് ഓർമ്മയുണ്ടായിരുന്നു. സംസ്ഥാനാന്തര രാജപാതയിലൂടെ ഏകദേശം അരമണിക്കൂർ യാത്രചെയ്താൽ ഒരു ചെറുപട്ടണത്തിൽ എത്തിച്ചേരും. അവിടെനിന്നും ഒരു കിലോമീറ്റർ നടന്നാൽ സ്ഥാപനത്തിന്റെ വലിയ ബോർഡു കാണാം. പിന്നെ ഇടത്തോട്ടുള്ള പാതയിലൂടെ 500മീറ്റർ നടന്നാൽ മതി. പോരാത്തതിന് ഇടത്തോട്ടു ള്ള പാതയു ടെ ആരംഭത്തിൽ ഹൈവേയുടെ ഓരത്ത് വലിയവയറും ദേഹമാസകലം രോമവുമുള്ള ഒ രു മധ്യവയസ്കന്റെ ചായക്കടയുണ്ട്. സുകുമാരൻ നായർ അവിടെനിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. മധ്യവയസ്കന്റെ ഭാര്യ സദാ ദൈന്യഭാവത്തൊടെ ഹോട്ടലിലെത്തുന്നർക്ക് ഭക്ഷണം വിളമ്പിക്കൊണ്ടിരുന്നു. പാചകവും അവർ തന്നെയാവണം ചെയ്യുന്നതെന്ന് അവരുടെ മുഷിഞ്ഞതും കരിപിടിച്ചതുമായ വസ്ത്രം കണ്ടപ്പോൾ അയാൾ ഊഹിച്ചു.
അയാൾ ആ ചെറുപട്ടണത്തിൽ ബസ്സിറങ്ങി. പിന്നെ സ്ഥപനത്തിന്റെ വലിയ ബോർഡു ലക്ഷ്യമാക്കി മുന്നോട്ടു നടന്നു. കൂടിയാൽ അരമണീക്കൂർ നടന്നാൽ ലക്ഷ്യത്തിലെത്താം. ഇപ്പോൾ അയാൾ ഒരു മണിക്കൂറിലേറെയായി നടക്കുകയാണ്. പാത വിജനമായിരുന്നു. വലിയ വേഗത്തിൽ വാഹനങ്ങൾ പോയിക്കൊണ്ടിരുന്നു. അയാൾ അസ്വസ്ഥനായി. സ്ഥാപനത്തിന്റെ വലിയ ബോർഡോ മധ്യവയസ്കന്റെ ചായക്കടയോ അയാൾ കണ്ടില്ല.
അയാളുടെ ഭാഗ്യത്തിന് കുറച്ചകലെ ഒരുഹോട്ടൽ ഉണ്ടായിരുന്നു. അയാൾ ഹോട്ടലിലെത്തി തെല്ലു പരിഭ്രമത്തൊടെ സ്ഥാപനത്തേപ്പറ്റി ഹോട്ടലിലെ ജീവനക്കരോട് തിരക്കി. അങ്ങനെയൊരു സ്ഥാപനത്തെപ്പറ്റി അവർ കേട്ടിട്ടേ ഉണ്ടായിരുന്നില്ല.
പിന്നെയൊന്നും സുകുമാരൻ നായർ ഓർക്കുന്നുണ്ടായിരുന്നില്ല.
ഇപ്പോൾ മൊബൈൽ ഫോൺ നിർത്താതെ അടിക്കുന്നുണ്ട്. ഒപ്പം ഭാര്യയുടെ ശകാരവും.
"നിങ്ങൾക്കാ ഫോണെങ്കിലും ഒന്നെടുത്തുകൂടെ?"


  Content  
  എഡിറ്റോറിയൽ  
  പ്രവാസിയുടെ ഓണം - ബോംബെയിലും
മുംബൈയിലും
എ. വേണുഗോപാലൻ
 
  ഓണം എന്റെ കാഴ്ചപ്പാടിൽ
രാജി വിദ്യാനന്ദൻ
 
  Feast O’ Feast ! ! !
Dr. K. V. Vimalnath
 
  ഓണനിലാവ്
ആശാമോൾ എൻ. എസ്
 
  അമീബ
കണക്കൂർ സുരേഷ്കുമാർ
 
  ഇതര സംസ്ഥാന മലയാളികൾ-കേരളമെന്ന
‘ആശയം’ പ്രചരിപ്പിക്കേണ്ടവർ
കെ.കെ പ്രകാശൻ, ദീപക് പച്ച
 
  കുറുവരികൾ
പി. വിശ്വനാഥൻ
 
  മൊബൈൽ ഫോൺ
വിൽസൺ
 
  Cancer, I wish it had a name...
like an 'Apple' or a 'Strawberry' !
Prathibha Pradosh
 
  ഇരുൾ രൂപം
കീഴാറൂർ ചന്തു
 
  ട്രാൻസ്പോർട്ടേഷൻ പ്രോബ്ലം
പത്മകുമാർ
 
  QUIZ TIME AFTER THE BREAK !
Dr. P. Harikumar
 
  നേരം
ബോബി വത്സരാജ്
 
  രണ്ടു ചെറുകഥകൾ
നോബിൾ ജേക്കബ്ബ്
 
  നേട്ടവും നഷ്ടവും
മായാദത്ത്