കാശ്മീർ താഴ്വരയിലൂടെ നടക്കുകയായിരുന്നു ഞാൻ.
കലോഹൊയ് ഗ്ലേസിയറും (Kalhoi glacier) കണ്ടുള്ള മടക്ക യാത്ര...
എപ്പൊഴും ഐസ് മൂടി കിടക്കുന്ന ഒരു മഞ്ഞു മലയാണ്
കലോഹൊയ് ഗ്ലേസിയർ. പെഹൽഗാമിലേ ’അരു’ എന്ന
സ്ഥലത്തു നിന്നും എകദേശം 45km, ജനവാസം ഇല്ലാത്ത
സ്ഥലത്തു കൂടെ കാൽനടയായി യാത്ര ചെയ്തെങ്കിൽ മാത്രമേ കലോഹോയിൽ എത്തുവാൻ സാധിക്കുകയുള്ളു .
ഭീമമായ പാറകെട്ടുകൾക്കിടയിലൂടെ ഉള്ള ക്ലേശകരമായ
യാത്ര ആയിരുന്നു അത്. കൂടാതെ, കൊടും തണുപ്പും (2-3 oC),
ന്യൂന അന്തരീക്ഷ മർദ്ദവും, ഓക്സിജന്റെ കുറവും. പ്രകൃതി
രമണിയമായ കാഴ്ചകൾ (പച്ച പുതച്ചു വെള്ള തൊപ്പി അണിഞ്ഞ കുന്നുകൾ... അരുവികൾ… വെള്ളച്ചാട്ടങ്ങൾ... ഒരേ സമയം ഇളം വെയിലും, പഞ്ഞി പോലെ പാറി നടക്കുന്ന മഞ്ഞും, നനുനനുത്ത മഴയും, മന്ദമാരുതനും…) എന്റെ മനസ്സിന് കുളിർമ നൽകിയെങ്കിലും, അതിശക്തമായ തലവേദനയാലും, ഛർദ്ദിയാലും ഞാൻ ആകെ തളർന്നിരുന്നു.. മൂക്കിൽ നിന്നും രക്തം വാർന്നു ഒഴുകാൻ തുടങ്ങി. ക്ഷീണിച്ച് അവശനായ എനിക്ക് നിൽക്കുവാൻ പോലും ശക്തി ഇല്ലാതെയായി തോന്നി.
കുറെ ദൂരം നടന്നപ്പോൾ, ഒരു ഇടയകന്യക അരുവിയിൽ നിന്നും വെള്ളം കോരിക്കൊണ്ടു തന്റെ വീട്ടിലേക്കു. പോകുന്നത് ഞാൻ കണ്ടു. അവളുടെ അടുത്ത് എത്തിയപ്പോൾ എവിടെയോ കണ്ടു പരിചയം പോലെ എനിക്ക് തോന്നി. അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഞാൻ ചോദിച്ചു, ചായ കിട്ടുമോ എന്ന്. അവൾക്കു ഹിന്ദിയും അറിയില്ലായിരുന്നു. എന്റെ ദയനീയ അവസ്ഥ കണ്ടപ്പോൾ ആംഗ്യ ഭാഷയിൽ കൂടെ വരുവാൻ പറഞ്ഞു, വീട്ടിലേക്കു കൂട്ടി കൊണ്ടു പോയി.
നാലു കമ്പ് വെച്ച്, പുല്ല് മേഞ്ഞ ഒരു കൊച്ചു കുടിൽ ആയിരുന്നു അവളുടെ വീട്. നാലു വശങ്ങളും പാറചീളുകൾ അടുക്കി വച്ച് മറച്ചിട്ടുണ്ട്, ഒരു വശത്ത് ആടിന്റെ കൂട് ആണ്, അതിൽ ഏകദേശം 100 ആടുകൾ ഉണ്ടാകും.
വീടിനു അകത്തു കയറിയപ്പോൾ ഞാൻ കണ്ടത് അവളുടെ പിതാവ് ഇരുന്നു ഹുക്ക വലിക്കുന്നതാണ്. ചേട്ടൻ ഒരു വലിയ കത്തിയുമായി ഇരിക്കുന്നു, അമ്മ അടുപ്പിൽ എന്തോ തിളപ്പിക്കുന്നു. എല്ലാവരും നെരുപ്പോടിനു (fire place) ചുറ്റും ഇരുന്നു തീ കായുന്നു.
അവൾ എനിക്ക് ഇരിക്കുവാൻ തീയുടെ അടുത്ത് ഒരു സ്ഥലം കാണിച്ചു തന്നു. ഞാൻ ഭയപെട്ടു – ഇവർ എന്തെങ്കിലും ചെയ്താലോ!! എന്തായാലും ഞാൻ ഇരുന്നു. അവൾ എന്റെ ബാഗ് വാങ്ങി താഴെ വെച്ചു. അവൾ തന്റെ കുപ്പായത്തിനുള്ളിൽ നിന്നും ഒരു തീകനൽ നിറഞ്ഞ ഒരു കൂട് (ചൂരൽ കൊണ്ട് വരിഞ്ഞത്) എടുത്തു തന്നിട്ട് എന്റെ നെഞ്ചിൽ വെക്കുവാൻ പറഞ്ഞു. (ചൂട് ലഭിക്കാനായി, വസ്ത്രത്തിന്നുള്ളിൽ ഈ തീകനൽ നിറഞ്ഞ കൂടുമായി ആകുന്നു ഇവർ സാധാരണയായി നടക്കുന്നത്). ചൂട് കിട്ടിയപ്പോൾ എനിക്ക് ആശ്വാസമായി.
