E-Magazine
ലക്കം: 3
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
സെപ്‌റ്റംബർ 2017
     
 
 
  Cover Page  
ട്രാൻസ്പോർട്ടേഷൻ പ്രോബ്ലം
പത്മകുമാർ

(കഴിഞ്ഞ ലക്കത്തിൽനിന്നും തുടർച്ച...)
ടാറ്റ അങ്ങിനെ ഹൈ അവൈലബിലിറ്റി ഫാക്ടറിൽ ഓടുന്ന കാലം. പവർ മാറ്റി, അവൈലബിലിറ്റി ആക്കിയാലെന്താന്നു തോന്നുന്നില്ലേ? ഇപ്പോൾ അവൈലബിലിറ്റിയാണത്രെ പ്രധാനം.
പഴയ പരീക്ഷണന പ്ലാന്റുകൾ എമ്പത്തും തൊണ്ണൂറും അവൈലബിലിറ്റി ശതമാനത്തിൽ ഓടുന്നു. കൺസ്യൂമറെ മാടി മാടി വിളിക്കുന്നു. എന്താണെന്നറിയില്ല, ആരും അടുക്കുന്നില്ല.
കാലത്തെയൊക്കെ വെല്ലുവിളിച്ച് നാൽവർ പട നയിച്ചിരുന്ന കാലം. പട പേടിച്ചു അണുശക്തിയിൽനിന്നു വന്നവർ നമ്മുടെ പന്തം കൊളുത്തിപ്പട കണ്ടു ആർപ്പു വിളിച്ചിരുന്ന കാലം. ആപ്പീസ് മുറിയിലെ പുഷ് ബാക് ശരശയ്യയിൽ, കാലെടുത്തു മേശപ്പുറത്തു വച്ചു നാമിതെല്ലാം കിടക്കിടെ അയവിറക്കാറുണ്ട്.
രാവിലെ സാഹചര്യങ്ങൾ അനുകൂലമായാൽ ഒരു ചായ കുടിക്കുന്ന ശീലം അന്നെല്ലാം എല്ലാർക്കും ഉണ്ടായിരുന്നു. അതായത്, പാൽ അതിരാവിലെതന്നെ പാൽക്കാരൻ പടിക്കൽ കലമുടക്കുന്ന മാതിരി എറിഞ്ഞിട്ടു പോകും. ആദ്യം എണീക്കുന്ന ദേഹം പടിവാതിൽ തുറന്നു നോക്കുമ്പോൾ ഒന്നുകിൽ ഒരു കാക്ക പ്ലാസ്റ്റിക് കവർ കൊത്തിക്കീറി, ചെരിഞ്ഞുകിടന്ന് ബദ്ധപ്പെട്ട് പാൽ കുടിക്കുന്ന കാഴ്ച കാണാൻ ഭാഗ്യമുണ്ടാകും, അല്ലെങ്കിൽ പാൽകവർ അപ്രത്യക്ഷമായിട്ടുണ്ടാകും.

