E-Magazine
ലക്കം: 4
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ജൂലായ് 2018
     
 
 
  Cover Page  
യാത്രകളിൽ ചിലപ്പോൾ സംഭവിക്കുന്നത്
കണക്കൂർ ആർ. സുരേഷ്‌ കുമാർ

കഴിഞ്ഞൊരു ദിവസം, രാത്രിയുടെ വൈകിയ വേളയിൽ മുംബൈയ്ക്കുള്ള തീവണ്ടി കാത്ത് മഡ്ഗാവ് സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു. മേയ്മാസ ചൂടിനെ മറികടക്കുവാന്‍ ഫാന്‍ കറങ്ങുന്ന ഇടത്തിന് കീഴെയുള്ള ഇരിപ്പിടം തേടി കണ്ടുപിടിച്ചതാണ്. എനിക്കു പോകേണ്ട തീവണ്ടി എത്തുവാൻ ഇനിയും കുറേ സമയമുണ്ട്. ബാഗ് തുറന്ന് ഒരു പുസ്തകമെടുത്തു. അതിനിടെ ഒരാൾ അരികിൽ വന്നിരുന്നു. ആൾ സ്വയം പരിചയപ്പെടുത്തി. ശേഷം തീവണ്ടികൾ വൈകുന്നതിനെ കുറിച്ചുള്ള ഒരുപിടി പരിഭവങ്ങൾ പറഞ്ഞു. കുറച്ചു നേരം അദ്ദേഹത്തിന് ചെവി നൽകിയ ശേഷം പുസ്തകത്തിലേക്കു മടങ്ങുവാൻ ശ്രമിച്ചു.

യു കെ കുമാരൻ സാറിന്‍റെ നോവല്‍ - തക്ഷൻകുന്ന് സ്വരൂപം. വായന രസം പിടിച്ചു വന്നതാണ്. ഒരു ദേശത്തിന്‍റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ഭൂവിലേക്ക് രാമര്‍ എന്ന കഥാനായകന്‍ എന്നെ കൈപിടിച്ചു കടത്തിക്കൊണ്ടു പോകുവാന്‍ തുടങ്ങുകയായിരുന്നു. അതിനിടെ, അടുത്തിരുന്ന അദ്ദേഹം എന്നെ വീണ്ടും തോണ്ടി വിളിച്ചു.

“എന്തിനു ഗോവയിൽ വന്നു ?”, “എത്ര ദിവസങ്ങൾ ഉണ്ടായിരുന്നു?” തുടങ്ങിയ ഒരടുക്ക് ചോദ്യങ്ങളായിരുന്നു പിന്നെ.

ഒരുവിധം ഉത്തരങ്ങള്‍ നല്‍കി, വീണ്ടും പുസ്തകത്തിലേക്ക് മടങ്ങുവാൻ ശ്രമം നടത്തി. വീണ്ടും അദ്ദേഹം ചോദ്യം ഉതിര്‍ത്തു-

“പുസ്തകവായന വലിയ ഇഷ്ടമാ അല്ലേ... നല്ല കാര്യമാണ്”

തുടർന്ന് തന്‍റെ വായനയൊക്കെ സെൽഫോണിൽ മാത്രമാണെന്ന് കുറ്റസമ്മതവും നടത്തി. ശേഷം സ്വന്തം സെൽഫോണെടുത്ത് അതിലേക്കു കയറിപ്പോയി. രക്ഷപെട്ടു. ഇനി സ്വസ്ഥമായി വായിക്കാം എന്നു ഞാന്‍ കരുതി.

എന്നാൽ അതെല്ലാം വെറുതെയായിരുന്നു. ആൾ ഫോണിൽ തപ്പിയെടുത്ത എന്തോ ഒന്നുമായി ഇടയിൽ ചാടിവീണു.

“ഇതു നോക്കു... എത്ര രസകരമായിരിക്കുന്നു.”
തികഞ്ഞ വെറുപ്പോടെ ഞാൻ അതിലേക്ക് പാളിനോക്കി. എന്തോ ഒരു തമാശ വീഡിയോക്ളിപ്പ്. “താങ്കൾ കണ്ടോളൂ. എനിക്കിതിലൊന്നും താൽപര്യമില്ല...” എന്നു പറഞ്ഞ് പുസ്തകത്തിലേക്ക് മടങ്ങുവാൽ ശ്രമം നടത്തി.
വലിയൊരു ചിരിയായിരുന്നു മറുപടി. ആ മനുഷ്യൻ തുടർന്നു-

“ഇതൊക്കെ കാണണം സഹോദരാ... കാലത്തിനൊത്ത് നമ്മൾ മാറണം. എന്തെല്ലാം നല്ല കാര്യങ്ങളാണ് ചെറിയ സന്ദേശങ്ങളായി ഈ ഫോണിൽ വരുന്നത്...”

