ആകാശത്തുനിന്നു മഴമേഘങ്ങൾ വിട പറഞ്ഞുതുടങ്ങിയ ഒരു സെപ്റ്റംബർ മാസമായിരുന്നു അത്. നഗരത്തിലെ ബഹുനിലക്കെട്ടിടത്തിന്റെ ആറാം നിലയിലെ തന്റെ ഓഫീസ് ക്യാബിനിലായിരുന്നു അയാൾ. ഫ്രാൻസിൽ നിന്നും അയാളുടെ പ്രിയപ്പെട്ട സുഹൃത്ത് അയച്ച ആശംസാ സന്ദേശം ... " ഓണാശംസകൾ നേരുന്നു..." ഒപ്പം ഓണസമ്മാനമായി അയച്ചുകൊടുക്കപ്പെട്ട വില കൂടിയ പെർഫ്യൂം..ഓഫീസ് ക്യാബിനിൽ നിറയുന്ന സുഗന്ധം ...അയാളതാസ്വദിച്ചുകൊണ്ടഉ ഓർമ്മകളുടെ കുത്തൊഴുക്കിലേക്കു വഴുതി വീണു. ഈ ആശംസാസന്ദേശമാണൊ അതൊ ഈ സുഗന്ധമാണൊ വിസ്മരിക്കപ്പെട്ടു കിടന്നിരുന്ന ഒരായിരം ഓർമ്മകളെ ഉണർത്തിയത്... ഈ സുഗന്ധം നിർവ്വചിക്കാനാവുന്നില്ല.. ആറ്റിറമ്പിലെ കൈതപ്പൂക്കളുടെ.. ചാഞ്ഞുനില്ക്കുന്ന കൂവളമരത്തിൽ പടർന്ന പാഷൻ ഫ്രൂട്ടിന്റെ ...വേലിയിറമ്പിലെ കൈതച്ചക്കയുടെ .... അതോ ക്ഷേത്രക്കുളത്തിൽ വിരിഞ്ഞു നില്ക്കാറുള്ള താമരപ്പൂക്കളുടെയോ... അറിയില്ല.. ഓർമ്മകൾ സുഗന്ധങ്ങളാണ് ..... അല്ലെങ്കിൽ സുഗന്ധങ്ങൾ ഒരായിരം ഓർമ്മകളെ ഉണർത്തുന്നു. കണ്ണിമാങ്ങയുടെ സുഗന്ധം... ഒരായിരം കുസൃതികൾ ഒരുമിച്ചുകാട്ടി പാടവരമ്പിലൂടെ സ്കൂളിലേ-ക്കുള്ള യാത്രകളെ ഓർമ്മിപ്പിക്കുന്നു.
സ്വന്തമെന്നു പറയാൻ ഈ ലോകത്തു അയാൾക്കധികമാരുമുണ്ടായിരുന്നില്ല. ഫ്രാൻസിൽ താമസമാക്കിയ ഈ പ്രിയസുഹൃത്തും ..നാട്ടിലെ വലിയ തറവാട്ടിൽ അയാളെ കാത്തിരിക്കുന്ന അമ്മയുമല്ലാതെ... അമ്മ അയാളെ കാത്തിരിക്കുന്നു... ഇന്നും ഇന്നലെയുമല്ല... കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ജോലി തേടി അയാൾ നഗരത്തിലേക്കു യാത്രയായതു മുതൽ... ആദ്യം വർഷത്തിലൊരിക്കൽ പതിവാക്കിയിരുന്ന സന്ദർശനത്തിന്റെ ഇടവേളകൾ കൂടാൻ തുടങ്ങി. മുടങ്ങാതെ കത്തെഴുതിയിരുന്നു... പിന്നീട് ജീവിതസൌകര്യങ്ങളും ഉയരത്തിലെത്താനുള്ള നെട്ടോട്ടവും ആയപ്പോൾ അതു നിലച്ചു. അമ്മ ഒരിക്കലും പരാതി പറഞ്ഞില്ല. ഓട്ടത്തിനിടെ അയാൾ നാടും വീടും വിവാഹവും വരെ മറന്നപ്പോഴും.. വല്ലപ്പോഴുമൊരിക്കൽ മാത്രം ഫോൺ വിളിയിലൊതുക്കി അമ്മയുമായുള്ള ബന്ധങ്ങൾ....