അല്പം അഴുക്കുണ്ടെങ്കിലും
മിട്ടിനദിയും സുന്ദരി തന്നെ
വരാൻ ഇടയ്ക്കല്പം മന്ദത കാണിക്കുമെങ്കിലും
ക്ലോറിൻ ചുവയുള്ള വെള്ളം ദാഹം ശമിപ്പിക്കാറുണ്ട്.
മണ്ണിനല്പം കറുപ്പു നിറമുണ്ടെങ്കിലും
അതിലുണ്ടാകുന്ന പൂക്കൾ ഭംഗിയുള്ളവ തന്നെ.
സ്വർണ്ണവില കൊടുത്തു വാങ്ങുന്ന അൽഫോൻസോ
മാങ്ങയ്ക്കും നല്ല രുചി.
കടലോരത്തെ മണലിനും കറുപ്പു നിറം
എന്നുവച്ച് കടൽ കാണാനെത്തുന്ന പുരുഷാരത്തിനുണ്ടോ കുറവ്?
സെൻട്രലും വെസ്റ്റേണും ഹാര്ബനറും ലൈനുകൾ
ശരീരത്തിലെ ഞരമ്പുകൾ
പോലെത്തന്നെ..
തീവണ്ടികളിൽ മനുഷ്യത്തിര സുനാമി പോലെ അടിച്ചു കയറാറുണ്ടെങ്കിലും
അതിലെ യാത്രയ്ക്ക് തൊട്ടിലിലാടുന്നൊരു സുഖമുണ്ട്.
ഗതാഗതക്കുരുക്ക് ജീവിതത്തിന്റെ ഭാഗമായി മാറിയല്ലോ
ജാതി മത ഭാഷാ വ്യത്യാസമില്ലാതെ ഉത്സവങ്ങൾ ആഘോഷിക്കാൻ ഉത്സാഹമേറെയുണ്ട്
വീട്ടിൽ കയറിയ ഉടൻ ഉമ്മറ വാതിൽ അടയുമെങ്കിലും
അയൽവാസികളെ കണ്ടു പരിചയമുണ്ട്.
ഇടുങ്ങിയ മുറികളിൽ കിടന്നാലും ഉറക്കം വരാറുണ്ട്.
ഹഫ്ത പിരിക്കലും അധോലോകവും
സിനിമകളിൽ മാത്രമാണ് കണ്ടതെങ്കിലും
ഇവിടെയെവിടെയൊക്കെയോ ഉണ്ടെന്നറിയാം.
ഇവിടുത്തെ ജീവിതം സുഖം തന്നെ....
എന്നിട്ടും...........
നേത്രാവതി എക്സ്പ്രസ് മഞ്ചേശ്വരമടുക്കുമ്പോൾ എന്റെ ഹൃദയമിടിപ്പെന്തേ കൂടുന്നു?
വിശാലമായ അമ്പല പറമ്പും ആൽത്തറയുമെന്തേ എന്നിലെ ഓർമ്മകൾക്ക് നിറം പകരുന്നു?
പള്ളികളിലെ മണിയടിയും ബാങ്കുവിളിയുമെന്തേ എന്റെ മനസ്സിനെ ശാന്തമാക്കുന്നു?
ഹിന്ദിയും മറാഠിയും കേൾക്കുമ്പോൾ തുഞ്ചന്റെ കിളിയെന്തേ മനസ്സിൽ കരയുന്നു?
നിളാ നദിയും തെങ്ങോലത്തലപ്പുമന്തേ
ഓർമ്മയായി
മനസ്സിനെ നീറ്റുന്നു?
പറമ്പിലെ ചുവന്ന മണ്ണും കടലോരത്തെ
പഞ്ചാരമണലുമെന്തേ
എന്റെ കാലടികളെകുളിരണിയിക്കുന്നു?