കാലം കടന്നുപൊയ്‌ക്കൊണ്ടിരുന്നു എന്ന് വീണ്ടും വീണ്ടും പറയാതെ മനസ്സിലായിക്കാണുമല്ലോ. കലാപരിപാടികൾ, ടാറ്റായിൽ പലതും അരങ്ങേറി. ഏറ്റവും ജനപ്രീതി നേടിയ ഐറ്റങ്ങൾ കൂടിയാട്ടവും കുറത്തിയാട്ടവുമായിരുന്നു. ഇതുരണ്ടും ചരിത്രത്തിലും, കെട്ടിലും മട്ടിലും എല്ലാം വിഭിന്നത പുലർത്തിയിരുന്നെങ്കിലും ആസ്ഥാന കലാകാരന്മാരുടെ കൈപ്പുണ്യം കൊണ്ട് അത്ഭുതകരമായി സമന്വയിച്ചു. കലയുടെ ഗന്ധം പോലുമറിയാത്ത, അഭ്യസ്തവിദ്യർ പോലും ഇതെല്ലാം കണ്ട് ഒരു "ദാസേട്ടൻ കച്ചേരി" കേൾക്കുന്ന സുഖത്തോടെ കോൾമയിർ കൊണ്ടു.
സാറ്റർഡേ നൈറ്റ് ഫീവറും മറ്റും, ഫ്രീയായിക്കിട്ടുന്ന ക്രോസിനടിച്ച് ജനം മറന്നു. ഫ്രൈഡേ സിൻഡ്രോം പലർക്കും പിടിപെട്ടു. ഇത് അനുഭവിച്ചറിയാനായി നഗരങ്ങളിൽ നിന്നുപോലും ജനം എത്തിയിരുന്നു. അണുശക്തിനഗരം ഒരു എക്സാമ്പിൾ മാത്രം. വന്നുവന്ന് വെള്ളിയാഴ്ച ആകാൻ ജനം വെമ്പൽ കൊണ്ടു. അന്ന് അഞ്ചുമണിയോടെ ഒരുതരം വിറയൽ അനുഭവപ്പെടാറുള്ളത് ഇപ്പൊഴും പലർക്കും ഓർമ്മയില്ലേ? ഓർമ്മകളേ... കൈവള ചാർത്തി...എപ്പടി?
ഇത്തരം ഒരു വെള്ളിയാഴ്ച. അന്നെന്തോ കാണികളാരും ഉണ്ടായിരുന്നില്ല. ആസ്ഥാന കലാകാരൻ, രാത്രി ഒമ്പതുമണിയായിട്ടും എത്തിച്ചേർന്നില്ല. ഒമ്പതര, പത്തര. കാത്തിരിപ്പ് ഉപേക്ഷിച്ച് നോം ഡൈൻ ചെയ്യാനായി കഞ്ഞിക്കലം തുറന്നു. കപ്പയും കഞ്ഞിയും അച്ചാറും (ഇത് കലാപരിപാടികൾക്ക് ശേഷം ബാക്കിവന്നാൽ) ആവശ്യാനുസരണം വിളമ്പിവച്ചു. "ഒറ്റ തൊടുകറി"യുമുണ്ട്.
കതക് മെല്ലെ തുറന്ന് അവശകലാകാരൻ പ്രത്യക്ഷപ്പെട്ടു. ഇതൊരു വിശേഷണമല്ല, തീർത്തും അവശൻ. മുഖം ചെറുതായി കോടിയിട്ടുണ്ട്. നെറ്റിയിലൊരു ചെറിയ മുഴയും. പാന്റിന്റെ അടിവശം ഒരല്പം കീറിയിരിക്കുന്നു. നടക്കുമ്പോൾ ഒരു ചെറിയ മുടന്തും. ചെരുപ്പുമില്ല.
കണ്ണിന്റെ ചുവട്ടിലുമുണ്ട് കറുപ്പ്. സംശയമില്ല, മൈന തന്നെ.
ഇതെന്തുപറ്റി എന്ന ചോദ്യം വകവയ്‌ക്കാതെ നമുക്കൂടെ കുറച്ച് കഞ്ഞിയെടുക്ക് പപ്പാ എന്ന അപേക്ഷ കേട്ടപ്പോൾ എന്തോ കാര്യമായി സംഭവിച്ചിട്ടൂണ്ട് എന്ന് ബോധ്യമായി. കഞ്ഞികുടി തുടങ്ങിയപ്പോൾ നെറ്റിയിലെ മുഴയെപ്പറ്റി ചോദിച്ചു.
