E-Magazine
ലക്കം: 2
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ആഗസ്‌റ്റ് 2017
     
 
 
  Cover Page  
മണ്ണും മനുഷ്യനും
സുനിൽ ഡി ജോർജ്ജ്

മഴക്കാലം ഏവർക്കും പ്രത്യേകിച്ച് മലയാളികൾക്ക് മനസ്സ്നിറയ്ക്കുന്ന ഒരു അനുഭവമാണ്. തങ്ങളുടെ കുട്ടിക്കാലത്തിൽ വയലുകളിലും, ചെറിയതോടുകളിലും കളിച്ചു നടന്ന സുഖകരമായ ഓർമ്മകൾ ഉണ്ടാകുന്ന കാലം. ഇന്നിപ്പോൾ എന്റെ ഫ്ലാറ്റിന്റെ താഴത്തെ നിലയിൽ നിന്നുംപുറത്തേക്ക് നോക്കുമ്പോൾ ദൂരെനിൽക്കുന്ന മരങ്ങളും പുൽത്തകിടിയും മനസ്സിനു സന്തോഷം നൽകാറുണ്ട്. മഴപെയ്യുന്നതോടുകൂടി വരണ്ടനിലങ്ങളിലെല്ലാം പുൽനാമ്പുകൾ തളിർത്ത് പൂക്കൾ വിരിഞ്ഞ് മണ്ണായമണ്ണൊക്കെ ഹരിതാഭമാകുന്നതും ജീവനുടലെടുക്കുന്നതും എന്ത്അത്ഭുതമാണ്.

പ്രകൃതിയെ ആശ്രയിച്ച്ആഹാരവും, വാസസ്ഥലവും കണ്ടെത്തുന്ന എല്ലാ ജീവജാലങ്ങൾക്കും വസന്തം, ഗ്രീഷ്മം, ഹേമന്തം, ശൈത്യം എന്നിങ്ങനെ കൃത്യമായ ഇടവേളകളിൽ പ്രകൃതി ഒരുക്കിയ ഒരു നല്ലക്രമീകരണം ഇതു പ്രകൃതിയുടെ ഒരു ശരിയായ താളമാണ് ഓരോ ഋതുക്കളും അതിന്റേതായ കൃത്യമായ സമയങ്ങളിൽ അവയെ പ്രതീക്ഷിച്ചു നിൽക്കുന്ന ജന്തുസസ്യജാലങ്ങൾക്കായി എത്തിച്ചേരുക എന്നുള്ളത്.

എന്നാൽ മനുഷ്യൻ അവന്റെ സ്വാർത്ഥമായ താല്പര്യങ്ങൾക്കായി ഇവയെല്ലാത്തിനേയും തകിടം മറിക്കുകയാണ്. ഈ മണ്ണിനെ നശിപ്പിക്കുന്നതും ഒരു തരത്തിലുമുള്ള ജീവജാലങ്ങൾക്കും വാസയോഗ്യമല്ലാതാക്കി തീർക്കുന്നതിനും അവന്റെ വീണ്ടുവിചാരമില്ലാത്ത ചെയ്തികൾ കാരണമാകുന്നു.

ജീവൻ വഹിക്കുന്ന പുഴകളെങ്ങനെ മാലിന്യം വഹിക്കുകയും സംഭരിക്കുകയും ചെയ്യുന്നവയായി മാറി? പുഴകളുടെ അരികുകൾ പുൽച്ചെടിക്കും പൂക്കൾക്കും പകരം പ്ലാസ്റ്റിക്കിന്റേയും രാസമാലിന്യത്തിന്റേയും താവളമായി? പുഴയിലും അവയുടെ അതിരുകളിലും കണ്ടിരുന്ന എത്രയോ ജീവികൾ അവിടെ നിന്നും മാറ്റപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ കുറവോ അതല്ലെങ്കിൽ ഇതേക്കുറിച്ചുള്ള അറിവില്ലായ്മയോ മാത്രമല്ല പ്രശ്നം. നദീസംരക്ഷണ ക്ലാസ്സുകൾ പ്രകൃതിസംരക്ഷണ ക്യാമ്പുകൾ എന്നിവയെല്ലാം സമയബന്ധിതമായി നടക്കുന്നുമുണ്ട്. എന്നാൽ ഇതൊന്നും നമ്മെബാധിക്കുന്ന വിഷയമല്ലെന്നും എന്റെ ചുറ്റുപാടുമുള്ളത് എനിക്ക് എങ്ങിനേയും ഉപയോഗിക്കുവാനുമുള്ളതുമാണെന്ന തെറ്റായ ചിന്താഗതി തന്നെയാണ് പലരും വച്ചുപുലർത്തുന്നത് കവിയും സാഹിത്യകാരനുമായ ശ്രീസച്ചിദാനന്ദന്റെ ‘ആറാംനാൾ’ എന്ന കവിതയിൽ പറയുന്നതു പോലെ മനുഷ്യന് “പുഴകൾ കടക്കേണ്ടവയും മലകൾ കീഴടക്കേണ്ടവയും” ആയിമാറി.

