E-Magazine
ലക്കം: 4
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ജൂലായ് 2018
     
 
 
  Cover Page  
ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ?
നാദിയ അജ്‌മൽ

“...അവയ്ക്ക് ത്രികോണാകൃതി ആയിരുന്നു. വളരെ തിളക്കമുള്ളതും പച്ചയെന്നോ ചാരയെന്നോ പറയാവുന്ന നിറം ആയിരുന്നു. ആ വസ്തുക്കള്‍ ഞങ്ങളുടെ വിമാനത്തെ വളരെ കൃത്യമായി പിന്തുടരുന്നുണ്ടായിരുന്നു...”. ബ്രിട്ടീഷ്‌ എയര്‍വേയ്സ് പൈലറ്റ്‌ റിച്ചാര്‍ഡ്‌ ഹാര്‍മൂണ്‍ 1970കളില്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഈ സംഭാഷണ ശകലം ഈയിടെ ഒരു റേഡിയോ പരിപാടിയില്‍ കേള്‍ക്കാനിടയായി. ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തില്‍ ജീവനുണ്ടാകാനുള്ള സാധ്യതകള്‍ വിശകലനം ചെയ്ത ആ പരിപാടി, ഈ വിഷയത്തില്‍ ഞാന്‍ വായിച്ചിട്ടുള്ള കാര്യങ്ങള്‍ ഒന്ന് ക്രോഡീകരിച്ച് എഴുതിയാലെന്ത്‌ എന്ന ചിന്ത മനസ്സില്‍ ഉണര്‍ത്തി വിട്ടു.

മേല്‍ വിവരിച്ച സംഭാഷണം അന്യഗ്രഹ വാഹനങ്ങളെയും (പറക്കും തളികകള്‍) അന്യഗ്രഹ ജീവികളെയും കണ്ടെന്ന് അവകാശപ്പെടുന്ന നൂറുകണക്കിന് ദൃക്സാക്ഷി വിവരണങ്ങളിലും അനുഭവ സക്ഷ്യങ്ങളിലും ഒന്ന് മാത്രം. ദുരൂഹ സാഹചര്യങ്ങളില്‍ കൃഷിയിടങ്ങളില്‍ ഒറ്റ രാത്രി കൊണ്ട് പ്രത്യക്ഷപ്പെടുന്ന ക്രോപ് സര്‍ക്കിള്‍സ് (Crop Circles) മറ്റൊരുദാഹരണം. ചില ആളുകള്‍ തങ്ങളെ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ട് പോയതായി വരെ റിപ്പോര്‍ട്ട്‌ ചെയ്ത സംഭവങ്ങളുണ്ട്. പറക്കും തളികകളും അന്യഗ്രഹ ജീവി സന്ദര്‍ശനങ്ങളും ഒരു പക്ഷേ തെളിയിക്കപ്പെടാതെ കിടക്കുന്ന ഏറ്റവും വലിയ ദുരൂഹതകളില്‍ ഒന്നാണ്.

കെട്ടുകഥകളോടും സാങ്കല്പിക സൃഷ്ടികളോടും, ഭൂമിയിതര ധിഷണ (extraterrestrial intelligence) അധിഷ്ഠിതമായ സിനിമകളോടും സീരിയലുകലോടും ആളുകള്‍ക്ക് പൊതുവെയുള്ള അടങ്ങാത്ത അനുഭാവമാവാം ഇതിനൊരു കാരണം. ചിലപ്പോഴൊക്കെ മനപ്പുര്‍വം കബളിപ്പിക്കാന്‍ വേണ്ടിയും ആളുകള്‍ ഇത്തരം വിദ്യകള്‍ കാണിക്കാറുണ്ട് എന്നത് മറ്റൊരു കാര്യം.

എങ്കില്‍ തന്നെയും ദശാബ്ദങ്ങളായി ശാസ്ത്രലോകത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ വലിയ ചോദ്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ഈ മഹാ പ്രപഞ്ചത്തില്‍ നാം തനിച്ചാണോ? ഇതര ഗ്രഹ ജീവികള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ? ഏതെങ്കിലും തരത്തില്‍ മറ്റു ഗ്രഹങ്ങളിലോ ഉപഗ്രഹങ്ങളിലോ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ?

