E-Magazine
ലക്കം: 3
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
സെപ്‌റ്റംബർ 2017
     
 
 
  Cover Page  
ഇരുൾ രൂപം
കീഴാറൂർ ചന്തു

“മാഡം ഇറങ്ങുന്നില്ലേ”
ഡ്രൈവറുടെ ശബ്ദം കേട്ട് അവൾ ഞെട്ടി ഉണര്‍ന്നു. ഓഫീസ് എത്തിയത് ഇന്നും അവൾ അറിഞ്ഞതേ ഇല്ല. ഇതിപ്പോൾ പതിവാണ്, ഓഫീസ് ബസ്സിൽ ഇരുന്നൊരു ഉറക്കം. രാത്രി വൈകി ഉറങ്ങിയതിന്റെ കണക്കുതീര്‍ക്കൽ.
അയാൾ ഇന്നും അവിടെ തന്നെ നില്‍പ്പുണ്ട്...ബസ്സിലേയ്ക്ക് തുറിച്ചു നോക്കിയുള്ള നില്‍പ്പ്. അവള്‍ക്കാകെ അസ്വസ്ഥത തോന്നി. ഇയാളുടെ ഈ കാത്തു നില്‍പ്പു കാരണം ഓഫീസിൽ വരാൻ തന്നെ തോന്നാണ്ടായിരിക്കുന്നു. ഒരു നരച്ച കാക്കി വേഷം – അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്റെ ഭാവം. അവൾ പുച്ഛത്തോടെ മുഖം തിരിച്ചു.
ഇതിനു മുന്‍പുണ്ടായിരുന്ന നേപ്പാളി വാച്ച്മാൻ റിട്ടയർ ആയതിനു ശേഷമാണ് ഇയാൾ വന്നത്. പൊതുവേ ഇടിച്ചുകേറി സംസാരിക്കുന്നവരോട് അവള്‍ക്കു പണ്ടേ മതിപ്പ് കുറവാണ്. ഇയാള്‍ക്കാണെങ്കിലോ അതൊരു ശീലവും.
“മാഡം ഇന്ന് നേരത്തെയാണല്ലോ ...”
അവൾ ഒന്നും മിണ്ടാൻ പോയില്ല.
“ധൃതിയിലാവും അല്ലെ പോയിക്കോളു.”
ഇയാൾ വിട്ടില്ലെങ്കിൽ തനിക്ക് ഇന്ന് ജോലിക്ക് കേറാൻ പറ്റാത്തത് പോലെ! അനുവാദം തരുന്ന പോലെയാണ് കിഴവന്റെ മട്ട്. ഇന്നത്തെ ദിവസ്സവും പോയി...
”മടുത്തു ഈശ്വരാ”.... അവൾ പിറുപിറുത്തു.
എന്തേ ആള്‍ക്കാർ ഇങ്ങനെ? ഒരാളിന് ഒരു കാര്യം ഇഷ്ടമില്ല എന്നുള്ളത് അവരുടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയില്ലേ! അവൾ ധൃതി വച്ച് ഗേറ്റ് കടന്നു. ഇഷ്ടമില്ലാത്ത സാഹചര്യങ്ങളിലെല്ലാം അവള്‍ക്ക് ഒരു അനാവശ്യ ധൃതി ഉണ്ടെന്ന് അമ്മ എപ്പോഴും പറയും. ശരിയാണ്, കുഞ്ഞിലേ അവൾ സൃഷ്ടിച്ച ഒരു പ്രതിരോധ വിദ്യ ആണിത്. വടക്കതിലെ സുമതി ചേച്ചിയുടെ ഗള്‍ഫ് ഭര്‍ത്താവിന്റെ കടന്നുകയറ്റങ്ങളിൽ നിന്നും ഈ വേഗത എത്രയോ തവണ തന്നെ രക്ഷിച്ചിരിക്കുന്നു.
ഇതുപോലൊരു ഓഫീസിന് എന്തിനാ ഇങ്ങനെ ഒരു വാച്ച്മാൻ! അയാളുടെ മകളുടെ പ്രായമേ ഉണ്ടാകു തനിക്ക്. എന്നിട്ടും ഒരു തറ പഞ്ചാര വര്‍ത്താമാനം. ഒന്ന് രണ്ടു തവണ വിചാരിച്ചതാണ് മാനേജരേ കണ്ടു പരാതി പറയണമെന്ന്.
കഴിഞ്ഞ ചൊവ്വാഴ്ച ലഞ്ചിനു കാന്റീനിൽ പോകുമ്പോൾ തൊട്ടു പിന്നിൽ ഇയാൾ, ദിവസ്സങ്ങളായി ഇടുന്ന മുഷിഞ്ഞ വസ്ത്രത്തിൽ വിയര്‍പ്പിന്റെ ഉപ്പു പാടുകൾ ഭൂപടങ്ങൾ തീര്‍ത്തിരിക്കുന്നു. അടുത്തുവരുമ്പോൾ വിയര്‍പ്പിന്റെ ഗന്ധം.