“ദയവായി താങ്കൾ എന്നെ വെറുതെ വിടൂ... ഞാൻ ഈ നോവൽ വായിക്കട്ടെ...” പരമാവധി വിനയം വാക്കുകളിൽ വരുത്തി അറിയിച്ചു.

“എങ്കിൽ ഒരു കാര്യം ചെയ്യൂ... നിങ്ങളുടെ വാട്ട്സാപ്പ് നമ്പർ പറയൂ... ഞാൻ നല്ല കുറേയെണ്ണം അയച്ചു തരാം. നിങ്ങള്‍ക്ക് സമയം പോലെ കാണാല്ലോ...”

ഒരു നിമിഷം എന്‍റെ കണ്ണുകളിൽ ഇരുട്ടു കയറി. ആ മനുഷ്യന്‍റെ കഴുത്തിൽ രണ്ടു കൈകളും കൊണ്ടു മുറുക്കെപ്പിടിച്ച് ഉലച്ച് ട്രാക്കിലേക്ക് തള്ളുവാൻ തോന്നി. അതിനു നിയമം എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കട്ടെ എന്ന വിചാരവും വന്നു.
പിന്നെ സ്വബോധം തിരികെക്കിട്ടി.

എന്‍റെ ഫോണിൽ ഇത്തരം എത്ര സന്ദേശങ്ങൾ വരുന്നു! ഒരെണ്ണം തന്നെ എത്രവട്ടം..! ഞാനും കുറ്റവാളിയാണ്. പലതും അയച്ചിട്ടുണ്ട്. എത്ര രചനകളാണ് ഇങ്ങനെ പരക്കുന്നത്... എഴുത്തുകാരന്‍റെ പേരു പോലും ഇല്ലാതെ... ചിലത് നല്ലതും ആകാം. വിവരങ്ങള്‍ പങ്കു വെക്കുവാന്‍ ഇത്തരം നവ മാധ്യമങ്ങള്‍ ഉപകാരപ്രദമാണ് എന്നത് സത്യം. പക്ഷെ അത് പരിധി വിടുമ്പോള്‍ അസഹനീയം ആകും. അത്തരത്തില്‍ ആയിക്കഴിഞ്ഞു.

നല്ല ലക്ഷ്യങ്ങള്‍ക്കായി രൂപം കൊടുത്ത നിരവധി ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ മലിനപ്പെടുന്നു. എത്ര അപേക്ഷിച്ചാലും ചിലര്‍ സന്ദേശങ്ങളെ തള്ളി വിടുകയാണ്. ഒരേ സന്ദേശം പലവട്ടം പല ഇടങ്ങളില്‍ വായിക്കുമ്പോള്‍ എന്ത് ചെയ്യും? ആവശ്യത്തിനും അനാവശ്യത്തിനും ആയി എത്ര ഗ്രൂപ്പുകള്‍. അതിനിടെ ഇതാ ഒരു അപരിചിതന്‍ എന്‍റെ നമ്പര്‍ ചോദിക്കുന്നു. ഞാന്‍ ഒന്നും മിണ്ടാതെ എഴുനേറ്റു നടന്നു. ഗോമന്തകം എന്ന നോവലിലെ ആകാശ് എന്ന ചെറുപ്പക്കാരന്‍ നടന്നുപോയ കാലടികള്‍ മങ്ങിയ വെട്ടത്തില്‍ ഞാന്‍ വീണ്ടും കണ്ടു.

 





  Content  
  എഡിറ്റോറിയൽ  
  ജാതകം
പി. വിശ്വനാഥൻ
 
  കണ്ണകിയെ അറിയാൻ
എം. തോമസ്
 
  കല്ല്യാണിയുടെ കടി
ശ്രീപ്രസാദ്‌ വി.
 
  രണ്ട് കവിതകൾ
മായാദത്ത്
 
  വിതുമ്പുന്ന മനസ്സുകൾ
നോബിൾ ജേക്കബ്
 
  യാത്രകളിൽ ചിലപ്പോൾ സംഭവിക്കുന്നത്
കണക്കൂർ ആർ. സുരേഷ്‌ കുമാർ
 
  ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ?
നാദിയ അജ്‌മൽ
 
  Words fallen
Prathibha Pradosh
 
  നിദ്ര
സുനിൽ ഡി. ജോർജ്
 
  Miss Y
Varada Harikumar
 
  നീലശരികൾ
ആശാമോൾ എൻ.എസ്‌.
 
  My brother
Adithyakrishna