കൊച്ചിയിലേക്കുള്ള ഔദ്യോഗിക സന്തർശന വേളയിൽ അയാൾ അമ്മയെ കാണാൻ ശ്രമിച്ചു. ഒന്നൊ രണ്ടോ മണിക്കൂർ...അല്ലെങ്കിൽ വാച്ചിൽ നോക്കി ഫ്ലൈറ്റിനു സമയമായി എന്നു വേവലാതിപ്പെട്ടു പത്തൊ പതിനഞ്ചോ മിനിറ്റ് മാത്രം ...ഗ്രാമത്തിൽ നിന്നും എയർപോർട്ടിലേക്കുള്ള ദൂരം എന്നും അയാളെ അലോസരപ്പെടുത്തി.
അവസാനമയിപ്പോയത് എന്നാണെന്നു അയാൾക്കോർക്കാൻ കഴിഞ്ഞില്ല. പക്ഷെ അതൊരോണക്കാലമായിരുന്നു. കുട്ടികൾ തൊടിയിൽ പൂവുകൾ തേടി ചിരിച്ചാർത്തു നടന്നിരുന്നു. നാടും നഗരവും പുരോഗമിച്ചപ്പൊഴും അയാളുടെ ഗ്രാമം മാറ്റമില്ലാതെ തുടർന്നു. മഴവെള്ളം കുത്തിയൊലിച്ചു കല്ലുകൾ തെളിഞ്ഞു നില്ക്കുന്ന ഇടവഴികൾ. ..കയ്യാലകളിൽ പറ്റിപ്പിടിച്ചു വളരുന്ന നനുത്ത പായൽ. ..ക്ഷേത്രക്കുളത്തിലെ ഇരുണ്ട പച്ച നിറമാർന്ന വെള്ളം വീടിനുചുറ്റും നിറഞ്ഞ ഇരുളിമയാർന്ന പച്ചപ്പ്...അണ്ണാറക്കാണ്ണനും കുളക്കോഴിയും കിളികളും ശബ്ദമുണ്ടക്കുന്നു.മുറ്റത്തെ മാവിൽ പണ്ടെങ്ങൊ കെട്ടിയ ഊഞ്ഞാൽ ....കയർ ദ്രവിച്ചു തുടങ്ങിയിരുന്നു...ഊഞ്ഞാല്പ്പടിയിൽ പച്ചനിറമുള്ള പായൽ വളർന്നിരുന്നു... വീട് അനക്കമറ്റ് കിടന്നു. നീലച്ചായമടിച്ച തൂണുകൾ ...ഭിത്തിയിൽ കുമ്മായം അടർന്നു തുടങ്ങിയിരുന്നു...അമ്മയോട് അയാൾ പറയാറുണ്ടായിരുന്നു.....ഇനി അവധിയിൽ വരുമ്പോൾ എല്ലാമൊന്നു ശരിയാക്കണം.പൊട്ടിയ ഓടുകൾ മാറ്റിയിടാൻ ആളേർപ്പാടാക്കാൻ മാത്രമാണു കഴിഞ്ഞത്....അതെ ..അമ്മ ഒന്നിനും പരാതി പറഞ്ഞില്ല.പതിവുകൾ മുടക്കിയില്ല. വയ്യായ്കകൾ വകവെയ്ക്കാതെ ക്ഷേത്ര ദർശനം. ..