കാക്ക കുളിച്ചാൽ കൊക്കാകില്ലെന്ന് പണ്ടാരോ പാഞ്ഞുതുലച്ചിട്ടുള്ളതുകൊണ്ട്, കാക്ക ലൈൻ ഒന്നു മാറ്റി നോക്കാൻ തീരുമാനിച്ചു. ദിവസവും പാൽ കുടിച്ചാൽ നിറം മാറിയേക്കാമെന്ന് പ്രോബബിലിസ്റ്റിക്കായി അങ്ങോട്ട് അസ്യൂം ചെയ്തു. പ്രാക്ടിക്കലിനായി എന്നും ടാറ്റായുടെ പടിവാതിലിൽ അതിരാവിലേ ഹാജർ വച്ചുപോന്നു. തന്റെ കഴുത്തും കാലും ചാരനിറമായതു കണ്ട്, അസ്സംഷൻ ശരിയായതിന്റെ സന്തോഷത്തിലാണ് ചരിഞ്ഞുകിടന്നുള്ള ഈ പാലുകുടിയെന്ന് ചുരുങ്ങിയ കലത്തെ പക്ഷി നിരീക്ഷണത്തിൽനിന്നും നമുക്കു മനസ്സിലായി. ഇതു മനസ്സിലാക്കിയത്. ഇടയ്ക്കിടെ ഈ കാക്ക താഴെയുള്ള ഒരു സ്കൂട്ടറിൽ കണ്ണാടി നോക്കുന്നത് കണ്ടിട്ടാണ്. പക്ഷി നിരീക്ഷണത്തിൽ നമുക്കുള്ള കൗതുകം തെളിയിക്കാൻ ഇനിയേത് പക്ഷിയെ ഹാജരാക്കണം!
ഒരു ദിവസം ഈയുള്ളവനാണ് വാതിൽ തുറക്കാൻ ഭാഗ്യം കൈവന്നത്. അതാ അത്ഭുതകരയായിരിക്കുന്നു! പ്രോബബിലിറ്റി തിയറി പ്രൂവുചെയ്ത കാക്കയെ മറ്റുള്ളവർക്കു കാട്ടിക്കൊടുക്കാനായി എല്ലാവരെയും ഉണർത്തി. വരിവരിയായി എല്ലാരും, ലോകതത്വങ്ങളെ കിടിലം കൊള്ളിക്കാൻ കരുത്തുള്ള പുതിയ തെളിവ് ആദ്യമായിക്കണ്ട് മൂക്കത്തു വിരൽ വച്ചുപോയി! പബ്ലിഷ് ചെയ്യേണ്ടതെങ്ങിനെയെന്നായി നമ്മുടെ ചിന്ത. "സീയിങ് ഈസ് ബിലിവിങ്ങ്" എന്നല്ലേ പ്രമാണം.
"പപ്പാ, കുറച്ചുകൂടി കിടന്നുറങ്ങ്.” സജീവാണ്. "തനിക്ക് ഇന്നലത്തെ കേട്ട് അഴിയാറായിട്ടില്ല എന്ന് തോന്നുന്നു. ഇതൊരു വെള്ളരിപ്രാവല്ലേ പപ്പാ? മനുഷ്യന്റെ ഉറക്കവും കളഞ്ഞല്ലോ.” കാക്ക വീണ്ടും കുളി തന്നെ ട്രൈ ചെയ്യാമെന്നു തീരുമാനിച്ചിട്ടുണ്ടാകും. അക്കാലത്തൊന്നും ധാത്രി വിപണിയിലിറങ്ങിയിട്ടില്ലെന്ന് ഓർക്കണം.

ഏതായാലും താനിതൊക്കെ കഴുകി, ഒരുകവർ പാല് വാങ്ങി വാ. പോക്കിനിടയിൽ ഇതുതന്നെയായിരുന്നു ആലോചന. ഇന്നലെ കലാപരിപാടികൾ ഒന്നും ഇല്ലാതിരുന്നിട്ടുകൂടി ഇത്തരമൊരു അമളി എങ്ങിനെ പാറ്റി? അപ്പോഴാണ് ഓർത്തത്, ഓഫീസിൽ ബോസുമായുള്ള കമ്പാറ്റബിലിറ്റിക്കുവേണ്ടി വേണ്ടി ദിവസവും ഐക്യു കുറയാനുള്ള ഗുളിക കഴിക്കുന്ന കാര്യം. അതാണ് ഈ ഐഡന്റിഫിക്കേഷൻ പ്രോബ്ലം ഉണ്ടായത്. സമാധാനമായി. അല്ലാതെ കാക്കയുടെ പ്രോബ്ലം ഒന്നുമല്ല. പക്ഷെ, ചില ദിവസങ്ങളിൽ പാൽ കിട്ടാറേയില്ല. അതിനിനിയും സൊല്യൂഷൻ ആയിട്ടില്ല. പാൽക്കാരൻ ആണയിട്ടുപറയുന്നു, അവനെന്നും പാലിടുന്നുവെന്ന്, കേന്ദ്ര ഗവർമെന്റ് അവധി ദിവസങ്ങളുൾപ്പെടെ!
ഒരിക്കൽ, ഒരു ദീനരോദനം കേട്ടാണ് രാവിലെ ഉണർന്നത്. നല്ല പരിചയമുള്ള ശബ്ദം. "നമ്മുടെ വാച്ച്മാന്റെതല്ലേ ഈ ശബ്ദം!” ഈ ശബ്ദം കേട്ട്, കർത്താവാരെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന ജെപി (അതായത് ഏകലവ്യനെപ്പോലെ ശബ്ദം കിറുകൃത്യമായി തിരിച്ചറിയാൻ കഴിയുമെങ്കിലും അസ്ത്രം തൊടുക്കാൻ കഴിയാതെ പോകുന്നത് ഗുരുദക്ഷിണയുടെ കാര്യത്തിലുണ്ടായ കശപിശയാണെന്ന് ജെപി) ആളെക്കാണാതെതന്നെ പാറഞ്ഞു. സംഭവം ശരിതന്നെ, ഒരാൾ കീഴോട്ടുനോക്കി ശരിവച്ചു. അതാ പാൽക്കാരനല്ലേ ഇടി കൊടുക്കുന്നത്? കൊള്ളുന്നത് വാച്ച്മാനും. വാദി പലപ്പോഴും പ്രതി ആകുന്നതുപോലെ.