നമസ്കാരകിണമുദ്രയാ പപ്പാ എന്നാണ് പറഞ്ഞത്. എവിടെയാണ് നമസ്‌ക്കാരം നടന്നതെന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും കഞ്ഞികുടി നടക്കട്ടേ എന്ന് കരുതി.
തീരെ അവശനായതിനാൽ മറ്റ് വിസ്താരം ഒന്നും നടന്നില്ല. കിടക്കുന്നതിനുമുന്നെ ഒന്ന് വീണതാണെന്ന സത്യം പുറത്തുവന്നു. ഇനി ഞാൻ ഉറങ്ങട്ടെ എന്ന് പറഞ്ഞ് അദ്ദേഹം കിടക്ക പൂകി.
മൂന്നര വെളുപ്പിന് ഒരു കരച്ചിൽ പോലെ തോന്നിയാണ് നാമുണർന്നത്. അയ്യോ, തല്ലല്ലേ, കൊല്ലല്ലേ, എന്നിൽ ഔഷധഗുണമില്ലേ... എന്നെല്ലാം പുലമ്പുന്നു, നമ്മുടെ കലാതിലകം. മറ്റെല്ലാരെയും ഉണർത്തി, നാം കാര്യമന്വേഷിച്ചു. എല്ലാരും അറിഞ്ഞ നിലയ്‌ക്ക് സത്യാവസ്ഥ വിളിപ്പെടുത്താൻ അദ്ദേഹം തയ്യാറായി. ഒന്നിനു പോയി വരാമെന്ന് പറഞ്ഞ അദ്ദേഹം രണ്ടും കഴിക്കയാണോ? നടുവിന് കൈ കൊടുത്ത് അദ്ദേഹം പുറത്തുവന്നു. മൂത്രവും പോകുന്നില്ല, ഷിറ്റ്, എന്നും പറഞ്ഞാണ് വരവ്.
ഇതിനകം എല്ലാരും ഉണർന്നിരുന്നു. കവിള്‍ ആവശ്യത്തിലധികം തുടുത്തിരുന്നു. തോളത്തു കൈ വച്ചപ്പോൾ അയ്യാ..എന്ന് കൈ തട്ടി മാറ്റി. ദൈവമേ ! ഇനിയൊരിക്കലും കള്ളനെ പിടിക്കാൻ തോന്നിക്കല്ലേ എന്നൊരു ഡയലോഗും. എന്തുപറ്റിയെന്ന് പറയെടേ. എവിടെയാണ് വീണത്?
ഓ. ജ്ഞാനപീഠത്തിൽ നിന്നാണ് വീണത്. അദ്ദേഹം തുടര്‍ന്നു.
ഡേയ്, അന്ന് പിടിച്ച ആ കള്ള**൬൭൮** അവനില്ലേ, ഇന്നലെ രാത്രി നമ്മൾ വരുംവഴി നമ്മെക്കാണുകയും ഞൊടിയിടയിൽ അവന് തിരിച്ചറിവ് കിട്ടുകയും ചെയ്തു. അല്ല, അവനിട്ട് കിട്ടിയ കണക്കുനോക്കിയാൽ അവൻ മറക്കുമോ മാനുഷനുള്ള കാലം എന്നല്ലേ പഴമൊഴി.
അവന്റെ കൂടെ ഒരു ഗുസ്തിക്കാരൻ കൂടി ഉണ്ടായിരുന്നു. എവനവനെ കണ്ണുകാണിക്കുകയും അവൻ നമ്മുടെ കൈകൾ രണ്ടും ചേർത്ത് മുടി പിന്നുമ്പോലെ ആക്കുകയും ചെയ്തു. മിണ്ടിയാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി, അവർ നമ്മെ അടുത്തുള്ള കടയുടെ ഇടയിൽക്കൂടി നടത്തി, ഒരു ഇടുക്കുമുറിയിൽ കയറ്റി.
എന്നിട്ട്?