നാമോരുരുത്തരും ചിന്തിക്കുന്നുണ്ടാവും നമ്മളൊന്നിനേയും തിരഞ്ഞു പിടിച്ച് നശിപ്പിക്കുവാനോ, വെട്ടിക്കളയുവാനോ കൊല്ലുവാനോ മുതിർന്നിട്ടില്ല. പിന്നെങ്ങെനെ പ്രകൃതിയോടുള്ള ക്രൂരതയ്ക്ക് ഞാനെങ്ങനെ ഉത്തരവാദിയാകും? എന്നാൽ നമ്മുടെ പല പ്രവർത്തനങ്ങളും അറിഞ്ഞോ അറിയാതെയോ പ്രകൃതിയുടെ താളം തെറ്റിക്കുവാൻ പ്രേരകമാകുകയും ജീവികൾക്കോ സസ്യജാലങ്ങൾക്കോ സാധാരണ പുന:രുത്പാദനത്തിനു സാധിക്കാതെ വരികയും ചെയ്യാറുണ്ട്.

കാലവസ്ഥയുമായി ബന്ധപ്പെട്ട് പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്ന വൃക്ഷലതാദികളും മത്സ്യങ്ങളും ദേശാടന പക്ഷികളും വംശനാശം നേരിടുന്നതിൽ പരോക്ഷമായെങ്കിലും ഏവർക്കും ഉത്തരവാദിത്വമുണ്ട്. നാട്ടിൻപുറങ്ങളിൽ സാധരണയായി കണ്ടിരുന്ന പല ചെടികളൂം ഔഷധ സസ്യങ്ങളും അപ്രത്യക്ഷമായി. അവയൊക്കെ ഉപയോഗിച്ചു ശീലിച്ചവർ പോലും നട്ടു വളർത്തുവാൻ മടികാണിച്ചു. ഒരു പക്ഷെ ഇവയൊക്കെ നശിപ്പിക്കുന്നതിൽ നേരിട്ട് പങ്കുവഹിച്ചില്ലെങ്കിലും ഒരു വിത്ത് നടുന്നതിലും അവയെ പരിചരിക്കുന്നതിലും നാം വിമുഖത കാണിച്ചു. പ്രകൃതിനാശം എന്നത് കൂട്ടനശീകരണം മാത്രമല്ല വൃക്ഷലതാദികളുടെ പ്രജനനത്തിൻെറ തടയിടൽ കൂടിയാണ്.

ഒരു ചെടിപോലും നടാതെ എത്ര പൂക്കളൂടെ ഗന്ധവും സൗന്ദര്യവും ആസ്വദിച്ചവരാണ് നമ്മൾ! ഒരായുസ്സിൽ ഒരു മരം പോലും നട്ടുപിടിപ്പിക്കാതെ എത്ര ഫലങ്ങളുടെ രുചി അറിഞ്ഞവരാണ് നമ്മൾ! ക്യാമ്പുകളൂം പോസ്റ്റർ മത്സരങ്ങളും സെമിനാറുകളും അരങ്ങു തകർക്കുകയാണ്. ഇവയൊക്കെ ചെയ്യുന്നതോടൊപ്പം ഒരു മരമെങ്കിലും നട്ടു വളർത്തുവാനുള്ള ഉത്തരവാദിത്വം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഈ കഴിഞ്ഞ മേയ്മാസം കേരളസർക്കാർ ഇത്തരമൊരു നല്ലകാര്യം ചെയ്തിരുന്നു.

മൂവായിരം A4 പേജ് നിർമ്മിക്കുവാൻ ഒരു മരം ആവശ്യമാണെന്ന് വായിച്ചിട്ടുണ്ട് ഈ പ്രസിദ്ധീകരണം ഇത്തരത്തിൽ ആക്കുവാൻ കഴിഞ്ഞതിൽ ക്ലബ്ബും ചെറിയ സഹായം ചെയ്തുവെന്നു അഭിമാനിക്കാം.