അല്പനേരത്തിനുശേഷം വാച്ച് മാനെ കോളറിൽതൂക്കി പാൽക്കാരൻ പ്രത്യക്ഷപ്പെട്ടു.
"ഇവനാ സാറേ പാലടിച്ചു മാറ്റുന്നത്. ഇന്നു നാം ഒളിച്ചിരുന്നു കണ്ടുപിടിച്ചതാണ്. ഇവനെ വെളുപ്പിച്ചിട്ടുതന്നെ കാര്യം.”
വാച്ച്മാൻ കരയാൻ തുടങ്ങി. "ബാൽ ബച്ചാ ഹേ സാബ്. ജിന്ദഗീ മേ അഭി കഭി ദൂധ് മത് പീയേഗാ. മാഫീ സാബ്.” അങ്ങിനെ അതും സോൾവ് ആയി.
ഇതിനിടെ നമ്മുടെ ജ്ഞാനപീഠക്കാരന് ഒരു ജോലി തരമായി. ഗ്ലോബൽ ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ട്രാൻസ്പോർട് സൂപ്പർവൈസറായി. ചരക്കുകൾ വിന്ധ്യ ഹിമാചല യമുനാ ഗംഗാ മുതൽ ദ്രാവിഡ ഉത്കല വംഗാ വരേയെത്തിക്കണം. ശമ്പളം കാശായും ഞംഞംമായും കൊടുക്കപ്പെടും. ആദ്യം ഒരുമാസം ട്രെയിനിങ്, അവരുടെ ഹെഡ്ഡാഫീസായ അഹമ്മദാബാദിൽ. അങ്ങിനെ ഒരു ചെലവെല്ലാം ക്രെഡിറ്റിൽ നടത്തി, കമ്പനി വക ടെമ്പോയിൽ അദ്ദേഹം അഹമ്മദാബാദിന് തിരിച്ചു.
അവിടെനിന്നും രണ്ടീസം കഴിഞ്ഞപ്പോൾ ഒരു ഫോൺ വന്നു, ആപ്പീസിലേക്ക്. ഇവിടെ പരമസുഖം. പിന്നെ, എന്നെ അന്വേഷിച്ചാരെങ്കിലും വന്നാൽ ഇല്ലെന്ന് പറഞ്ഞേരെയെന്നും. ഇല്ലെന്ന് നമുക്കും അറിയില്ലേ? പിന്നെന്തിനാണ് കൊച്ചുപിള്ളേരോടുംമറ്റും പറഞ്ഞുകൊടുക്കുന്നമാതിരി? ഇതിനുത്തരം രണ്ടുദിവസത്തിനകം തന്നെ കിട്ടി.
ഒരു വെള്ളിയാഴ്ച ദിവസം ഞങ്ങൾ നിയമം കയ്യിലെടുത്തു പുറത്തിറങ്ങാൻ തുടങ്ങുകയായിരുന്നു. (തെറ്റിദ്ധരിക്കല്ലേ! മൂന്നാലഞ്ചാറ് കുപ്പി ബിയർ എങ്ങിനെ കൊണ്ടുവരും? അതിനായി ഒരു ബിഗ്ഷോപ്പർ വാങ്ങിയിരുന്നു. വെള്ളിയാഴ്ചതോറും ഇത് കയ്യിലെടുക്കുമ്പോൾ നിയമം കയ്യിലെടുക്കുന്നതുപോലെ ഒരു സുഖം തോന്നാറുണ്ടായിരുന്നു) വാതിൽ തുറന്നതും രണ്ട് മാ. പോ (മഹാരാഷ്ട്ര പോലീസ്) പ്രത്യക്ഷ്യപ്പെട്ടു. ഒരു ഫോട്ടോ നോക്കി, നമ്മളെ മാറിമാറി നോക്കി.
"കായ് സാംഗീതല. മാലാ കായ് മൈതി?" എന്നെല്ലാം പറഞ്ഞു. ഫോട്ടോ നമ്മെ കാണിച്ചു. ഇവനെവിടെന്നാണു ചോദ്യം. അഹമ്മദാബാദിലേക്കു കെട്ടിയെടുത്തുവെന്നു പറയാൻ മറാത്തിയിൽ അല്പം ബുധിമ്മുട്ടി. വന്നാലുടൻ സ്റ്റേഷനിലോട്ട് വരാനും പറഞ്ഞുപിടിപ്പിച്ചു.
നിയമം ഞങ്ങൾ താഴെ വച്ചു. എന്താണ് കാര്യമെന്ന് പിടികിട്ടിയില്ല. ഇനീ ഈ കഥാപാത്രത്തെയെങ്ങാനും കാണാതായോ? താഴെച്ചെന്ന് അവന്റെ വീട്ടിലേക്ക് ഫോൺ ചെയ്തു. കുഴപ്പമൊന്നുമില്ല. അവനിന്നലെയും ഫോൺ ചെയ്തിരുന്നുവത്രെ. "പ്രായപൂർത്തിയായവനല്ലേ, വിട്ടുകള,” നമ്മൾ തീരുമാനിച്ചു.

