ജീവിതം ആസ്വദിക്കാൻ മറന്നുപോയെന്നറിഞ്ഞത്
ഏറെ വൈകിയായിരുന്നു.
ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ
കാലത്തിലൂടെ ഒരുപാടുദൂരം പിന്നിട്ടു കഴിഞ്ഞുവെന്ന്
ഒരു ഉൾച്ചൂടോടെയറിഞ്ഞു.
ജീവിതത്തിന്റെ അവസാന കുതിപ്പുകളിൽ എന്റെകാലുകൾ ഇടറി വിറച്ചു.
നേടിയതൊന്നുമല്ല ശാശ്വതമെന്ന തിരിച്ചറിവ്
അഹങ്കാരത്തിനേറ്റ അടിയായി.
പിന്നെ,
അസ്വസ്ഥതയുടെ നൂൽപ്പാലത്തിലൂടെ
ഇടറുന്ന കാൽവെയ്പ്പുകളുമായി ഞാൻ നടന്നു.
താഴെ അഗാധതയിൽ
ആർത്തിരമ്പി
അലയടിച്ചൊഴുകുന്നത് എന്റെ തന്നെ
പാപങ്ങളും കർമ്മ ഫലങ്ങളുമെന്ന് വേദനയോടെ ഞാൻ കണ്ടറിഞ്ഞു.
വീണ്ടും അതിലേക്ക് വീഴാതിരിക്കാൻ
ഏറെ സൂക്ഷിച്ച്, അവധാനതയോടെ,
അടികൾ വെച്ച് ഞാൻ മുന്നോട്ട് നീങ്ങി,
ഒരു ഉൾക്കിടിലത്തോടെത്തന്നെ.
പഴയകാലത്തിലേക്ക് വീണ്ടും തിരിച്ചുപോയി
തെറ്റുകുറ്റങ്ങളില്ലാത്തൊരു ജീവിതം
ആസ്വദിച്ചാനന്ദിക്കാൻ ഞാൻ കൊതിച്ചു ...
വെറുതെയെന്നറിഞ്ഞിട്ടും .....
ഒരു തിരിച്ചുപോക്കിനശക്തയെന്ന് കണ്ട്
ഉള്ളിലെവിടേയോ വറ്റിവരണ്ട കണ്ണീരിനായ്
ദാഹിച്ചുവലഞ്ഞൊരു നിമിഷം നിന്നുപോയ്....