പ്രപഞ്ചത്തിലുള്ള കോടാനുകോടി നക്ഷത്രസമൂഹങ്ങളില്‍ ഒന്ന് മാത്രമാണ്‌ ക്ഷീരപഥം എന്നും അതിലെ അനേക കോടി നക്ഷത്രങ്ങളില്‍ ഒന്ന് മാത്രമാണ് സൂര്യന്‍ എന്നും നമുക്കെല്ലാവര്‍ക്കും അറിയാം. കാള്‍ സാഗന്‍ തന്റെ “കോണ്ടാക്റ്റ്‌ (Contact)” എന്ന നോവലില്‍ പറയുന്നത് പോലെ “പ്രപഞ്ചം എത്രയോ വലുതാണ്‌. അതില്‍ നാം മാത്രമാണ് ഉള്ളതെങ്കില്‍ അതെത്ര മാത്രം പാഴാണ്”( “The universe is a pretty big place. If it’s just us, seems like an awful waste of space”)

മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടോ എന്ന പഠനത്തിന് മുന്നോടിയായി നമ്മള്‍ ചെയ്യേണ്ടത്, പ്രപഞ്ചത്തില്‍ ജീവന്‍ നിലനില്‍ക്കുന്നു എന്ന നമുക്കറിയാവുന്ന ഒരേ ഒരിടത്തില്‍, നമ്മുടെ സ്വന്തം ഗ്രഹത്തില്‍, ജീവന്‍ എങ്ങനെ നിലനില്‍ക്കുന്നു എന്ന് പഠിക്കുകയാണ്. നമ്മള്‍ നമ്മുടെ സൌരയൂഥത്തിന്റെയും ഭൂമിയുടെയും ചരിത്രം നന്നായി മനസിലാക്കേണ്ടിയിരിക്കുന്നു. അന്യഗ്രഹജീവനെക്കുറിച്ച് (സൂക്ഷ്മജീവികളെയും വികസിത (intelligent) ജീവികളെയും) അന്വേഷിക്കുന്ന ഒരുപാട് പദ്ധതികള്‍ ഇന്ന് പല രാജ്യങ്ങളിലും നിലവിലുണ്ട്. അവയില്‍ ഏറ്റവും പ്രധാന സ്ഥാപനം ആണ് “സെറ്റി (SETI, Search for Extraterrestrial Intelligence Institute)”.

നമ്മള്‍ മനുഷ്യര്‍ ഇന്ന് ഒരു റേഡിയോ യുഗത്തിലാണ് ജീവിക്കുന്നത്. മാര്‍കോണിയുടെ ആദ്യ റേഡിയോ പ്രസാരണം മുതല്‍ കഴിഞ്ഞ നൂറു വര്‍ഷങ്ങളായി നമ്മള്‍ നിരന്തരം റേഡിയോ തരംഗങ്ങള്‍ പലതരം പ്രക്ഷേപണങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഈ തരംഗങ്ങളില്‍ നല്ലൊരു ശതമാനം അന്തരീക്ഷം വിട്ടു ശൂന്യാകാശത്തിന്റെ അനന്തതകളിലേക്കും സഞ്ചരിക്കുന്നുണ്ട്.

നമ്മെപ്പോലെ തന്നെ സാങ്കേതികമായി വികസിച്ച ഒരു സംസ്കാരം പ്രപഞ്ചത്തില്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ അവരും ഇത് പോലെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് അവരുടെതായ ഒരു "റേഡിയോ കുമിള (Radio Bubble)" സൃഷ്ടിച്ചിട്ടുണ്ടായിരിക്കാം. റേഡിയോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഇത്തരം തരംഗങ്ങള്‍ കണ്ടുപിടിക്കുകയും അതിലൂടെ അന്യഗ്രഹ ജീവന്‍ സ്ഥിരീകരിക്കുകയും ചെയ്യുക എന്നതാണ് SETI യുടെ പ്രവര്‍ത്തന ലക്‌ഷ്യം. പക്ഷെ ഒരു കുഴപ്പം എന്താണെന്നാല്‍ പ്രപഞ്ചത്തില്‍ എവിടെ നോക്കണമെന്നോ ഏതൊക്കെ ആവൃത്തിയിലുള്ള തരംഗങ്ങള്‍ നോക്കണമെന്നോ നമുക്ക്‌ അറിയില്ല.

ഭാഗ്യവശാല്‍ നമുക്ക് കമ്പ്യൂട്ടറുകള്‍ ഉണ്ട്. SETI യില്‍ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ശതകോടി തരംഗങ്ങള്‍ ഒരേ സമയം പരിശോധിക്കാം. നമ്മുടെ സ്വന്തം "റേഡിയോ കുമിള" ഇതുവരെ പ്രപഞ്ചത്തിലൂടെ ഉദ്ദേശം നൂറ് പ്രകാശവര്‍ഷം സഞ്ചരിചിട്ടുണ്ടാവും. അതനുസരിച്ച് നോക്കുമ്പോള്‍ നമുക്ക്‌ ഒരു അന്യഗ്രഹ സിഗ്നല്‍ കിട്ടുകയാണെങ്കില്‍ അത് സാങ്കേതികമായി നമ്മളെക്കാള്‍ മികച്ച ