അമളി
ഞാൻ ഒരിക്കൽ അതിരാവിലെ 6 മണിക്ക് മിലാനിൽ നിന്നും വെനീസിലേക്കു ട്രെയിൻമാർഗം യാത്രചെയ്യുക ആയിരുന്നു. നേരം വെളുത്തിരുന്നില്ല. ഞാൻ കയറിയ കംപാർട്മെന്റിൽ അധികം ആൾക്കാർ ഉണ്ടായിരുന്നില്ല. ഞാൻ ആ കംപാർട്മെന്റിന്റെ ഏകദേശം മധ്യഭാഗത്തായി ഒരുസ്ത്രീയുടെ അഭിമുഖമായി ഇരുപ്പുറപ്പിച്ചു.
കുറച്ചുസമയം കഴിഞ്ഞു വാഷ്റൂമിൽപോകണം എന്ന് എനിക്ക് തോന്നി. എന്റെ കൈയിൽ ഒരുബാഗ് ഉണ്ടായിരുന്നു, അതിൽ വിലപിടിപ്പുള്ള പലസാധനങ്ങളും ഉണ്ടായിരുന്നു. ഒരുനിമിഷം ഞാൻ ചിന്തിച്ചു ബാഗ് സീറ്റിൽ വെച്ചിട്ടുപോകണമോ അതോ വാഷ്റൂമിൽ കൂടെകൊണ്ടു പോകണമോ എന്ന്. (ആ സ്ത്രീ എങ്ങാനും ബാഗ് എടുത്തുകൊണ്ടുപോകുമോ എന്ന് ഞാൻ ഭയന്നു). ഒരു ദീർഘദൂര ട്രെയിൻ ആയിരുന്നതിനാലും എനിക്ക് ഇറങ്ങുന്നതിനു മുൻപ് കുറെ സ്റ്റോപ്പുകൾ ഉള്ളതിനാലും ബാഗ് അവിടെ വെച്ചിട്ട് ഉടൻ വരാം എന്ന് കരുതി ഞാൻ വാഷ്റൂമിൽ പോയി.
ഒരു മിനിട്ടിനുള്ളിൽ തന്നെ ഞാൻ വാഷ്റൂമിൽനിന്നും തിരികെ സീറ്റിൽ വന്നു. ഞാൻ സംശയിച്ചതുപോലെ എന്റെ ബാഗും ആ സ്ത്രീയും അവിടെ ഉണ്ടായിരുന്നില്ല. എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി. ഞാൻ ഒരു നിമിഷം അവിടെ ഇരുന്നു ബോധം വീണ്ടെടുത്തു. എന്നിട്ടു എന്റെ സീറ്റ്നമ്പർ ഒന്നു കൂടി ഉറപ്പുവരുത്തി. "അതെ 34 തന്നെആണ്".
പിന്നീട് ഞാൻ വാഷ്റൂമിന്റെ അടുത്ത് പോയി അൽപസമയം ചിന്തിച്ചു. എന്തായാലും TC യെ കണ്ടുകംപ്ലൈന്റ്റ്ചെയ്തേക്കാം എന്ന് വിചാരിച്ചു എതിർ ദിശയിലേക്ക് നടന്നുനീങ്ങി. അത്ഭുതം എന്ന് പറയെട്ടെ എന്റെ ബാഗും ആ സ്ത്രീയും കംപാർട്മെന്റിന്റെ മദ്ധ്യഭാഗത്തു ഇരിക്കുന്നു. ഞാൻ സീറ്റ്നമ്പർ നോക്കി. അതെ 34 ആണ്.
എനിക്ക് പറ്റിയ അമളിയെ ഓർത്തു ഞാൻ ഇളഭ്യനായി. വാഷ്‌റൂമിൽ നിന്നും ഇറങ്ങിയ ഞാൻദിശമാറി എതിർഭാഗത്തേക്കാണ് പോയത് !!!
ഒരു പെണ്ണ്കാണൽ
ജോലിയുമായുള്ള ബന്ധത്തിൽ, നാട്ടിൽ നിന്നും മുംബൈ നഗരത്തിലേക്ക് ചേക്കേറിയകാലം... ഗ്രാമാന്തരീക്ഷത്തിൽ വളർന്ന എനിക്ക് നഗരജീവിതവുമായി പൊരുത്തപ്പെട്ടുപോകുവാൻ നന്നേ പ്രയാസം ആയിരുന്നു..
ആ സമയത്തു, മുംബൈനഗരത്തിൽ വളർന്ന, മെഡിസിനിൽ ബിരുദമെടുത്ത, ഒരു പെൺകുട്ടിയുടെ വിവാഹാലോചന വന്നു. ആരോഗ്യപരമായ കാര്യങ്ങളിൽ മുൻതൂക്കം കൊടുക്കുന്ന ആൾ ആയതു കൊണ്ട് പെൺകുട്ടിയെ കാണുവാനായി, ഞാൻ ഒരു സുഹൃത്തിനെയും കൂട്ടി അവർ താമസിക്കുന്ന, ദാദറിൽ ഉള്ള ഫ്ലാറ്റിൽ ചെന്നു.
ഒരു മുറിയും ഹാളും മാത്രം ഉണ്ടായിരുന്ന ആ വീടിനുള്ളിലേക്ക് കയറുവാൻ തന്നെ വളരെ പണിപ്പെടേണ്ടിവന്നു. ഞെക്കി ഞെരുങ്ങി ഞങ്ങൾ അടുത്ത് കണ്ട സോഫയിൽ ഇരുപ്പുഉറപ്പിച്ചു.
കുശലാന്വേഷത്തിനുശേഷം, പെൺകുട്ടിയുടെ പിതാവ് അവളെ വിളിച്ചു. ജീൻസും ടീഷർട്ടും ധരിച്ച, കുറച്ചു വണ്ണം ഉള്ള, ഒരു പെൺകുട്ടി കൈയിൽ ഒരു പ്ലേറ്റും ആയി കടന്നു വന്നു. അവളെ നോക്കേണ്ടതിനുപകരം അവളുടെ കൈയിൽ ഇരുന്ന പ്ലേറ്റിലേക്കായിരുന്നു എന്റെ കണ്ണുകൾ പോയത്.
പ്ലേറ്റിൽ നിറയെ സമൂസകൾ ആയിരുന്നു. ആ പ്ലേറ്റ് എന്റെ മുൻപിലേക്ക് നീട്ടിയപ്പോൾ, ഒരു സമൂസയിലെ പുഴുങ്ങിയ ആലൂ (potato), തല ഉയർത്തി എന്നെ നോക്കി കണ്ണ് ഇറുക്കി കാണിച്ചിട്ടു എന്നോടു പറഞ്ഞു "നമുക്ക് എന്നും നല്ല സുഹൃത്തുക്കൾ ആയി ഇവിടെ കഴിയാം".
എനിക്ക് ബോധം നഷ്ടപെടുന്നതുപോലെ തോന്നി. കുറച്ചു സമയം കഴിഞ്ഞു ബോധം വീണ്ടെടുത്തപ്പോൾ ഞാൻ എന്റെ സുഹൃത്തിന്റെ കാതിൽ മന്ത്രിച്ചു "അളിയാ...നമുക്ക് വേഗം ഇവിടെ നിന്ന് ഓടി രക്ഷപെടാം "...