ഒളികണ്ണോടെ ഞാൻ അവരെ വീക്ഷിച്ചു. ഒരു നല്ല വസ്ത്രം പോലുമില്ല, കഴിക്കുവാൻ നല്ല ആഹാരമില്ല, എഴുത്തും വായനയും അറിയില്ല, പുറം ലോകം കണ്ടിട്ടില്ല, ഒരു കപടതയും ഇല്ല. എത്ര ശുദ്ധവും നിഷ്കളങ്കരുമായ ആൾക്കാർ - ഒരു പരിശുദ്ധിയുള്ള സ്ഥലത്ത്.
അവളുടെ അമ്മ എനിക്ക് കുടിക്കുവാൻ ചായ തന്നു. എനിക്ക് വളരെ ആശ്വാസമായി. അവളും അമ്മയും എന്തൊക്കയോ എന്നോട് പറയുന്നുണ്ടായിരുന്നു. അവർ പറയുന്നത് എനിക്കും, ഞാൻ പറയുന്നത് അവര്ക്കും മനസിലാകുന്നില്ലായിരുന്നു. അവരുടെ സ്നേഹപ്രകടനങ്ങൾ എന്റെ മനസ്സിനെ ആകർഷിച്ചു. ഗ്രാമത്തിലെ സന്തോഷമായ എന്റെ കുട്ടികാലം എനിക്ക് ഓര്മ വന്നു. കുറച്ചു സമയം കൊണ്ട് ഞാൻ ആ വീട്ടിലെ അംഗമായി മാറി.
ഞാൻ ചിന്തിച്ചു - എത്ര സന്തോഷമുള്ള കുടുംബം, നല്ല ആരോഗ്യമുള്ള ആൾക്കാർ, കഠിനാദ്ധ്വാനികൾ. നാളെയെ പറ്റി ചിന്തയില്ല - പക്ഷെ അവർ സന്തോഷമുള്ളവരാണ്. എനിക്കും അവരെ പോലെ ആകുവാൻ കഴിഞ്ഞിരുന്നെങ്കിൽ... അതുപോലുള്ള ഒരു ജീവിതം കിട്ടിയിരുന്നെങ്കിൽ… ഞാൻ നെടുവീർപ്പെട്ടു,
കുറച്ചു സമയത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്തപ്പോൾ ഞാൻ പുറത്തു ഇറങ്ങി, ഒപ്പം അവളും അവളുടെ അമ്മയും. അവളുടെ ചുണ്ടുകൾ എന്തൊക്കയോ പറയുവാനായി വെമ്പുകയായിരുന്നു. അമ്മയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എനിക്കൊന്നും മനസ്സിലായില്ല.
ഞാൻ പുതച്ചിരുന്ന കമ്പിളി പുതപ്പ് അവൾ ചോദിച്ചു, ഞാൻ കൊടുത്തു. എന്റെ തൊപ്പിയും സൺഗ്ലാസ് ഒക്കെ വെച്ച് പല പോസിൽ അവളുടെ ഫോട്ടോ എടുക്കുവാൻ എന്നോട് പറഞ്ഞു. ഞാൻ എടുത്തു. ഒരിക്കൽ ഹിന്ദി സിനിമ കണ്ടിട്ടുണ്ടെന്നും, സിനിമയിൽ അഭിനയിക്കുവാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞു. കുറച്ചു സമയം കൊണ്ട്, അവളുടെ സ്വപനക്കോട്ടകളെ മനസ്സിലാക്കുവാൻ എനിക്ക് കഴിഞ്ഞു..
സിനിമയിൽ കാണുന്ന പോലെ സുഭിക്ഷിതവും, പ്രേമനിര്ഭരവും, സന്തോഷമുള്ളതും, ആഡംബരം നിറഞ്ഞതുമാണ് നഗരത്തിലെ ജീവിതം എന്നാണ് അവളുടെ മനസ്സിൽഉള്ളത്. ഈ കഷ്ടപ്പാടിൽ നിന്നും വല്ല വിധേനെയും മോചനം നേടി, നഗരത്തിൽ പോയി സുഖമായി ജീവിക്കാം എന്നാണ് അവൾ കരുതുന്നത്.
ഒരു സംഭാവന കൊടുത്തു അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു. അവരുടെയും കണ്ണുകൾ നിറഞ്ഞപ്പോൾ എനിക്ക് ദുഃഖമായി… പിന്നെ ആരും ഒന്നും സംസാരിച്ചില്ല. എത്ര പെട്ടന്നാണ് മനസ്സുകൾ തമ്മിൽ അടുക്കുന്നത്, വിരഹവും എത്ര പെട്ടന്ന്.
ഞാൻ നടന്നു അകന്നപ്പോൾ അവൾ കുറെ ദൂരം എന്നെ പിന്തുടർന്നു. ഒരു പൊട്ടു പോലെ അവൾ അപ്രത്യക്ഷം ആകുന്നതുവരെ ഞാൻ വീണ്ടും വീണ്ടും പിന്തിരിഞ്ഞു നോക്കി. എല്ലാം ഒരു നിമിത്തം ആണെന്ന് സ്വയം ആശ്വസിച്ചു കൊണ്ട് മലമുകളിലെ നല്ല ഓർമകളുമായി മടക്കയാത്ര ആരംഭിച്ചു.
|