|
E-Magazine |
|
|
ലക്കം: 4 |
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94 |
ജൂലായ് 2018 |
|
|
|
|
|
|
|
Cover Page |
|
നീലശരികൾ
ആശാമോൾ എൻ.എസ്.
|
|
ആ സ്റ്റേഷനില്‍ കൂടി കടന്നു പോകുന്ന അവസാനത്തെ തീവണ്ടിയും ചൂളം വിളിച്ചകലുന്നത് വരെ അയാള്‍ പ്ലാറ്റ്ഫോമിലെ ചാരുബെഞ്ചിലിരുന്നു. നഗരം ഉറക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരുന്നു. നേര്‍ത്ത മഴത്തുള്ളികള്‍ മുഖത്ത് പതിക്കുന്നതറിയാതെ....
ട്രെയിനില്‍ നിന്നിറങ്ങി അയാൾ ഈ ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകളായി. .. എന്തുകൊണ്ടോ വീട്ടിലേക്ക് പോകാന്‍ തോന്നിയില്ല... ഭാര്യ അമലയും മകന്‍ നീരജും ഉറക്കമായിട്ടുണ്ടാവും.
പോക്കറ്റില്‍ പരതി സ്പെയര്‍ കീ ഉണ്ടെന്നുറപ്പിച്ചു. വീണ്ടും ഇന്നത്തെ ദിവസവും നന്ദിനിയുടെ വാടിയ മുഖവും ഓര്‍മ്മയിലെത്തി... നന്ദിനിയുടെ മുഖം ഇരുണ്ട പച്ചയില്‍ നിന്നും ഉണങ്ങുമ്പോള്‍ തവിട്ടു നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന ഇലഞ്ഞിപ്പൂവിനെ ഓര്‍മ്മിപ്പിച്ചു.
അഞ്ചോ ആറോ മാസങ്ങള്‍ക്ക് മുന്‍പാണ് മൊബൈല്‍ ഫോണില്‍ ആ വാട്ട്‌സാപ്പ് സന്ദേശം അയാളെ തേടിയെത്തിയത്. അപരിചിതമായ നമ്പര്‍. ഒരു വാക്യം മാത്രം....... “മറന്നുവോ”....... DPയില്‍ തെളിഞ്ഞ മുഖം മറന്നു കഴിഞ്ഞിരുന്നുവോ?... ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ഒരു കാലത്ത് വിചാരിച്ചിരുന്നു എന്ന് പോലും മറന്നു കഴിഞ്ഞിരിക്കുന്നു.
കാലം വലിയ മാടങ്ങള്‍ ഒന്നും വരുത്താത്ത വലിയ കണ്ണുകള്‍.. പണ്ടെങ്ങുമില്ലാത്തൊരു ശോകഭാവം മുഖത്തുണ്ടായിരുന്നു. .... നന്ദിനി... നന്ദൂട്ടിയെന്ന് എല്ലാരും ഓമനിച്ചു വിളിച്ചിരുന്ന നന്ദിനി... ഒരവധിക്കാലത്ത് അമ്മയുടെയും അച്ഛന്റെയും ഒപ്പം നാട്ടിലെത്തിയപ്പോള്‍ ആണ് നന്ദൂട്ടിയെ ആദ്യമായി കാണുന്നത്. മുത്തശിയുടെ വീട്ടില്‍... അമ്മയുടെ അകന്ന ബന്ധുവായ ലളിതച്ചെറിയമ്മയുടെ മകള്‍.... ഏഴോ എട്ടോ വയസ്സ് പ്രായം വരും... മുത്തശി ഒറ്റക്ക് താമസിക്കുന്ന തറവാട്ടില്‍ രാവിലെ തന്നെ അവളെത്തും...
മക്കളെല്ലാം അകലങ്ങളില്‍ ചേക്കേറിയ മുത്തശിയുടെ കൂട്ട്. വലിയ കണ്ണുകളിലെ അപരിചിതത്വം ക്രമേണ സൗഹൃദമായി......
