ഋതുഭേദങ്ങൾ പലപ്പോഴും സ്മൃതിപഥങ്ങളിലൂടെയുള്ള
തീർത്ഥാടനമാണ്. വേനലിന്റെ ചുടുകനലുകൾക്ക് മീതെ, മഴ
നനഞ്ഞ മണ്ണിന്റെ ഗന്ധം – ഓർമ്മകളുടെഒരു വസന്തകാലം പൂക്കുകയായി….
മഴ സ്മൃതിയിൽ നനഞ്ഞു കുതിർന്ന് എത്തി നില്ക്കുന്നത് സ്കൂൾ
കാലഘട്ടത്തിലാണ് . ജൂൺ ആദ്യവാരത്തിലാണ് ആ
നാളൊക്കെ മഴ തുടങ്ങിയിരുന്നത്. പുതു മണം മാറാത്ത
സ്കൂൾ യൂണിഫോം കുടഞ്ഞ് ഇടാൻ ഒരുങ്ങുമ്പോൾ മഴമേഘങ്ങൾ
ആകാശത്ത് കൂടുകൂട്ടുകയായി. സ്കൂളിൽ പോവാൻ ഇറങ്ങും
മുൻപേ മഴത്തുള്ളികൾ ഓടിൻ പുറത്ത് താളമിട്ടു തുടങ്ങും. മുഴുവനും നനച്ചിട്ടേ ആദ്യ ദിവസം സ്കൂളിൽ എത്തിക്കൂ എന്നു വാശി തന്നെ… പിന്നെ കാലങ്ങൾ കൊണ്ട് മനുഷ്യൻ നടത്തുന്ന കസർത്തുകളിൽ മഴയുടെ ശീലങ്ങൾ മാറി, മഴയൊരു തോന്ന്യാസിയായി. അങ്ങനെ എന്നെങ്കിലുമൊക്കെ തുടങ്ങി അവസാനിക്കുന്ന മഴക്കാലങ്ങൾ സ്വന്തമായി.
ബാല്യത്തിന്റെ ഏകാന്തമായ കൈവഴികളിൽ മഴ നനഞ്ഞു നടന്ന്, ഞാൻ ഏറെ ദൂരം എത്തിയിരിക്കുന്നു. തനിച്ചിരുന്നു മഴ കണ്ടിരുന്ന കുട്ടിക്കാലത്ത് എന്റെ മനസ്സ് രണ്ടായി പിളരുകയും ഒരു പാതി മറുപാതിയോട് നിർത്താതെ കഥ പറയുകയും കലഹിക്കുകയും ചെയ്തിരുന്നു. ഒരു കുടക്കീഴിൽ തിങ്ങി നിന്ന്, പറഞ്ഞു തീരാത്ത കഥകൾ പങ്കു വെയ്ക്കുന്ന, കൗമാരത്തിന്റെ ചാഞ്ചല്യങ്ങളിലേയ്ക്കും മഴ പെയ്തിറങ്ങി.
ബാല്യത്തിന്റെ ഏകാന്തമായ കൈവഴികളിൽ മഴ നനഞ്ഞു നടന്ന്, ഞാൻ ഏറെ ദൂരം എത്തിയിരിക്കുന്നു. തനിച്ചിരുന്നു മഴ കണ്ടിരുന്ന കുട്ടിക്കാലത്ത് എന്റെ മനസ്സ് രണ്ടായി പിളരുകയും ഒരു പാതി മറുപാതിയോട് നിർത്താതെ കഥ പറയുകയും കലഹിക്കുകയും ചെയ്തിരുന്നു. ഒരു കുടക്കീഴിൽ തിങ്ങി നിന്ന്, പറഞ്ഞു തീരാത്ത കഥകൾ പങ്കു വെയ്ക്കുന്ന, കൗമാരത്തിന്റെ ചാഞ്ചല്യങ്ങളിലേയ്ക്കും മഴ പെയ്തിറങ്ങി.