പ്രകൃതിസ്നേഹം നായ സ്നേഹത്തിൽ മാത്രമായി ചുരുക്കുന്ന കൂട്ടരുമുണ്ട് കഴിഞ്ഞ കുറെ നാളുകളിൽ കേരളത്തിലെ വാർത്താമാധ്യമത്തിൽ നിറഞ്ഞിരുന്ന നായസ്നേഹം ജനശ്രദ്ധ ആകർഷിച്ചതുമാണ് എന്നാൽ എത്രയോ പ്രാണികളെ ഉരഗജീവികളെ മത്സ്യങ്ങളെ ചെടികളെ നമുക്ക് നാട്ടിൻ പ്രദേശങ്ങളിൽ പോലും കാണുവാൻ സാധിക്കുന്നില്ല. അവ ഒളിഞ്ഞിരിക്കുന്നതല്ല മണ്മറഞ്ഞതു തന്നെയാണ്. ഇവയോട് കാണാത്ത പ്രകൃതിസ്നേഹമോ മാധ്യമശ്രദ്ധയോ എങ്ങിനെ നായയിൽ മാത്രം കാണുന്നു. പ്രകൃതിയോടുള്ള അനുകമ്പയല്ല, ചിലവ്യക്തികളുടെ സ്വകാര്യ ശീലങ്ങൾ പ്രകൃതിസ്നേഹമായി ചിത്രീകരിക്കപ്പെടുയാണ്. (നായകളെ കൊല്ലണമെന്നു ഇവിടെ സമർത്ഥിക്കുന്നില്ല).

അതു പോലെ തന്നെ പലപ്പോഴും കോൺക്രീറ്റ്മാളികയിൽ ഇരുന്ന് ആഗോളതാപനത്തിന് കോൺക്രീറ്റ് വീടുകളെ കുറ്റപ്പെടുത്തുന്നവരുമുണ്ട്. ഒരു രസകരമായ കാര്യം നല്ല വേനൽക്കാലങ്ങളിൽ മാത്രമേ കോൺക്രീറ്റ് വീടുകൾക്ക് പഴികിട്ടാറുള്ളു എന്നതാണ്. നല്ല മഴക്കാലങ്ങളിലോ തണുപ്പും കാറ്റുമുള്ള കാലവസ്ഥയിൽ ഈ കോൺക്രീറ്റ് വീടുകളിൽഅഭയം പ്രാപിക്കുവാനാണ് ഏവരും ആഗ്രഹിക്കുന്നതും. എന്നാൽ കോൺക്രീറ്റ് ഭവനങ്ങളേക്കാൾ മണ്ണിന്റെ നിർബന്ധിത വന്ധ്യംകരണത്തിന് ഇടയാക്കുന്നത് ടൈലുകൾ പാകിയ വലിയമുറ്റങ്ങളാണ്. ഒരു തുള്ളി വെള്ളം ഊർന്നിറങ്ങാൻ അനുവദിക്കാതെ ടൈലുകൾക്കടിയിൽ പ്ലാസ്റ്റിക്ക്ഷീറ്റുകൾ പാകിയ മുറ്റങ്ങൾ രണ്ടും മൂന്നും കാറുകൾ പാർക്ക് ചെയ്യുവാനും ഡിജിറ്റൽ ഗെയിമിനു മുൻപിൽ ഇരിക്കുന്ന കുരുന്നുകൾക്ക് എന്നെങ്കിലും കളിക്കുവാൻ തോന്നുകയാണെങ്കിൽ അവർക്ക് വേണ്ടി വലിയ നിരപ്പായമുറ്റം... വീടുകളുടെ ഇരട്ടിയിലധികം സ്ഥലങ്ങളാണ് ഇങ്ങനെ നശിപ്പിച്ചിരിക്കുന്നത് ടൈലുകൾ പാകിയ മുറ്റങ്ങൾ നിയന്ത്രിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ശാസ്ത്രജ്ഞർ പുതിയ തരത്തലുള്ള കീടങ്ങളെ ലാബുകളിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന വിവരം വായിച്ചു കേട്ടു “പ്ലാസ്റ്റിക്ക് തിന്നുന്ന കീടങ്ങൾ” പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഭൂമിയിൽ നിന്നും തുടച്ചു നീൽക്കുവാൻ സാധ്യകരമായ ചുവടുവെപ്പ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവയുടെ വരുംവരായ്കകൾ വരും കാലങ്ങളിൽ മാത്രമേ മനുഷ്യനു പിടികിട്ടുകയുള്ളൂ ഒരു കണ്ടുപിടിത്തത്തിന്റേയും ഭാവിയിൽ അതുമൂലമുണ്ടായേക്കാവുന്ന ദൂഷ്യവശങ്ങൾ മനസ്സിലാക്കാനുള്ള ദീർഘദർശനമൊന്നും ഇതുവരെ ഒരു ശാസ്ത്രലോകത്തിനും കൈവന്നിട്ടുമില്ല.

