“ഹായ് മാഡം! കല്‍ ആപ്കാ ഓണം ഹേ ന?”
ഓഫീസ് ഗേറ്റില്‍ ഐ കാര്‍ഡ് പഞ്ച് ചെയ്തു ധൃതിയില്‍ പുറത്തു കടന്ന എന്നോട് അയാള്‍ ചോദിച്ചു.
"ങ്ങ്ഹാ"
"ഹാപ്പി ഓണം"
"താങ്ക് യു ആന്‍ഡ് സെയിം ടു യു"
"ഓണം കെ ദിന്‍ ആപ് ലോഗ് ഖീര്‍ ബനാതെ ഹൈ ന, ബഹുത് ടെസ്ടി ഹൈ. അസലി മേ ഓണം ക്യാ ഹൈ?
ഹൌ !! ഈ കഥകളൊക്കെ എങ്ങനെ ഇയാളോട് പറയും. കഥകളും ഉപകഥകളുമായി ഒരുപാടു വിസ്തൃതമായ ഒരു ഗവേഷണ വിഷയം തന്നെ ആയിരിക്കുന്നു ഇപ്പോള്‍ മഹാബലിയും അതിനോടനുബന്ധിച്ചുള്ള കഥകളും. എവിടെ നിന്ന് തുടങ്ങും എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍ ഭാഗ്യമെന്നു പറയട്ടെ, പതിവിനു വിപരീതമായി തൊട്ടടുത്തു വന്നു നിന്ന ഓട്ടോയില്‍ കയറി അയാള്‍പോയി. ഒരു വിഷമ സന്ധിയില്‍ നിന്ന് കര കേറിയ ആശ്വാസത്തോടെ ഞാന്‍ മുന്നോട്ടു നടന്നു. അപ്പോഴും ഈ ഓണം എന്താണ് എന്ന അയാളുടെ ചോദ്യം പല്ലിന്റെ ഇടയില്‍ കുരുങ്ങിയ ഉപ്പേരി കഷണം പോലെ എന്റെ മനസ്സിനെ അലോസരപ്പെടുത്തികൊണ്ടിരുന്നു.
മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. ബ്രഹ്മ പൌത്രനും മരീചി പുത്രനുമായ കാശ്യപന് ദിതിയില്‍ ജനിച്ച ഹിരണ്യ കശിപുവിന്റെ പുത്രനായ പ്രഹ്ലാദനില്‍ നിന്ന് വിരോചനും വിരോചനില്‍ നിന്നും ബലിയും ജനിച്ചു. അസുരന്മാരുടെ ചക്രവര്‍ത്തിയായ ബലിയുടെ വളര്‍ച്ചയില്‍ ഭയന്ന ദേവന്മാര്‍, മഹാബലി തന്നെ സ്ഥാനഭ്രഷ്ടനാക്കി സ്വര്‍ഗലോകം തന്നെ കൈയടക്കിയേക്കുമോ എന്ന് ദേവേന്ദ്രനും ആശങ്കയുണ്ടായി. ദേവന്മാര്‍ മഹാവിഷ്ണുവിനെ കണ്ടു സങ്കടം ഉണര്‍ത്തിച്ചതനുസരിച്ചു ഭഗവാന്‍ വിഷ്ണു വാമനനായി മഹാബലിയുടെ അടുത്ത് ചെന്ന് 3 അടി മണ്ണ് ചോദിച്ചതും ശുക്രാചാര്യര്‍ തടഞ്ഞിട്ടും ധര്‍മ്മിഷ്ഠനായ മഹാബലി ദാനം ചെയ്യാന്‍ സമ്മതിച്ചു. രണ്ടു അടികൊണ്ടു ഭൂമിയും സ്വര്‍ഗ്ഗവും അളന്നെടുത്ത് മൂന്നാമത്തെ അടിക്കു തന്റെ ശിരസ്സു തന്നെ നീട്ടി കൊടുത്ത മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നു പ്രൈമറി ക്ലാസ്സില്‍ പഠിച്ച കഥയും അതിനോടൊപ്പമുള്ള കുടവയറന്‍ പാവം മാവേലിയും എത്ര പണിപ്പെട്ടിട്ടും മനസ്സില്‍ നിന്ന് പിടിച്ചു മാറ്റാന്‍ പറ്റുന്നില്ല. പിന്നീടു വലുതായപ്പോള്‍ എവിടെയൊക്കെയോ വായിച്ചു. കഥയുടെ ട്വിസ്റ്റ്. മഹാബലി തികഞ്ഞ വിഷ്ണു ഭക്തനാണ് തന്റെ ഭക്തനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താന്‍ മാത്രം ദുഷ്ടനല്ല ഭഗവാന്‍. മഹാബലിയുടെ ഭക്തിയില്‍ സന്തുഷ്ടനായ ഭഗവാന്‍, തന്റെ പാദ സ്പര്‍ശത്താല്‍ മുക്തി നല്‍കി, സ്വര്‍ഗത്തിനേക്കാള്‍ സമ്പത്സമൃദ്ധമായ സുതലത്തിലേക്കാണ് പറഞ്ഞയച്ചതെന്നും അവിടെ മഹാബലി സന്തുഷ്ടനായി, ചിരഞ്ജീവിയായിരിക്കുന്നെന്നും പുരാണങ്ങളില്‍ അത് വ്യക്തമായി എഴുതിയിട്ടുണ്ടെന്നും.
ഈ അടുത്ത കാലത്ത് ഓണം എന്ന പേര് മാറ്റി വാമന ജയന്തിയാക്കണമെന്ന വാദമുഖങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നു. ഭഗവാന്റെ അവതാരമായ വാമന മൂര്‍ത്തിയെ വന്ദിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നതിനു പകരം അസുരനായ (ആസുര സ്വഭാവമുള്ള) വ്യക്തിയെ വന്ദിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് തെറ്റാണെന്നുള്ള പുതിയ വാദമുഖങ്ങളും നടക്കുന്നു. മഹാബലി കേരളത്തിലെ രാജാവല്ലെന്നും അയല്‍സംസ്ഥാനക്കാരനാണെന്നും അവിടെയുള്ളവര്‍ കേരളത്തിലേക്ക് കുടിയേറിയപ്പോള്‍ കൂടെ കൊണ്ട് വന്നതാണ് ഈ മാവേലി സങ്കല്പമെന്നും മറ്റൊരു മതം. വിവാദങ്ങളുടെ നൂലാമാലകളില്‍ ഉഞ്ഞാല്‍ ആടാന്‍ മലയാളിക്കുളളപോലെ ഔത്സുക്യം മറ്റാര്‍ക്കാ ഉള്ളത്?
അല്ല, ചിലപ്പോള്‍ മഹാബലി തന്നെ വിഷ്ണു ഭഗവാനെ കണ്ടു സങ്കടം ഉണര്‍ത്തിച്ചിരിക്കാം "ഇനി എനിക്ക് എല്ലാകൊല്ലവും പ്രജകളെ കാണാന്‍ പോകണ്ട, മടുത്തു. അങ്ങ് തന്നെ അവരുടെ മനസ്സ് മാറ്റി എന്നെ ഇതില്‍നിന്നു ഒഴിവാക്കിയാലും" എന്ന്. അതായിരിക്കാം ഇതുവരെയില്ലാതിരുന്ന വാമനജയന്തി ആശയം ഇപ്പോള്‍ മുളപൊട്ടിയത്. കാരണം എന്ത് തന്നെ ആയാലും, കാലാനുസൃതമായ മാറ്റങ്ങള്‍ സംഭവിക്കാതെ തരമില്ലല്ലോ. ഓണം എന്ന സങ്കല്‍പം വാമനജയന്തിക്ക് കൈമാറുന്ന കാലം വിദൂരത്തിലല്ല. ഒരുപക്ഷെ ഇനിവരുന്ന തലമുറക്ക് ഈ മഹാബലി തികച്ചും അപരിചിതനായി മാറാം. ഓലക്കുടയും പിടിച്ചു ഒരു കാല്‍ മേല്‍പ്പോട്ടു ഉയര്‍ത്തി നില്‍ക്കുന്ന കുട്ടി വാമനനെ മാത്രമായിരിക്കും അവര്‍ക്ക് പരിചിതം.