വയല്ക്കര വരെയുള്ള നടത്തം. കൃഷികൾ നോക്കിനടത്തണം... എങ്കിലും ആ തവണ അമ്മ പ്രതീക്ഷിച്ചിരുന്നു....ഈ ഓണത്തിനെങ്കിലും മകൻ കൂടെയുണ്ടാവുമെന്ന്....ഓണത്തിനു രണ്ടീസം മുൻപെത്തിയതു ഭാഗ്യായീ ഉണ്ണീന്നു പറയുകയും ചെയ്തു. ആരവങ്ങളുമായി ഒരുപാട് ഓണക്കാലങ്ങൾ അവരുടെ മനസ്സിലൂടെ കടന്നു പോയിരിക്കാം.. അമ്മ ഇലയിൽ ഊണു വിളമ്പി...അടുത്തിരുന്നു...ഊണു കഴിഞ്ഞു മടങ്ങണമെന്നും കൊച്ചിയിലെ മീറ്റിങ് കഴിഞ്ഞു ഒരു സിംഗപ്പൂർ യാത്ര ഉണ്ടെന്നും പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നുവോ... നെറ്റിയിലെ ഭസ്മക്കുറി മായ്ചുകൊണ്ട് ചുളിവുകൾ വീണുവൊ... മുറ്റത്തെ ചാണകം മെഴുകിയ ചതുരത്തിൽ പൂക്കളം വാടിത്തുടങ്ങിയിരുന്നു. പടിയിറങുമ്പോൾ പതിവില്ലാതെ അമ്മ പരാതി പറഞ്ഞു. "ഓണമല്ലേ ... ഉണ്ണി പോവുംന്നു വിചാരിച്ചില്ല. കാർ നിരത്തിലേക്കു കയറും മുൻപ് തിരിഞ്ഞു നോക്കി. നേര്യതിന്റെ തുമ്പുകൊണ്ട് അമ്മ കണ്ണ് തുടക്കുന്നു. ഔദ്യോഗിക ജീവിതത്തിന്റെ എല്ലാ കുരുക്കുകളും അറുത്തുമാറ്റി ഇനി എന്നാണൊരു മടക്കയാത്ര...
നേരം വളരെ വൈകിയിരുന്നു. കണ്ണാടിവാതിലിനപ്പുറം പ്യൂൺ അസ്വസ്ഥതയോടെ കാത്തു നില്ക്കുന്നു. നഗരത്തിൽ അധികം ദൂരമല്ലത്ത താമസസ്ഥലത്തേക്ക് അയാൾ ഒറ്റക്ക് കാറോടിച്ചു. വാഹനക്കുരുക്കിൽ പെട്ട് കിടക്കുമ്പോൾ അയാളൊരു തീരുമാനമെടുത്തു. ഈ ഓണം അമ്മയോടൊപ്പമാകണം. ഇതെന്നല്ല എല്ലാ ഓണങ്ങളും...നഗരജീവിതതിന്റെ മടുപ്പിൽ നിന്നും നാട്ടിൻപുറത്തെ പച്ചപ്പിലേക്കു പറിച്ചു നടണം ഇനിയുള്ള കാലം....കണ്ണാന്തളികൾ പടർന്നു കിടക്കുന്ന മുറ്റത്തിനിറമ്പിലേക്കു ഇനിയുമെത്തണം... ഓണത്തിനു ഇനിയും മൂന്നു ദിവസങ്ങളുണ്ട്....വളരെക്കാലങ്ങൾക്ക് മുൻപ് വിസ്മരിക്കപ്പെട്ടുപോയ അയാളെ ഏറെ സന്തോഷിപ്പിച്ചിരുന്ന തീവണ്ടിയാത്രയാണയാൾ തെരഞ്ഞെടുത്തത്. നഗരം വേറൊരോർമ്മയായ് പിന്നിലേക്കു ഓടി മറയുന്നു..തീവണ്ടിയിൽ തിരക്കുണ്ടായിരുന്നില്ല. ഓർമ്മകൾ ഒരുപാടു കാതം മുൻപോട്ടോടുന്നു. പണ്ടൊക്കെ ഓണത്തിനു തറവാട്ടിൽ ഒരു ഉൽസവമായിരുന്നു.കോണിപ്പടികളിലും മുറ്റത്തും മച്ചിൻ മുകളിലും കുട്ടികൾ കലപില കൂട്ടിയിരുന്നു.പൂക്കൾ ശേഖരിക്കനുള്ള മൽസരം ... തെച്ചിയും ചെമ്പരത്തിയും മന്ദാരവും മുറ്റത്തു തന്നെയുണ്ടാവും... മുക്കുറ്റിയും തുമ്പയും കാക്കപ്പൂവും തേടി പറമ്പിലും പാടത്തും അലഞ്ഞു. മഞ്ഞ നിറമാർന്ന അരളിപ്പൂക്കളും ഇളം റോസ് നിറത്തിൽ വേലിയിൽ പടർന്നു കിടക്കുന്ന വീണ്ടപ്പൂക്കളും... മുറ്റത്ത് ചാണകം മെഴുകിയ കളമൊരുക്കി അതിലാവും പൂക്കളം....
വിരുന്നിനെത്തിയ ബന്ധുക്കളായ സ്ത്രീകൾ ഒത്തുകൂടി അമ്മയെ സഹയിക്കുന്നു.അടുക്കളയിൽ നിന്നും കായുപ്പെരിയുടെയും ഉരുകുന്ന ശർക്കരയുടെയും സുഗന്ധം കാറ്റിൽ അലിയുന്നു. മുത്തഛൻ തോട്ടത്തിലും പാടത്തും പണിയുന്ന പണിക്കാർക്ക് ഓണക്കോടി കൊടുക്കുന്നു. മുറ്റത്തു മാത്രമല്ല പണിക്കാരുടെ മുഖത്തും ഓണവെയിൽ തെളിയുന്നു.മുറ്റത്തെ മാവിൽ ഓലമടല്കൊണ്ട് കെട്ടിയുണ്ടാക്കിയ ഊഞ്ഞാലിനു ബലം പരിശോധിച്ചുകൊണ്ട് അപ്പേപ്പൻ മൂപ്പൻ...ബാക്കി വന്ന മടലിൽ രണ്ട് കമ്പുകൾ തറച്ചു കൊമ്പാക്കി , കയറുകെട്ടി മൂപ്പൻ കുട്ടികൾക്ക് കളിക്കാൻ കാളയുണ്ടാക്കി കൊടുത്തു. മുറ്റത്തിന്റെ ഓരത്തു നാളികേരവും കാഴ്ചക്കുലകളും ചേനയും മത്തങ്ങയും കൂട്ടിയിട്ടിരിക്കുന്നു.കുട്ടികൾ കുളി കഴിഞ്ഞെത്തി ഓണക്കൊടിയുടുത്ത് വരാന്തയിൽ നിരത്തിയ തൂശനിലക്കു മുന്നിലിരുന്നു. അമ്മമാർ കുട്ടികൾക്ക് സദ്യ വിളമ്പുകയും ശാസിക്കുകയും തമാശകൾ പറഞ്ഞു ചിരിക്കുകയും ചെയ്തു. ഉച്ച കഴിഞ്ഞ് സ്ത്രീകൾ കൈകൊട്ടിക്കളി നടത്തി. പുരുഷന്മാർ സംഘം ചേർന്ന് തമാശകൾ പറയുകയും ടൌണിലെ കൊട്ടകകളിൽ സിനിമക്കു പോകാൻ തയ്യറെടുക്കുകയും ചെയ്തു.
ഓണസദ്യ പശുക്കൾക്കും കൊടുത്തു. ഓണം അകത്തുള്ളർക്ക് മാത്രമായിരുന്നില്ല പുറത്തുള്ളവർക്ക് കൂടി ആയിരുന്നു. ഉള്ളവരില്ലാത്തവർക്ക് കൊടുത്തു. ചെറിയ ജീവികളായ ഉറുമ്പുകൾക്ക് വരെ ഓണം ഉണ്ടായിരുന്നു. സന്ധ്യക്കു കുട്ടികൾ വരാന്തയിൽ നാമം ചൊല്ലാനിരിക്കുന്ന സമയമാണു " ഉറുമ്പൂട്ട്" എന്നു പറയുന്ന ചടങ്ങ്.വറുത്ത അരിയും ശർക്കരയും തേങ്ങയും കുഴച്ചുണ്ടാക്കുന്ന പലഹാരം കൊടിയിലകളിൽ വീടിന്റെ നാലുകോണുകളിലും മുറ്റത്തിന്റെ അതിരുകളിലും വയ്ക്കും. ഉറുമ്പുകൾക്കും ഓണസദ്യ..... കുട്ടികൾ ധ്രുതിയിൽ നാമം ചൊല്ലിത്തീർത്ത് അടുക്കളത്തളത്തിലേക്കു ഓടിയെത്തി. മുത്തശ്ശി എല്ലാവർക്കും വറുത്ത അരിപ്പലഹാരം കൊടുത്തു. രാത്രിയിലെ സദ്യകൂടി കഴിയുമ്പൊഴെക്കു കണ്ണുകളിൽ ഉറക്കം വിരുന്നിനെത്തിയിരിക്കും........
രണ്ടുദിവസത്തെ പ്രയാണത്തിനൊടുവിൽ അയാൾക്കിറങ്ങേണ്ട സ്റ്റേഷനിൽ തീവണ്ടി കിതപ്പൊടെ നിന്നു.വളരെ ചെറിയ തിരക്കൊട്ടുമില്ലാത്ത സ്റ്റേഷൻ. വിളക്കുകൾ തെളിഞ്ഞു തുടങിയിരുന്നു.ഗ്രാമത്തിലെ വിളക്കുകൾ പോലും പുഞ്ചിരിപൊഴിക്കുന്നു. സ്റ്റേഷനിൽ കാത്തുനില്ക്കാൻ ആരുമില്ലായിരുന്നു.ചെറിയ പെട്ടിയും ബാഗുമായി അയാൾ നടന്നു തുടങ്ങി. വീട്ടിലേക്കു അധികം ദൂരമില്ലായിരുന്നു . ചിങ്ങമാസത്തിലെ തെളിഞ്ഞ നിലാവ്...നക്ഷത്രങ്ങൾ ...അല്പമകലെ പുഴയുടെ സംഗീതം...എവിടെനിന്നൊ ഓണപ്പാട്ട് ഉയരുന്നുവൊ,,, മുറ്റത്തു എത്തിയപ്പോൾ കണ്ടു.. ചാണകം മെഴുകിയ കളത്തിൽ വാടിയ പൂക്കളം,വരാന്തയിൽ നിലവിളക്ക് കണ്ണുചിമ്മുന്നു.പൂമുഖവാതിൽ തുറന്ന് അമ്മ ഇറങ്ങി വരുന്നു. "ഉച്ചതിരിഞ്ഞപ്പോൾ തൊട്ട് ഞാൻ കാത്തിരിക്കുവാരുന്നു ഉണ്ണ്യെ ...എന്തെ വൈകീത് ? " വരുന്ന കാര്യം അമ്മയെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. പറയാൻ ഒരു മറുപടിക്കായി പരതുമ്പോൾ അയാൾ കണ്ടു. അമ്മയുടെ മുഖത്ത് ഓണനിലാവ് തെളിയുകയായിരുന്നു. പാടത്തിനക്കരെ കുന്നിന്മുകളിലെ ആകാശച്ചെരുവിലും ഓണനിലവു തെളിഞ്ഞു നിന്നു...