ഫ്ലാറ്റിനു മുകളിൽ
ഇത്തിരി വട്ടത്തിൽ മാത്രം
നീലാകാശം കണ്ടപ്പോൾ
ഓർമ്മകൾ എന്നിലേക്കിറങ്ങി വന്നു
എനിക്കു മുന്നിലൂടെ
ഓണക്കോടിയുടുത്തു
കുഞ്ഞു കാലുകൾ വച്ച്
ഞാൻ നടന്നു പോയി.
എന്റെ വലം കൈ
കൊച്ചേച്ചിയുടെ
മുതിർന്ന കൈക്കുള്ളിലായിരുന്നു.
ഞങ്ങൾ പേരറിയാത്ത
തടിച്ച മരങ്ങൾ
തിങ്ങി നിറഞ്ഞ സർപ്പക്കാവിലൂടെ
പുഴയോരത്തേക്കു നടന്നു.
അവിടെ പുഴവക്കിലെ
ചരൽക്കല്ലുകൾക്കിടയിലായ് ഉരുളൻ കല്ലുകൾക്കായി
ഞാൻ തേടിയലഞ്ഞപ്പോൾ
കൊച്ചേച്ചി സ്വപ്നത്തിൽ മുഴുകി
പുഴയോരത്തെ പാറക്കല്ലിലിരിക്കുകയായിരുന്നു.
ചേച്ചിയ്ക്ക് പുഴയുടെ സംഗീതം
ഇഷ്ടമാണെന്നെനിക്കറിയാമായിരുന്നു.
ഒടുവിൽ സന്ധ്യയാകാൻ തുടങ്ങിയപ്പോൾ
സർപ്പക്കാവിലൂടെ
ഭയന്നും വിറച്ചും
ഞങ്ങൾ നാലുകെട്ടിന്റെ ഇരുളറയിലെത്തി.
അവിടെ മുറുക്കാൻ ചവക്കുന്ന മുത്തശ്ശി
എനിക്കായ് കഥയുടെ
വർണ്ണച്ചെപ്പു തുറന്നു.
രാജകുമാരനോടൊപ്പം
നിധി തേടിയലഞ്ഞ്
തളർന്നുറങ്ങിയുണർന്നപ്പോഴേക്കും
ഞാനൊരു മുതിർന്ന കുട്ടിയായിരുന്നു.
പിന്നീട്, രാജനോടും ഗീതയോടുമൊപ്പം
ചളിവെള്ളം തെറിപ്പിച്ച്,
മഴ നനഞ്ഞ് സ്കൂളിലേക്ക് പോകാൻ തുടങ്ങി.
തുമ്പപ്പൂവും കാക്കാപ്പൂവും
കൃഷ്ണകിരീടവും
തേക്കിലക്കുമ്പിളിൽ
പറിച്ചെടുത്ത്
പൂ മണമുള്ള ഓണക്കാലത്തിലൂടെ
നടന്നു നടന്ന് ഞാൻ വളർന്നപ്പോൾ
നേട്ടത്തിന്റെ പട്ടികയിൽ
വലിയ പട്ടണത്തിലെ ജോലിയും
സ്ഥാനമാനങ്ങ ളുമുണ്ടായിരുന്നു.
നഷ്ടത്തിന്റെ പട്ടികയിൽ
മുത്തശ്ശിയും നാലുകെട്ടും
സർപ്പക്കാവും
പാടുന്ന പുഴയും
ഓണനിലാവും
പിന്നെ,
ഇവയെയൊക്കെ
ഒരുപാടിഷ്ടപ്പെട്ടിരുന്ന
എന്റെ മനസ്സുമുണ്ടായിരുന്നു.