ഇയാള്‍ക്കിത്തിരി ബോഡി സ്പ്രേ വാങ്ങി ഉപയോഗിച്ചാലെന്താ ...ചോദിച്ചില്ല
വഴി നീളെ ചോദ്യങ്ങളായിരുന്നു...എന്തിനു പഠിച്ചു.. വീട്ടിലാരൊക്കെയുണ്ട്... അധികം ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞില്ല. താല്‍പ്പര്യമില്ലായ്മ മനസ്സിലായെന്നു തോന്നി. അയാൾ എണീറ്റു പോയി.
എന്താ ആള്‍ക്കാരിങ്ങനെ അവൾ ഓര്‍ത്തു. ഒരു ദിവസ്സം സുപ്രണ്ട് സുകുമാരൻ സാറിനോട് ഇയാളെ പറ്റി പറഞ്ഞു, സാറും പറഞ്ഞു അയാളുടെ പെരുമാറ്റം അത്ര നല്ലതല്ലെന്ന്. പ്രത്യേകിച്ച് സ്ത്രീകളോട്. സാറും അയാളെ ശ്രദ്ധിക്കാറുണ്ടത്രേ. ഒരു ദിവസ്സം ഞാനതങ്ങു തുറന്നു പറയും - എനിക്ക് ഈ കുശലന്വേഷണം അത്ര ഇഷ്ടമല്ലെന്ന്.
മനുവിനോട് ഇന്നലെ ചാറ്റ് ചെയ്തപ്പോൾ ഇയാളെ പറ്റി ഒരു സൂചന കൊടുത്തു, വേണമെങ്കിൽ ഓഫീസിൽ വന്നു അയാള്‍ക്കൊരു താക്കീതു കൊടുക്കമെന്നേറ്റു അവൻ. ചിലപ്പോഴൊക്കെ മനു വളരെ പോസ്സെസ്സീവ് ആയ ഒരാളെപ്പോലെ തോന്നും. ഒരുതരം ഓവർ പ്രോട്ടെക്ടിംഗ്.
ഓഫീസിനുള്ളിലെ ശീതീകരിച്ച മുറിയിൽ ദിനകര സഞ്ചാരം അവൾ അറിയാറേ ഇല്ല, അല്ലെങ്കിലും സുമ മാഡം പ്രസവ അവധിയിൽ പ്രവേശിച്ചതിനു ശേഷം പിടിപ്പതു ജോലിയുണ്ട്.
വാച്ച് നോക്കി... സമയം ആറു മണി കഴിഞ്ഞിരിക്കുന്നു മറ്റു ഡസ്ക്കുകൾ എല്ലാം ഒഴിഞ്ഞിരിക്കുന്നു. പ്യൂൺ പോലും സ്ഥലം വിട്ടിരിക്കുന്നു. ഇനി താക്കോൽ കൊടുക്കാൻ അയാളുടെ അടുത്ത് തന്നെ പോകണം. അതോര്‍ത്തപ്പോൾ തന്നെ അവളുടെ മനസ്സിൽ വല്ലാത്തൊരു മടുപ്പ് വന്നു നിറഞ്ഞു.
പെട്ടെന്നാണ് കറണ്ട് പോയത്, രാത്രി പ്രവര്‍ത്തനമില്ലാത്ത ഓഫീസ് ആതിനാൽ എമര്‍ജന്‍സി ലൈറ്റും ഇല്ല. ആകെ ഇരുട്ടായിരിക്കുന്നു. എന്തോ കരിയുന്ന മണം...
പുക കൊണ്ട് ശ്വാസം മുട്ടുന്നു. അവൾ അലറി വിളിച്ചു.
“തീ... തീ...”
ശബ്ദം തൊണ്ടയിൽ കുടുങ്ങുന്നു. കറുത്ത കട്ട പുക യമരൂപം പൂണ്ട് എത്തിയിരിക്കുന്നു. ആസന്നമായ മൃത്യുവിലേക്ക് അവൾ കണ്ണടച്ചു...ഇരുട്ട് സര്‍വത്ര ഇരുട്ട്.
“കുഞ്ഞേ...കുഞ്ഞേ..”
അയാളുടെ ശബ്ദം.... ഓഹോ മരിച്ചാലും ഇയാൾ മനസ്സമാധാനം തരില്ലേ? കൂടെ പോന്നെന്നാ തോന്നണെ. മുഖത്ത് വരുത്താവുന്നതിൽ ഏറ്റവും വലിയ വിദ്വേഷം വരുത്തി അവൾ അയാളെ നോക്കി, വ്യക്തമാകുന്നില്ല മുഖം... ശരീരമാകെ നീറുന്നു. അയാളുടെ കൈകള്‍ക്കുള്ളിലാണ് താനിപ്പോൾ.
“ഒന്നും പറ്റിയിട്ടില്ല കുഞ്ഞേ.... സാധാരണ പോകുന്ന നേരമായിട്ടും കാണാഞ്ഞിട്ട് ഞാൻ തിരക്കി ഇറങ്ങിയതാ...”
പുകയുടെ ഇരുളിൽ പിതൃ രൂപമായ് അയാൾ.