ഓണമെന്ന ഐതിഹ്യവും അതിനോടനുബന്ധിച്ച കാല്പനീക കഥകളും തത്കാലം മാറ്റി വെക്കാം. ഈ കഥകളൊക്കെത്തന്നെ ഓണ പ്രോഗ്രാമിനു നടത്തുന്ന പ്രഛന്നവേഷത്തിലോ അല്ലെങ്കില്‍ കലാപരിപാടികളുടെ ആമുഖത്തില്‍ അവതാരകന്റെ വാചക കസര്‍ത്തിലെ വിഷയങ്ങളോ മാത്രം. ഓണം എന്ന സങ്കല്പം അതിനപ്പുറം മറ്റെന്തോക്കയോ ആണ്. "പണ്ടൊക്കെ എന്ത് രസായിരുന്നു. ഞങ്ങള്‍ പത്തു പന്ത്രണ്ട് പേരുണ്ടേ മക്കളായിട്ടു അമ്മക്ക്. കൊടിയ ദാരിദ്ര്യായിരുന്നു. എന്നാലും ഓണാച്ചാല്‍ ഒരു ഉത്സവം തന്നെയായിരുന്നു". ഇതുപറയുമ്പോള്‍ മുത്തശ്ശിയുടെ നരച്ച കൺപീലികള്‍ക്കിടയിലൂടെ ആ വെളുത്ത കൃഷ്ണമണികള്‍, നട്ടുച്ച നേരത്ത് കായല്‍ വെള്ളത്തിലെ വെള്ളാരം കല്ലുപോലെ തിളങ്ങിയില്ലേ?
അമ്മവീട്ടിലെ പാടത്തും പറമ്പിലും കണ്ണാന്തുമ്പിയോടും പൂമ്പാറ്റയോടും കളി പറഞ്ഞു നടന്ന ഓണാവധിക്കാലം. കര്‍ക്കിടക മാസത്തിലെ കോരിചൊരിയുന്ന മഴയില്‍ നനഞ്ഞു കുളിച്ചു ചിങ്ങമാസത്തിലെ ചാറ്റല്‍ മഴയിലും വെയിലിലും ഉത്സാഹവതികളായി പൂത്തുലഞ്ഞു സുന്ദരികളായി നില്‍ക്കുന്ന ചെമ്പകവും ചെത്തിയും നന്ത്യാര്‍വട്ടവും നല്‍കുന്ന നയന മനോഹരമായ കാഴ്ചയും സുഗന്ധവും ഇന്നും ഓണത്തെ അനിര്‍വചനീയമായ വികാരമാക്കുന്നു. തുമ്പയും മുക്കുറ്റിയും കാശിതുമ്പയും മറ്റനേകം കാട്ടുപൂക്കളും കൊണ്ട് പ്രകൃതി തന്നെ ഒരുക്കുന്ന അത്തപൂക്കളം. പ്രകൃതിയും മനുഷ്യനും ഒരുമിച്ചു കൈകോര്‍ത്ത് ഉത്സാഹഭരിതമാവുന്ന, ഈശ്വരന്റെ കരവിരുതിനാല്‍ തയ്യാറാക്കപ്പെടുന്ന ചില അവസരങ്ങള്‍. വര്‍ഷങ്ങള്‍ കടന്നു പോയിട്ടും സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും പരസ്പര വിശ്വാസത്തിന്‍റേയും കൂട്ടായ്മയുടെ മധുരമായ ആ അനുഭവങ്ങളെ മനസ്സിന്റെ ചെപ്പില്‍ നിന്നെടുത്ത് പൊടി തുടക്കുമ്പോള്‍ നാം അനുഭവിക്കുന്ന ആനന്ദം; അതാണ് ഓണം. അതെ. അത് മാത്രമാണ് ഓണം. ഗൃഹാതുരത്വം ഉണര്‍ത്തുന്ന തണുത്ത, മൃദുവായ അനുഭവങ്ങളുടെ കരസ്പര്‍ശനം.
ആ അനുഭവങ്ങള്‍ എന്തുതന്നെ-യാകട്ടെ, കാലദേശങ്ങള്‍ക്കനുസരിച്ചു മാറ്റങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ, ആ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ മനസ്സിന് നല്‍കുന്ന കുളിര്‍മ, അത് എല്ലാവര്‍ക്കും എപ്പോഴും ഒരുപോലെതന്നെയാണ്. അതിനെന്തു പേരിട്ടു വിളിച്ചാലും ഓണമെന്നോ വാമനജയന്തിയെന്നോ, എന്തായാലും. അടുത്ത തലമുറയ്ക്കും അത് പകര്‍ന്നു നല്‍കി ഈ ജന്മം സാര്‍ത്ഥകമാക്കുവാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ.