വേനൽ എന്നാൽ അവധിക്കാലം എന്ന എന്റെ നിർവചനം തെറ്റിത്തുടങ്ങിയത് ജോലികിട്ടിയതിന് ശേഷമാണ് അല്ലെങ്കിൽ വേനൽക്കാലം വെയിൽമഞ്ഞ നിറമുള്ള അവധിക്കാലം ആയിരുന്നു. ആവോളം മണ്ണപ്പം ചുട്ടു കളിച്ചിരുന്ന അവധിക്കാലം. പൂത്തു നിൽക്കുന്ന കൊന്നകൾ, പഴുത്തു തുടുത്ത മഞ്ഞ മാങ്ങകൾ, ഒരു തരത്തിലും എത്തി തൊടാൻ ആവാത്ത ആഞ്ഞിലി ചക്കകൾ…ഒക്കേറ്റിനും നല്ല കടുംമഞ്ഞ നിറം ചാർത്തിക്കൊടുത്ത വേനൽക്കാലം.
മണ്ണിനു വരൾച്ചയുടെ ചാരനിറം പൂശുന്ന വേനലിനെ ഇഷ്ടപ്പെടാൻ രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. പാഠപുസ്‌തകം തുറക്കണ്ടാത്ത നീണ്ട അവധിക്കാലം എന്നതും പിന്നെ ഭൂമിയുടെ ജീവധാരകളെ മുത്തമിട്ട് ഉണർത്തുന്ന മഴക്കാലം ഇതാ ഇങ്ങെത്തി എന്നതും.
പിന്നെ എന്നോ വേനലിന്റെ ചൂട് അറിയാത്ത കുറേ വേനൽക്കാലങ്ങൾ വന്നു. പ്രേമം തീ പോലെ പടർന്ന വേനൽക്കാലങ്ങൾ. കടൽക്കരയിൽ രണ്ടു പ്രതിമകളെ പോലെ പെരിവെയിലത്തു കണ്ണിൽ നോക്കിയിരുന്നു.
കരുത്തു കരുവാളിച്ച മുഖങ്ങളായി ഞങ്ങൾ മടങ്ങിയ വേനൽ സന്ധ്യകൾ.
പിന്നെയും വന്നു രണ്ടു സുന്ദര വേനൽക്കാലങ്ങൾ. ഞങ്ങളുടെ ജീവിതത്തിലേക്ക് മുത്തുച്ചിപ്പി പൊട്ടിച്ച് രണ്ട് സുന്ദരമുത്തുകൾ ഉതിർന്നു വീണ രണ്ടു അതിമനോഹരമായ ഉഷ്ണകാലങ്ങൾ. കുഞ്ഞുചിണുങ്ങലുകൾക്ക് ഉറക്കം ഒഴിച്ചു
കവലിരുന്ന വേനൽക്കാല രാത്രികൾ. പ്രണയം താരാട്ടു പാടിയ വേനൽക്കാലങ്ങൾ….
ഇതിനിടയിൽ തലവേദനയുടെ കനപ്പിച്ച പ്രഹങ്ങളുമായി കൊടിഞ്ഞി ചൂടുകാലവും വന്നുപോയി. വീണ്ടും ഒരു വേനൽക്കാലം ഇതാ…എന്റെ ജീവിത വീക്ഷണങ്ങളെ ഒന്നുടച്ചുവാർക്കാൻ എത്തുന്നു – ബാൽക്കണിയിലൂടെ കാണുന്ന മഞ്ഞ വാകപ്പൂക്കൾ നിറഞ്ഞു വിരിഞ്ഞ, വേറിട്ട നഗരക്കാഴ്ചയിലെ മുറിവുണക്കും കാലം. വേനലേ... എനിക്ക് നിന്നോട് പ്രണയമാകുന്നു….
നീയെനിക്ക് തന്ന മഴക്കാലങ്ങളെ ഓർത്ത് ഞാൻ എന്നും നിന്നെ പ്രണയിക്കും.