തറവാട്ടു വളപ്പില്‍ ഇലഞ്ഞിയും മുല്ലയും പൂത്തുലഞ്ഞു നിന്നതും പാതി കടിച്ച മാമ്പഴം താഴെയിട്ടു തന്നു ചില്‍ ചില്‍ന്ന് കളിയാക്കിയോടുന്ന അണ്ണാറക്കണ്ണന്മാരെയും...... താഴ്ന്ന പേരമരക്കൊമ്പില്‍ രാത്രിയിലെത്തുന്ന വവ്വാലുകളും..... തൊടിയിലെ കുളവും അതിരിനോട് ചേര്‍ന്നൊഴുകുന്ന നീര്‍ച്ചാലില്‍ പുളഞ്ഞു പാഞ്ഞു പോകുന്ന ചെറുമീനുകളും... പാടത്തിനക്കരെ നിരന്നിരിക്കുന്ന വെള്ളക്കൊറ്റികളും...
എല്ലാം പരിചയപ്പെടുത്തിയത് നന്ദൂട്ടിയായിരുന്നു.. എന്നും രാവിലെ അവളെത്തും... മുത്തശിക്കുള്ള പാലുമായി.. പിന്നാലെയെത്തുന്ന ലളിതച്ചെറിയമ്മ മുറ്റം അടിച്ചു വൃത്തിയാക്കുമ്പോഴുള്ള ശബ്ദം കേട്ടാണ് ഉണരാറ്.
പ്രഭാതം...സ്വച്ഛമായ ശബ്ദങ്ങളാണ് നാട്ടിൻപുറത്ത്.... അമ്പലത്തിൽ നിന്നുളള കീർത്തനവും പള്ളിയിൽ നിന്നുള്ള മണി നാദവും..... കോഴികൾ കൂവുന്നത്.. പശുക്കളുടെ കരച്ചിൽ... കാളകളെ തെളിച്ചു വയലിലേക്ക് പോകുന്ന കർഷകരുടെ ശബ്ദം:-
അടുക്കളയില്‍ അമ്മ ദോശ ചുടുന്ന ശബ്ദം. കുറിഞ്ഞിപ്പൂച്ച പാലിനായി കരയുന്നു... ഉണർന്നിട്ടും നേര്‍ത്ത തണുപ്പില്‍ കണ്ണുകള്‍ അടച്ചു വെറുതേ കിടന്നു.... “മനൂട്ടാ” എന്നു വിളിച്ച് ഓടിയെത്തുന്ന നന്ദൂട്ടി... വേഗം കുളിച്ചു വരൂ, അമ്പലത്തില്‍ പോകാം...” കുളത്തില്‍ കുളിച്ചു തനിക്ക് പരിചയമില്ലാത്തതിനാല്‍ ലളിതച്ചെറിയമ്മ കുളിമുറിയില്‍ ചൂടുവെള്ളം നിറച്ച് തന്നു. കുളിമുറിയുടെ ചുവരില്‍ പടരുന്ന പായല്‍....
നന്ദൂട്ടി കുളിച്ചൊരുങ്ങി വന്നിരിക്കുന്നു. ഇളം വയലറ്റ് പട്ടുപാവാട പുതിയതാണെന്ന് പറഞ്ഞു ചിരിക്കുന്നു. ചുമലൊപ്പം മുറിച്ചിട്ട മുടിയെക്കാള്‍ നീളത്തില്‍ മുല്ലപ്പൂമാല... കളിയാക്കിയപ്പോള്‍ മുഖം വീര്‍പ്പിച്ച് കണ്ണ് നിറച്ച് മുന്‍പേ നടന്നു. ഇടവഴിയിലേക്കിറങ്ങുമ്പോള്‍ അമ്മ വിളിച്ചു പറഞ്ഞു... “സൂക്ഷിച്ച്.. കുട്ടികളെ..”