"കൃഷ്ണമഹാരാജാവു വരുന്നു!"
ഒരു നിമിഷം ഹൃദയം നിന്നു പോയതായി രാധയ്ക്കു
തോന്നി. പുറത്തുകളിക്കാനും കാലിമേയ്ക്കാനും പോയ
കുട്ടികളാണ് ആരവവുമായെത്തിയത്. യശോദ
പരിഭ്രമിച്ച് അങ്ങുമിങ്ങും നടക്കാൻ തുടങ്ങി. അവരുടെ
കാഴ്ച്ച മങ്ങിത്തുടങ്ങിയിരിക്കുന്നു. എല്ലാത്തിനും സഹായം
വേണമെന്നാ യിരിക്കുന്നു.
ഇപ്പോൾ വിളി വരും രാധയോർത്തു. വിറയാർന്ന വിളി
മുഴങ്ങി. "കണ്ണൻ വരണൂത്രേ!"
താൻ കരഞ്ഞാലും ചിരിച്ചാലും അമ്മയറിയില്ല, അമ്മയ്ക്ക്
ഓരോരുത്തരും വ്യത്യസ്തമായ നിഴൽ വലുപ്പങ്ങൾ മാത്രമായി
ചുരുങ്ങിയിരിക്കുന്നു എന്ന് രാധയറിഞ്ഞു. അമ്മയ്ക്ക്
അദ്ദേഹമിപ്പോഴും പഴയ കുസൃതിക്കുടുക്കതന്നെ, കംസനെ കൊന്നതും രാജാവായതും നാടുകൾ വെട്ടിപ്പിടിച്ചതുമെല്ലാം അമ്മ മറന്നതുപോലെ...
തനിക്കോ?
ചിന്ത അവിടെയെത്തിയപ്പോൾ തുടർന്നാലോചിക്കാൻ ശ്രമിക്കാതെ എഴുന്നേറ്റ് വരവേൽപ്പിന്റെ തിരക്കുകളിലേക്കൂളിയിട്ടു. ഇതിപ്പോൾ ശീലമായിരിക്കുന്നു, ആവശ്യത്തിലധികം ചുമതലകളേറ്റെടുത്ത് തളർന്നു വീണുറങ്ങുമ്പോൾ ഓർമ്മകളോ സ്വപ്നങ്ങൾ പോലുമോ അലട്ടാനെത്തില്ല.
'കൃഷ്ണനെത്തീ' എന്ന ഹർഷാരവം മുഴങ്ങി. കൃഷ്ണ നാമ ജപ മോടെ ജനമൊന്നാകെ മുന്നോട്ടുകുതിച്ചു.
കാണാൻ, തൊഴാൻ, തൊടാൻ, പറ്റുമെങ്കിൽ സങ്കടങ്ങൾ പറയാൻ...
സുദാമായുടെ കഥ പാട്ടായി കാറ്റിലൂടെ ഇവിടെയുമെത്തിയിരുന്നു. അദ്ദേഹം അവതാര പുരുഷനാണെന്ന് മഥുരാപുരിയാകെ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. വരുന്നെന്നു കേട്ടപ്പോൾ ആദ്യംതോന്നിയത് അകലെ നിന്നും ആ, കണ്ണുകളുടെ മാന്ത്രിക വലയത്തിലകപ്പെടാതെ ഒരു നോക്കുകാണണമെന്നാണ്. ഉള്ളിലെ കടലിരമ്പവും കണ്ണിലെ വേലിയേറ്റവും ആരും കാണരുത്. രാധ അവസാന മായി കരഞ്ഞത് കണ്ണൻ അക്രൂരനോടൊത്ത് മഥുരാപുരിയിലേയ്ക്ക് പുറപ്പെട്ടപ്പോഴായിരുന്നു. ഭർതൃമാതാവിന്റ ഭത്സനങ്ങൾക്കു മുന്നിലും, പെറ്റമ്മയുടെ കണ്ണീരിനു മുന്നിലും, സഹോദരിയുടെ അപേക്ഷയ്ക്കുമുന്നിലും രാധ അചഞ്ചലയായി നിലകൊണ്ടു. ഭർത്താവുപേക്ഷിച്ചപ്പോളും, സഹോദരൻ പടിയിറക്കി വിട്ടപ്പോളും രാധ കരഞ്ഞേയില്ല.
കൈയിൽ ചെറുഭാണ്ഡവും പേറി വന്ന രാധയ്ക്കു ഒന്നും ചോദിക്കാതെ യശോദ കണ്ണന്റെ മുറി വാതിൽ തുറന്നു കൊടുത്തു. കണ്ണന്റെ ഗന്ധം നിറഞ്ഞു നിന്നൊരാമുറിയിൽ രാധ കമിഴ്ന്നുകിടന്നു.
വാതിലിനു പുറത്ത് സമയാ സമയങ്ങളിൽ ഭക്ഷണം വരികയും സ്വീകരിക്കപ്പെടാതെ അങ്ങിനെ തന്നെ തിരിച്ചു പോവുകയും ചെയ്തു.
