അനുഭൂതിധന്യമാം ഈമരത്തണലിൽ ഞാൻ
തലചായ്ച്ചുറങ്ങിയല്പനേരം,
അഴലിന്റെ തെല്ലംശമില്ലാത്ത ഈ പുഴയിൽ
നീരാടി ഞാനല്പനേരം
എഴുതാത്ത കാവ്യത്തിൻ വരികളിലെവിടെയോ-
ഇടയുന്ന പതിരായി ജീവൻ
ഇരുളാണ്ട വഴിത്താരകളിലെവിടെയോ
ഒരു മിന്നാമിനുങ്ങായി നീയും
കരളിലെത്തീച്ചൂടിലൊരു ചെറുമഴയായി നീ പെയ്തിറങ്ങിയ നേരം,
കരുതാതെയെത്തിയൊരതിഥിയായ് നീയെൻ
പൊയ്കയിൽ നീന്തിത്തുടിച്ചൽപ്പനേരം
അറിയാതെ നിൻ വിരൽത്തുമ്പിൽ ഞാൻ
ഒരു കാവ്യ ശകലം തൊട്ടറിഞ്ഞ നേരം
അണിവിരലിൽ ഒരു ചെറുമോതിരമായ്
പതിഞ്ഞുറങ്ങാൻ മോഹിച്ചതെന്തേ?
അനുരാഗമഴയിൽ ഞാൻ നനഞ്ഞുനിന്നൊരാ നേരം,
ഒരു പുൽനാമ്പിലെ അമൃതതുള്ളിയായ് നീയെൻ
മിഴികളെത്തണുപ്പിച്ച നേരം നീ,
അരികിൽ നമ്രമുഖിയായതെന്തേ?
ഒരു നിമിഷം തരൂ നിന്നെപ്പുണരാൻ
എൻ ജീവൻ തരാം പകരം ഞാൻ
ഒരു ഹിമകണമായ് നിന്നിലലിയുവാൻ
എൻമനം വെമ്പുന്ന നേരം
നീയറിയുന്നുവോ നിന്നെ ഞാനെന്റെ
ആത്മാവിനെക്കാളേറെയിഷ്ടപ്പെടുന്നു പ്രിയേ…