അവിടെ ആകെയുണ്ടായിരുന്ന ഒരു പൊക്കമുള്ള സ്റ്റൂളിൽ കയറ്റിയിരുത്തി. പിന്നെ ചോദിച്ചു, തൂനെ ഗ്യാന്‍പീഠ് സുനാഹേ?
അറിയാവുന്ന ഹിന്ദിയില്‍ താങ്ങി, നഹീ നഹീ.... ഠീക്ക് ഹേ.. ഹം ദിഖാ ദേംഗെ.
ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്. തേരാ ... മാക്കീ...ബേൻ....വല്ലവളുമായിരുന്നോ അവള്‍? സാലേ, തൂ ഭീ നാ...ഇസ്ക്‌കേലിയേ ഹംലോഗ് തേരേക്കോ ഠൂണ്ട് രഹാ ഥാ. ഇത്തനാ ജൽദീ മിലേഗാ ന സോച്ചാ. ഇസ്‌ക്കേലിയേ തുമേ ഗ്യാൻ മിലേഗാ. ദോ ദിൻതക് ശൂശൂ ഭീ മത് ജായേഗാ.
പിന്നങ്ങോട്ട്ഒന്നുംഓർമ്മയില്ല.
ശരീരത്തിന്റെ പലഭാഗങ്ങളും ചളുങ്ങുന്നതും നൂരുന്നതുമായി തോന്നിയിരുന്നു.
എപ്പൊഴോ ആ ജ്ഞാനപീഠത്തിൽ നിന്ന് വീണതോർമ്മയുണ്ട്. അവന്മാർ ആക്രോശിച്ചു. നിന്റെയൊക്കെ ഇടി കൊണ്ടതു പോരാഞ്ഞ്, പോലീസുകാരും ഇടിച്ചത്രേ. കട്ട മാല നേരേ ചെവ്വേ സൂക്ഷിച്ച് വയ്‌ക്കാൻ പോലും പറ്റാത്ത നീയൊക്കെ ഇപ്പണി നിർത്താൻ പറഞ്ഞത്രേ.
മുട്ടുകാലിൽ വീണ് അവരോട് മാപ്പ് ചോദിച്ചു. അവർ ദയാവായ്‌പ്പോടെ ഒരു ചെറിയ താങ്ങുകൂടെ കൊടുത്ത്, ഇത്രയും പറഞ്ഞു. നീ സാക്ഷി പറയാതിരുന്നത് നിന്റെ ഭാഗ്യം. അല്ലെങ്കിൽ ഒരു കുഴി കൂടെ കുത്തണ്ടി വന്നേനേ. മിക്സഡ് മോഡില്‍ അഞ്ചാറ് തെറി പറഞ്ഞശേഷം ഒരു കുപ്പിഗ്ലാസിൽ മുക്കാലോളം ഒഴിച്ച് ഒരു സാധനം കുടിപ്പിച്ചു. യേ സന്ത്രാ പീക്കേ ബാഹർ നികൽ. ദോ ലെഫ്‌റ്റ് മാർക്കേ സീധാ ചൽ.
സിഗ്നൽ ആയേഗാ. ഉധർ സേ റൈറ്റ്. കിസീസേ പൂഛ്. ചൽ ഫട്. ചപ്പൽ ഇധർ ഡാൽക്കേ ജാ..സാലേ. യെ ഗ്യാൻ കഭീ ഭൂലോ മത്. ഉംഗലീഗിരി കഭീ മത് കർ.
ജീ സാബ്..
അങ്ങനെയാണ് ഇപ്പരുവത്തിലായത്. രക്ഷപ്പെട്ടത് തന്നെ ഭാഗ്യം.
ഇത്രയും പറഞ്ഞ് വീണ്ടും ഒന്നിന് ശ്രമിക്കാൻ തുനിഞ്ഞു.
ക്ഷീണിതനായി പുറത്തുവന്നു. രക്ഷയില്ല. രണ്ടു ദിവസമാണ് പറഞ്ഞിരിക്കുന്നത്. ജ്ഞാനികൾ തന്നെ.
പപ്പാ.. കുറച്ച് വെള്ളം. ഒന്നുകൂടി ഉറങ്ങാൻ ശ്രമിച്ചു നോക്കാം.
ജ്ഞാനപീഠം മനസ്സിൽ കണ്ട് നാമും കട്ടിലിലോട്ട് ചരിഞ്ഞു.
|