സമാധാനമായി. ഞങ്ങൾ വീണ്ടും വീട്ടിൽ വന്ന് നിയമം കയ്യിലെടുത്തു. വീണ്ടും പുറത്തിറങ്ങാൻ നേരം അരോഗ ധൃഢഗാത്രരായ രണ്ടുപേർ വാതിലിൽ മുട്ടൻ തുടങ്ങുന്നു. പണ്ടത്തെ പവർമാൾട്ടിന്റെ പരസ്യത്തിലും, ഡബ്ലിയു ഡബ്ലിയു എഫിലും മറ്റുമേ ഇത്തരക്കാരെ കണ്ടിട്ടുളളൂ. ലൈവായിട്ട് ആദ്യമായിട്ടാണ്. എന്തര് മസില്.
"ടിയാൻ എവിടെ"? ഇത്തവണ ഹിന്ദിയിലാണ്.
ഒരാൾ നേരെ അകത്തുകയറി. അവന്റെ സൈസിൽ സന്തുഷ്ടരായ നമ്മളാരും തടഞ്ഞില്ല. നാൽവരേയും ഒറ്റക്കൈകൊണ്ട് ക്ലിപ്പിനു പിടിക്കാനുതകുന്ന അവന്റെ കരബലം നമുക്ക് ഈസിയായി സിമുലേറ്റ് ചെയ്യാവുന്നതാവുന്നു. എല്ലാ മുറികളിലും കയറി, അവൻ പുറത്തുവന്നു. "ചലോ, ഉസ്കോ ബോലോ ഹം ആയാഥാ കർക്കേ. ഫിർ മിലേംഗേ. സാലേക്കോ ടയർ നികൽനേക്കാ ക്യാ ജരൂരത് ധാ? ബദ് കിസ്മത് ഹേ ഉസ്കാ, മാലൂം ഹേ? ഉസ്നേ കമ്പനീ ലോറി കാ സാരാ ടയർ നികൽകേ ബേച് ഡാല. ഉല്ലൂകാ പഠാ...."