.. അമ്പലത്തിലേക്ക് അധികം ദൂരമില്ലായിരുന്നു. കുറച്ചു ദൂരം നടന്നപ്പോള്‍ ശാരദേടത്തി, ഇന്ദിരേടത്തി ഒക്കെ കൂട്ട് കൂടി. അടുത്ത വീടുകളിലെയാണ്. “മനൂട്ടന് നടന്നു പരിചയം കാണില്ല.. പട്ടണത്തില്‍ വളര്‍ന്ന കുട്ടിയല്ലേ... ഷൂസിട്ടാണോ അമ്പലത്തില്‍ പോവുക...” ... എന്നൊക്കെ പറഞ്ഞു ചിരിച്ചു. അവരുടെ കാലുകളില്‍ ചെരിപ്പുണ്ടായിരുന്നില്ല.. പടവുകള്‍ക്ക് മുന്‍പേ ഷൂസഴിച്ചുവെച്ചു. പടവിറങ്ങിയാല്‍ കുളം. കുളത്തില്‍ താമരപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കുളത്തിനു നടുവില്‍ ക്ഷേത്രം.,, നടന്നു പോകാന്‍ കല്‍പ്പാതയുണ്ട്. ഇന്ദിരേടത്തി കൈ പിടിച്ചു. നന്ദൂട്ടി മുന്‍പേ ഓടിപ്പോയി. തൊഴുതു പ്രസാദം വാങ്ങി.. മഞ്ഞളും കരിക്കിന്‍വെള്ളവും ചേര്‍ന്ന ചുവപ്പ് നിറമുള്ള തീര്‍ത്ഥം വാങ്ങിയ കൈവെള്ളയില്‍ ചുവപ്പ നിറം അവശേഷിച്ചു... ഗണപതിഭഗവാനു മുന്നിൽ ഉടഞ്ഞ നാളികേരക്കഷണങ്ങൾ. തിരിച്ചെത്താൻ പതിവിലും താമസിച്ചു. അമ്മയോ മുത്തശ്ശിയോ വഴക്കു പറഞ്ഞില്ല. പകരം ഇലച്ചീന്തിൽ ദോശ വിളമ്പി. ഇളം ചുവപ്പ് ചട്ണിയിൽ കറിവേപ്പിലകൾ ധാരാളിത്തത്തോടെ കിടന്നു. നന്ദൂട്ടി പഞ്ചസാരത്തരികൾ കൂട്ടി ദോശ കഴിച്ചുകൊണ്ടിരുന്നു.
മുറ്റത്തിനരികിൽ കുടപ്പനക്കുന്നുകൾ കൂട്ടിയിട്ടിരിക്കുന്നു. നന്ദൂട്ടി അതിന്റെ കട്ടിയുള്ള നാരുകൾ വലിച്ചെടുക്കുന്നതെന്തിനാണെന്ന് മനസ്സിലായില്ല. ഇലഞ്ഞിപ്പൂക്കളും ചെമ്പകപ്പൂക്കളും കൊരുത്ത പൊട്ടാത്ത് മാലയുണ്ടാക്കാനാണത്രേ. ബാല്യത്തിൽ മുത്തശ്ശിയുടെ ഇരുവശത്തുമിരുന്ന് കഥ കേട്ടിരുന്ന കുട്ടികൾ… മടക്കയാത്രയിൽ ഇടവഴിയോരം വരെ വന്ന് കൈവീശിനിന്ന നന്ദൂട്ടി. ഓരോ അവധിക്കാലം കഴിയുമ്പോഴും ഒരുപാടു മാറിക്കൊണ്ടിരുന്നു. കണ്ണുകളിലെ സ്നേഹം ഒട്ടും കുറയാതെ തന്നെ. അവസാനം കാണുമ്പോൾ നീളൻ മുടിയും ദാവണിയുമായി നാട്ടിൻപുറത്തെ കോളേജിലേക്ക് നടന്നുപോവുകയായിരുന്നു നന്ദിനി.
പിന്നീട്എപ്പോഴോ അവധിക്കാലയാത്രകൾ കുറഞ്ഞുതുടങ്ങി. പഠനവും ജീവിതം കരുപ്പിടിപ്പിക്കാനുമുള്ള തിരക്കിൽ നന്ദൂട്ടിയേയും ലളിതച്ചെറിയമ്മയേയും ഓർക്കാതെയായി. വല്ലപ്പോഴും എഴുതുന്ന കത്തുകൾ... അവസാനം വന്നത് നന്ദൂട്ടിയുടെ വിവാഹക്ഷണക്കത്താണ്. പോകാൻ കഴിഞ്ഞില്ല. പുതിയ ജോലിയുടെ പ്രൊബേഷൻ കാലം… അച്ഛൻ ലളിതച്ചെറിയമ്മയെ നന്നായി സഹായിച്ചതറിഞ്ഞു സന്തോഷിച്ചു. ജീവിതത്തിരക്കിൽ, ഉദ്യോഗക്കയറ്റങ്ങളിൽ നാട്ടിൻപുറവും ഗ്രാമത്തിലെ നന്മകളും വല്ലപ്പോഴും വിരുന്നെത്തുന്ന ഓർമ്മകൾ മാത്രം.