നിർത്താതെ പെയ്യുന്ന മഴ വീടിനു ചുറ്റും ആഴത്തിൽ കുഴികുത്തി അതിരു തീർക്കുന്നത് ഒരു കൗതുക കാഴ്ചയായിരുന്നു.ഓടിൻ തുമ്പിൽ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം, മങ്ങിയ, വൈദ്യുതി വെളിച്ചത്തിൽ വെള്ളി നൂലായി രാത്രിയ്ക്ക് ആഭരണം ചാർത്തി. ചീവീടുകൾ മഴക്കാല രാത്രികൾക്ക് ചിലമ്പിച്ച സംഗീതമിട്ടു. അതു കേട്ട് മടുത്ത ഈയാംപാറ്റകൾ വരാന്തകളിൽ ചിറകു കൊഴിച്ചിട്ട്, പ്രഭാതങ്ങളിൽ പുഴുക്കളായി ഇഴഞ്ഞു പ്രാണൻ വെടിഞ്ഞു. മഴവെള്ളം കെട്ടിയ മുറ്റത്ത് മണ്ണിരകൾ ജലചിത്രങ്ങൾ രചിച്ചു. മഴ തോർന്ന പ്രഭാതങ്ങളിൽ അവ കുരിച്ചിൽ കുത്തി ഒളിച്ചിരുന്നു. ഈറൻ മുറ്റത്ത് ചെരിപ്പിടാതെ അലഞ്ഞു നടക്കുമ്പോൾ വളം കടിക്കുമെന്ന് അമ്മയും അമ്മൂമ്മയും വ്യാകുലപ്പെട്ടു. മഴ തോർന്ന പകലുകളിൽ കുണുങ്ങി നില്ക്കുന്ന ചേമ്പിലകളിൽ മഴ മുത്തുകൾ തിളങ്ങുമ്പോൾ, ചാര ചിറകും മഞ്ഞചുണ്ടും ഉള്ള മഴ പുള്ളുകൾ നിർത്താതെ ചിലച്ചു. ഇങ്ങനെ എത്രയെത്ര പ്രിയപ്പെട്ട ഗ്രാമീണ മഴക്കാഴ്ചകൾ…..
മഹാനഗരത്തിലെ ആദ്യകാല മഴക്കാഴ്ചകളോട് എനിക്ക് അപ്രിയമാണ്. നഗരത്തിന്റെ ചെളി കുണ്ടുകളിൽ ദുർഗന്ധം വമിപ്പിച്ചു കൊതുകുകളെ പെരുക്കുന്ന കാലം. കുത്തി ഒഴുകുന്ന മഴവെള്ള പാച്ചിലിൽ മുങ്ങിയകന്ന മകനെ തിരഞ്ഞ് അലഞ്ഞ അച്ഛന്റെ കണ്ണുകളിലെ ദൈന്യതയും നിസ്സഹായതയും നഗരം മുഴുവൻ മുങ്ങി താഴ്ന്നു പോയ ഒരു പെരുമഴക്കാലത്തിന്റെ ഭീതി ഉണർത്തുന്ന ചിത്രമായി ഇന്നും മുന്നിലുണ്ട്. ഈ നഗരം നല്കിയ അവിസ്മരണീയമായ സുന്ദരമഴകളിൽ ഒന്ന് പ്രണയത്തിന്റെ പ്രഥമ സംഗമ സന്ധ്യയിൽ, മുളുണ്ട് റെയിൽവേ സ്റ്റേഷന് പിന്നിലൂടെ ഒരു കുടക്കീഴിൽ ഞങ്ങൾ നനഞ്ഞ മഴയായിരുന്നു. പിന്നെ ഒന്നിച്ചു നനഞ്ഞ ഒരു പാട് മഴകളുടെ ഹരിശ്രീ കുറിക്കലായിരുന്നു അത്. വൃക്ഷങ്ങളുടെ ഹരിതാഭയിൽ അണിഞ്ഞൊരുങ്ങി നില്ക്കുന്ന അണുശക്തി നഗറിലെ മഴകളാണ് വീണ്ടും ഈ നഗരത്തിലെ വർഷകാലത്തിലേക്ക് എന്നെ ബന്ധിച്ചിട്ടത്.