പിറ്റേന്ന് ഓഫിസിൽ ഫോൺ വന്നു. ഒരു കൈയബദ്ധം പറ്റിയത്രെ. അതായത്, ബുദ്ധിമാനായ ഈയുള്ളവൻ ലോറിയുടെ പിൻഭാഗത്തെ ഉള്ളകത്തെ രണ്ടേ രണ്ട് ടയറാണത്രേ ഊരി വിറ്റ് കാശാക്കിയത്. ഒരു ടയറിൽ മൂവ്വായിരം രൂപാ പോക്കറ്റിൽ. പിന്നെന്താച്ചാ, ഐക്യു കുറവുള്ള ക്ളീനർ ബാക്കി എല്ലാ ടയറുകളും വേറേ വിറ്റത്രേ. പഴയ കട്ടയൊട്ടിച്ച ടയർ ഇട്ടിരുന്നു കേട്ടോ, അല്ലാതെ കട്ടപ്പുറത്തൊന്നുമല്ല.

"ഇത് കമ്പനിക്കാർ എങ്ങനറിഞ്ഞു?" വെറും ക്യൂരിയോസിറ്റി.
ട്രാൻസ്പോർട്ടേഷൻ പ്രോബ്ലം, അതായത് രണ്ടു ടയറുകൾ ഒരേ സമയത് പഞ്ചർ. കാര്യപരിപാടികൾ ഊഹിച്ചെടുക്കാൻ ഇതിൽ എക്സ്പീരിയൻസുള്ള ഒരു മുൻ സൂപ്പർവൈസർ മില്ലീസെക്കന്റുകളെ എടുത്തുള്ളുവത്രേ! ആൾ ക്ളീനറടക്കം തടവിലാണ്. അക്കൗണ്ടുകളൊന്നും മരവിപ്പിക്കാനില്ലാത്തതിനാൽ ആളെത്തന്നെ മരവിപ്പിച്ചുകൊണ്ടിരിക്കുന്നു.


  Content  
  എഡിറ്റോറിയൽ  
  പ്രവാസിയുടെ ഓണം - ബോംബെയിലും
മുംബൈയിലും
എ. വേണുഗോപാലൻ
 
  ഓണം എന്റെ കാഴ്ചപ്പാടിൽ
രാജി വിദ്യാനന്ദൻ
 
  Feast O’ Feast ! ! !
Dr. K. V. Vimalnath
 
  ഓണനിലാവ്
ആശാമോൾ എൻ. എസ്
 
  അമീബ
കണക്കൂർ സുരേഷ്കുമാർ
 
  ഇതര സംസ്ഥാന മലയാളികൾ-കേരളമെന്ന
‘ആശയം’ പ്രചരിപ്പിക്കേണ്ടവർ
കെ.കെ പ്രകാശൻ, ദീപക് പച്ച
 
  കുറുവരികൾ
പി. വിശ്വനാഥൻ
 
  മൊബൈൽ ഫോൺ
വിൽസൺ
 
  Cancer, I wish it had a name...
like an 'Apple' or a 'Strawberry' !
Prathibha Pradosh
 
  ഇരുൾ രൂപം
കീഴാറൂർ ചന്തു
 
  ട്രാൻസ്പോർട്ടേഷൻ പ്രോബ്ലം
പത്മകുമാർ
 
  QUIZ TIME AFTER THE BREAK !
Dr. P. Harikumar
 
  നേരം
ബോബി വത്സരാജ്
 
  രണ്ടു ചെറുകഥകൾ
നോബിൾ ജേക്കബ്ബ്
 
  നേട്ടവും നഷ്ടവും
മായാദത്ത്