പിന്നെപ്പോഴോ അമല കൂട്ടിനെത്തി. നഗരത്തിൽ വളർന്ന കുട്ടി...ഓർമ്മകൾ മുറിയുന്നു. വീണ്ടും നന്ദിനിയുടെ സന്ദേശം. “മറന്നില്ല” എന്ന് എഴുതി അയച്ചു. അവളും ഈ നഗരത്തിൽ തന്നെയുണ്ട്. എവിടെനിന്നോ തേടിപ്പിടിച്ചെടുത്ത തന്റെ നമ്പർ…ഇടവേളകൾക്കപ്പുറം എപ്പോഴോ അവളെഴുതി. “ഒരിക്കൽ ഇവിടെ വരൂ... കുടുംബവുമായി...” അഡ്രസ്സ് അയച്ചുതന്നു. അധികം ദൂരമില്ല. ഏറിയാൽ ഒന്നര മണിക്കൂർ ഡ്രൈവ്. നാട്ടിൽ നിന്ന് അമ്മ വന്നിട്ടുണ്ട്. ഭർത്താവിന് ഔദ്യോഗികയാത്ര. മോനെ നോക്കാൻ ആരെങ്കിലും വേണം. അവസാനം എഴുതി...എനിക്കു നല്ല സുഖമില്ല... എന്താണ് അസുഖം എന്നു ചോദിച്ചില്ല. പനിയോ മറ്റോ എന്ന് നിസ്സാരപ്പെടുത്തുവാനാണ് തോന്നിയത്. ലളിതച്ചെറിയമ്മയെ കാണണമെന്നുണ്ടായിട്ടും പോയില്ല. മറുപടി അയക്കാൻ ആകാത്തത്ര തിരക്കിൽ താൻ മുഴുകിപ്പോയിരുന്നു.
വീണ്ടും ഇടവേളകൾ... ഇടക്കു വരുന്ന മെസേജുകൾ... അമ്മ നാട്ടിലേക്ക് തിരിച്ചു പോയി. മോൻ ഭയങ്കര വികൃതിയാണ്. – വീണ്ടും എഴുതുന്നു... അമലയെ ഒന്നു കൊണ്ടുവരൂ... ഞാൻ കണ്ടിട്ടില്ല... മോനെയും... ഇന്ന് നാട്ടിലെ ഇലയടയുണ്ടാക്കി. നാവിൽ ശർക്കരയുടെ മധുരം കിനിയുന്ന ഓർമ്മകൾ... ജോലിത്തിരക്കിൽ മറുപടി അയക്കാൻ കഴിയാറില്ല. വല്ലപ്പോഴും അയക്കുന്ന മെസേജുകൾ... അവളുടെ സന്ദേശങ്ങളിൽ കാവും കുളവും നിറയുന്നു. ഇന്നലെയായിരുന്നു ആ സന്ദേശം. മുടിയാകെ കൊഴിയുന്നു. കീമോയുടെ ഇഫക്റ്റ്. പറയേണ്ടെന്നു വിചാരിച്ചിട്ടാണ്... അമ്മ ഇവിടെയുണ്ട്. അമ്മയെ കാണാനെങ്കിലും ഒന്നു വരൂ... ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദുരന്തം... പോകാതിരിക്കാൻ കഴിഞ്ഞില്ല. അത്രദൂരം ഡ്രൈവ് ചെയ്യാനുള്ള കരുത്തില്ലായിരുന്നു. തീവണ്ടിയിൽ പോകാനായിരുന്നു തീരുമാനം. ലിഫ്റ്റിൽ നിന്നിറങ്ങി ഡോർബെല്ലിൽ വിരലമർത്തും മുമ്പ് അൽപ്പസമയം നിന്നു. എങ്ങനെ അഭിമുഖീകരിക്കും? ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് ലളിതച്ചെറിയമ്മയാണ്. കൺതടങ്ങളിൽ കറുപ്പ്... മുടി പാടെ നരച്ചിരിക്കുന്നു. മുഖത്ത് തെല്ലുമില്ല അപരിചിത ഭാവം. മനു അകത്തേക്ക് വരൂ... ചെറിയമ്മയുടെ പിന്നാലെ അകത്തേക്കു നടക്കുമ്പോൾ കണ്ടു. നന്ദൂട്ടിയെ... വാടിയ മുഖം... തലയിൽ സ്കാർഫ് കെട്ടിയിരിക്കുന്നു... നേർത്ത വിരലുകൾ... ഒന്നുമാത്രം ആശ്വസിപ്പിച്ചു. വലിയ കണ്ണുകളിൽ ഇനിയും വറ്റാത്ത പ്രതീക്ഷയുടെ തിളക്കം. എല്ലാ സന്തോഷവും വിരുന്നിനെത്തുന്ന ചിരി. “ഒടുവിൽ വന്നു, അല്ലേ” പിന്നെയും എന്തൊക്കെയോ അവൾ പറയുന്നു. വേണുവേട്ടൻ ഓഫീസ് ടൂറിലാണ്... കാണാൻ പറ്റിയില്ലല്ലോ... അമലയെ കൊണ്ടുവരാരുന്നു. ഒന്നും കേൾക്കാൻ കഴിയാത്തതു പോലെ... കാപ്പിയുമായി തിരിച്ചെത്തിയ ചെറിയമ്മ തടയും വരെ അവൾ സംസാരിച്ചു കൊണ്ടിരുന്നു. അവിടുന്നിറങ്ങുമ്പോൾ നേരം വൈകിയിരുന്നു.
യാത്ര പറയാൻ കഴിഞ്ഞില്ല. തിരക്കുകുറഞ്ഞ തീവണ്ടിയിൽ വളരെക്കാലത്തിനു ശേഷം. പുറത്തേക്കു നോക്കിയിരുന്നു... സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ നേർത്ത ചാറ്റൽ മഴ പെയ്തുതുടങ്ങിയിരുന്നു. പ്ലാറ്റ്ഫോമിലെ ചാരുബെഞ്ചിലിരുന്നു. സമയം കടന്നു പോയതറിഞ്ഞില്ല. റൂമിലെത്തുമ്പോൾ അമലയും മോനും നല്ല ഉറക്കം. തന്റെ ഉറക്കം വിദൂരതയിലെവിടെയോ... പതിവുതെറ്റാതെ നന്ദൂട്ടിക്കയക്കുന്ന സന്ദേശങ്ങൾ- ഒരു നല്ല ദിനം... Have a nice day... വേദനകൾക്കപ്പുറം അവൾ പുഞ്ചിരിക്കുന്നുണ്ടോ. കണ്ണുകളിൽ പ്രതീക്ഷയുടെ നാളം അണയാതിരിക്കട്ടെ... വേദനയിലും തെല്ല് സന്തോഷിക്കുന്നു... സന്ദേശങ്ങൾക്കു താഴെ തെളിയുന്ന നനുത്ത നീല ശരികൾ കാണുമ്പോൾ അങ്ങനെ വിശ്വസിക്കാനാണിഷ്ടം. മറുപടി വരാത്ത ദിനങ്ങൾ അയാൾ ഉറങ്ങാതെ കഴിച്ചുകൂട്ടി.
സന്ദേശങ്ങൽ അയച്ച് അയാൾ കാത്തിരുന്നു. ആശ്വാസത്തിനായി... നീലശരികൾക്കായി..
|
|
|
|
Content |
|
|
എഡിറ്റോറിയൽ |
|
|
ജാതകം
പി. വിശ്വനാഥൻ |
|
|
കണ്ണകിയെ അറിയാൻ
എം. തോമസ് |
|
|
കല്ല്യാണിയുടെ കടി
ശ്രീപ്രസാദ് വി. |
|
|
രണ്ട് കവിതകൾ
മായാദത്ത് |
|
|
വിതുമ്പുന്ന മനസ്സുകൾ
നോബിൾ ജേക്കബ് |
|
|
യാത്രകളിൽ ചിലപ്പോൾ സംഭവിക്കുന്നത്
കണക്കൂർ ആർ. സുരേഷ് കുമാർ |
|
|
ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ?
നാദിയ അജ്‌മൽ |
|
|
Words fallen
Prathibha Pradosh |
|
|
നിദ്ര
സുനിൽ ഡി. ജോർജ് |
|
|
Miss Y
Varada Harikumar |
|
|
നീലശരികൾ
ആശാമോൾ എൻ.എസ്. |
|
|
My brother
Adithyakrishna |
|
|
|
|
|