മഴക്കാലങ്ങൾ ഓർമ്മപ്പെടുത്തുന്ന ചില ദിവ്യ സ്നേഹങ്ങൾ ഉണ്ട്…..ഒരു പെരുമഴയ്ക്ക് ഒപ്പം നനഞ്ഞിറങ്ങി പോയ മുത്തശ്ശി സ്നേഹം ഇന്നും പകരം വയ്ക്കാനില്ലാതെ കണ്ണു നനയ്ക്കുന്നു. പിന്നെയും വന്നു നഷ്ടങ്ങളുടെ മഴക്കാലം. ഒരു മഴക്കാലത്തിന്റെ സുഖകരമായ തണുപ്പു പോലെ എന്നെ പൊതിഞ്ഞു നിന്ന മൃദുവായ ഒരു സ്നേഹമായിരുന്നു എന്റെ ശങ്കുണ്ണി നായർ … ഒരു രോഗകാലത്തിന്റെ വേനൽ ചൂടിൽ നിന്നും എന്നെ കൈ പിടിച്ചു നടത്തി മഴ കാട്ടി തന്നുവെന്ന് ഉറപ്പാക്കി ഈ മഴക്കാലത്തിൽ ആ സ്നേഹവും അലിഞ്ഞു ചേർന്നു. എങ്കിലും, എല്ലാ നഷ്ടങ്ങൾക്ക് ഒടുവിലും മഴക്കാലങ്ങൾ സുന്ദരങ്ങളാണ് .
ഈ മഴക്കാലത്ത് രോഗത്തിനും ചികിത്സക്കും കീഴടങ്ങി, ബാൽക്കണിയിൽ ചിതറി വീഴുന്ന ജലകണങ്ങളോട് പിണങ്ങി വീടിനുള്ളിൽ പൊരുന്നിരിക്കേണ്ടി വരുമെന്ന് ഒരു വേള തോന്നിയതാണ്. ചികിത്സയുടെ തളർച്ച ഏറി, കിതയ്ക്കാതെയും വിയർക്കാതെയും നടക്കാവുന്ന ദൂരം ഏതാനും വാരകളായി ചുരുങ്ങവെ, ഒരു വൈകുന്നേരം, എന്നെ ചൊടിപ്പിച്ചു നിർത്താതെ പെയ്ത മഴയിലേക്ക് ഞാൻ ഇറങ്ങി, മതി വരുവോളം നനഞ്ഞു നടന്നു.തളരുന്നിടത്ത് വിശ്രമിച്ചും തണുത്തു വിറച്ചും പൊടുന്നനെ വിയർത്തും മഴയെ എന്നിലേയ്ക്ക് ആവാഹിക്കെ, ചൂടും തണുപ്പും കവിളിലൂടെ ഒന്നിച്ച് ഒലിച്ചിറങ്ങി. എല്ലാ വ്യഥകളോടും കൂടി തന്നെ ജീവിതം മനോഹരമാണെന്ന് ഞാനറിഞ്ഞു. പുതുജീവന്റെ പുൽനാമ്പുകൾ ചുറ്റും നിറയ്ക്കുന്ന ജൈവതയുടെ സുകൃതമായ് വർഷകാലമേ, ഋതുക്കളിൽ ഏറ്റവും സുന്ദരിയത്രെ നീ…..
ഇത്തിരി മഴയെ വീടിനുള്ളൽ കയറ്റി വിടുന്ന എന്റെ ബാൽക്കണി തുറന്നു തന്നെ കിടക്കട്ടെ…. കർക്കിടകത്തിൽ പതിഞ്ഞു പെയ്യുന്ന മഴയായ് വന്ന് പിതൃസ്നേഹങ്ങൾ എന്നെ തലോടി പോകട്ടെ. അങ്ങ് പുറത്ത് ‘പാഗൽ പത്ത’ മഴയ്ക്കൊപ്പം ചാഞ്ചാടുമ്പോൾ,കാറ്റിനൊപ്പം കവിളിൽ മുത്തമിടുന്ന മഴ ചീളുകൾ, മഴയിലലിഞ്ഞു പോയ സ്നേഹങ്ങളുടെ ഓർമ്മപ്പെടുത്തലാവട്ടെ. ആ നനുത്ത സാന്ത്വന സ്പർശത്തിൽ ഇനിയും വരാനിരിക്കുന്ന മഴക്കാലങ്ങളെ സ്വപ്നം കണ്ടു ഞാൻ ഉറങ്ങട്ടെ…..
( സമർപ്പണം: എന്റെ എഴുത്തുകൾക്ക് ശീർഷകങ്ങൾ നിർദ്ദേശിക്കുന്ന എന്റെ ആത്മമിത്രത്തിന്. നീ ആണ് ഈ വർഷത്തെ മഴക്കാലം എനിക്ക് തിരിച്ചു തന്നത്. നന്ദി…
പിന്നെ, കാലചക്രം ചിട്ടപ്പെടുത്തുന്ന ആ അപാര സംവിധായകനും നന്ദി…)
|