  Content  
  എഡിറ്റോറിയൽ  
  പ്രവാസിയുടെ ഓണം - ബോംബെയിലും
മുംബൈയിലും
എ. വേണുഗോപാലൻ
 
  ഓണം എന്റെ കാഴ്ചപ്പാടിൽ
രാജി വിദ്യാനന്ദൻ
 
  Feast O’ Feast ! ! !
Dr. K. V. Vimalnath
 
  ഓണനിലാവ്
ആശാമോൾ എൻ. എസ്
 
  അമീബ
കണക്കൂർ സുരേഷ്കുമാർ
 
  ഇതര സംസ്ഥാന മലയാളികൾ-കേരളമെന്ന
‘ആശയം’ പ്രചരിപ്പിക്കേണ്ടവർ
കെ.കെ പ്രകാശൻ, ദീപക് പച്ച
 
  കുറുവരികൾ
പി. വിശ്വനാഥൻ
 
  മൊബൈൽ ഫോൺ
വിൽസൺ
 
  Cancer, I wish it had a name...
like an 'Apple' or a 'Strawberry' !
Prathibha Pradosh
 
  ഇരുൾ രൂപം
കീഴാറൂർ ചന്തു
 
  ട്രാൻസ്പോർട്ടേഷൻ പ്രോബ്ലം
പത്മകുമാർ
 
  QUIZ TIME AFTER THE BREAK !
Dr. P. Harikumar
 
  നേരം
ബോബി വത്സരാജ്
 
  രണ്ടു ചെറുകഥകൾ
നോബിൾ ജേക്കബ്ബ്
 
  നേട്ടവും നഷ്ടവും
മായാദത്ത്