ആരും ഒന്നും ചോദിച്ചില്ല, നിർബന്ധിക്കുകയോ ശാസിക്കുകയോ ചെയ്തില്ല, വാതിൽക്കലൊന്നു തട്ടുകപോലും ചെയ്തില്ല. പിന്നീട് എപ്പോഴോ എഴുന്നേറ്റ് പുറത്തുവന്ന് എന്നുമെന്ന പോലെ ഓരോന്നു ചെയ്തു. ആരും പരിഹസിച്ചില്ല, സമാധാനിപ്പിക്കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തില്ല. കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു, ആരേയും കാത്തുനിൽക്കാതെ.
കണ്ണൻ ഒരിക്കല്‍പോലും വന്നില്ല, ആരും പരിഭവിച്ചു കേട്ടില്ല. പതിയെ വിശേഷങ്ങളും നിലയ്ച്ചു കണ്ണനെന്ന നാമധേയം മാഞ്ഞു, അദ്ദേഹം കൃഷ്ണനും, മഥുരാധിപനും, മഹാരാജാവും, യാദവ കുലരക്ഷകനും, അർജ്ജുന സാരഥിയുമായി ധർമ്മ സംസ്ഥാപനാർത്ഥം പിറവിയെടുത്ത വിഷ്ണു അവതാരമാണെന്ന് ജനം അടക്കം പറയാൻ തുടങ്ങി. അതംഗീകരിക്കുകയോ അതിനോട് വിയോജിക്കുകയോ ചെയ്യാതെ കൃഷ്ണൻ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
രാധ തന്റെ ഓർമ്മകളിൽ നിന്നുണരുമ്പോൾ ആരവങ്ങളടങ്ങിയിരുന്നു, ജനം തിരിച്ചുപോയിരുന്നു. താനദ്ദേഹത്തെ കണ്ടതേയില്ല, നന്നായെന്നോർത്തു രാധ. കണ്ണായെന്ന വിളിയിൽ ചിരിച്ചും അമ്മയുടേതായ സ്വാതന്ത്ര്യങ്ങൾക്ക് വഴങ്ങിയും കൃഷ്ണന് പഴയ അമ്പാടിക്കണ്ണനായി. വെണ്ണയുരുട്ടിക്കൊടുത്തും, പഴയ വികൃതികളോർമ്മിപ്പിച്ച് ചെവിപിടിച്ചു തിരിച്ചും യശോദതന്റെ യൗവ്വനം തിരികെ പിടിച്ചെടുക്കാൻ ശ്രമിച്ചു. രാധയെ മാത്രം ആരും അന്വേഷിച്ചില്ല.
രാത്രി ഏറെ വൈകി അമ്മയുടെ കരവലയത്തിൽ നിന്നടർന്ന് പഴയ സുഹൃത്തുക്കളുടെ വെടി വട്ടങ്ങൾ താണ്ടി പണ്ടുതാൻ വട്ടം കറക്കിയ സഖികളോട് പുഞ്ചിരിച്ചും കുശലം പറഞ്ഞും അവരേയെല്ലാം താനിപ്പോഴുമോർക്കുന്നു എന്നറിയിക്കാൻ പേരു ചൊല്ലി വിളിച്ചണച്ചും... തനിക്കായൊരുക്കിയ അറയിൽ കൃഷ്ണനെത്തുമ്പോൾ രാവേറെ ചെന്നിരുന്നു.
അറ വാതില്ക്കൽ വന്നു നിന്ന നൂപുരധ്വനി കേട്ട് കണ്ണുകൾ തിളങ്ങിയതു തന്നിൽ നിന്നു തന്നെ മറയ്ക്കാൻ അദ്ദേഹത്തിനു പാടുപെടേണ്ടിവന്നു. ചെറിയൊരു പെൺകുട്ടി അറയിലേക്കുവന്ന് ഇനിയെന്തെങ്കിലും വേണ്ടതുണ്ടോ എന്നന്വേഷിച്ച് തിരിച്ചു പോയി.
ഉൾമുറികളിലെവിടെയോ ഒരു നീല തിരി നാളം തിളങ്ങി അത് മെല്ലെ ഇടനാഴിയിലൂടെ മുന്നോട്ടുനീങ്ങി, യശോദയുടെ അറവാതിൽക്കലൊരു നിമിഷം നിന്നു, ഒന്നും കാണാനാകാത്ത യശോദ മാത്രം ആ തിരിനാളം തെളിഞ്ഞുകണ്ടു.
യശോദ ഒരു നെടുവീർപ്പോടെ കണ്ണുകളടച്ചു. ആ നീലതിരിനാളം വീണ്ടും മുന്നോട്ട്, കാവൽ ഭടൻമാരേയും കൃഷ്ണനൊപ്പം വന്ന സൈനികരേയും ഉണർത്താതെ ആ തിരിനാളം അടുത്തുള്ള കാട്ടിലേയ്ക് മെല്ലെ മറഞ്ഞു.
“കാട്ടീന്നെന്താണ്ടു മൂളുന്നു കണ്ണാ,
കേട്ടിട്ടേറ്റം ഭയമുണ്ടെനിക്ക്"
എന്ന് രാധപേടിച്ചും പരിഭവിച്ചും നടന്നിടം
ശക്തമായി വീശിയടിച്ച കാറ്റില് അണയാതെ കുറച്ചു നേരം കൂടി ആ നീല നാളം തെളിഞ്ഞുനിന്നു, പിന്നെ പതിയെ അണഞ്ഞു.
|