എല്ലാ ജീവ വ്യവസ്ഥയുടേയും കേന്ദ്ര ബിന്ദു മനുഷ്യനാണെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ വലിയ ഉത്തരവാദിത്വവും മനുഷ്യനിൽ നിക്ഷിപ്തമായിരിക്കുന്നു. ഈ പ്രകൃതിയുടെ ആരോഗ്യവും സൗന്ദര്യവും പരിപാലിക്കേണ്ടതു മനുഷ്യന്റെ കടമ കൂടിയാണ്. ഓരോ ജീവിയുടേയും വംശനാശം മനുഷ്യകുലത്തിന്റെ വംശനാശത്തിലേക്കുള്ള ഒരുചുവടാണ്. മനുഷ്യനില്ലെങ്കിലും ഭൂമി നിലനിൽക്കും, അതിന്റെ സർവ്വ സൗന്ദര്യത്തോടും കൂടി. എന്നാൽ മറ്റു ജീവികളോ സസ്യലതാദികളോ ഇല്ലാതെ മനുഷ്യനു നിലനിൽപ്പില്ല.

മനുഷ്യൻ, അവനെ ഉൾക്കൊള്ളുന്ന ഈ ഭൂമിയോട് കരുണയോടെയും സ്നേഹത്തോടെയും സമീപിക്കേണ്ടത് ആവശ്യമാണ്. പലതരത്തിലും ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രസംസ്ഥാന വാദങ്ങളിൽ വിദ്വേഷവും വെറുപ്പും പുലർത്തുന്ന മനുഷ്യർ ക്കെങ്ങെനെ ഒരു സുപ്രഭാതത്തിൽ ഭൂമിയെ സ്നേഹിക്കുവാനും കരുതുവാനും സാധിക്കും? ശുദ്ധമായ വായുവും ജലവും ഈ അതിർത്തികൾ കടന്നു പോകേണ്ടതു തന്നെയാണ്. ഈ തലമുറയും ഇനി വരാൻ പോകുന്ന തലമുറകളും ഇവയൊക്കെ സന്തോഷത്തോടെ അനുഭവിക്കട്ടെ. പ്രകൃതിയോടുള്ള ക്രൂരതമനുഷ്യന്റെ സ്വഭാവം ആയിക്കഴിഞ്ഞിരിക്കുന്നു. ”ആർട്ട് ഓഫ് ലവിങ്ങ്“ ആണ് നമുക്കിന്നാവശ്യം, ഭൂമിയോടൂം അതിലെ സകല ചരാചരങ്ങളോടും. ഇന്ന് എനിക്ക് ലഭ്യമായ ഈ ഭൂമി നാളെ വരും തലമുറയ്ക്കായി സന്തോഷപൂർവ്വം കൈമാറേണ്ടതാണ്.

മണ്ണിൽ നിന്ന് സൃഷ്ടിയും മണ്ണിലൂടെ സ്ഥിതിയും മണ്ണില്ലെങ്കിൽ സംഹാരവും പൂർണ്ണമാകും.

ഈ മഴക്കാലം വരുവാൻ പോകുന്ന വേനൽക്കാലത്തിന് ഉപകാരമായിരിക്കട്ടെ.


  Content  
  എഡിറ്റോറിയൽ  
  In the e-Era
Dr. A.P. Jayaraman
 
  കാളിയും എന്റെ ജീവിതവും (നദിയോർമ്മ)
കണക്കൂർ ആർ. സുരേഷ്‌കുമാർ
 
  പ്രിയേ നിനക്കായ്
ബോബി വത്സരാജ്
 
  മണ്ണും മനുഷ്യനും
സുനിൽ ഡി. ജോർജ്
 
  Melancholic Melody
Abhishek Nair
 
  നീലജ്ജ്വാല
റാണി ബി. മേനോൻ
 
  കുറുവരികൾ
പി. വിശ്വനാഥൻ
 
  Our Winter Guests
Nandan Menon
 
  അഹങ്കാരം
മായാദത്ത്
 
  മഴപൊഴിയും വഴിയിൽ
പ്രതിഭാ പ്രദോഷ്
 
  മഴക്കാലഭംഗികൾ
വിജു ചിറയിൽ
 
  അക്കരപ്പച്ച
നോബിൾ ജേക്കബ്
 
  കാപാലികത്വം
രവീന്ദ്രൻ ടി.ജി.
 
  ജ്ഞാനപീഠം
പത്മകുമാർ
 
  നിസ്സഹായത
ലീന പിള്ള
 
  Before I leave
Lakshmi Sandeep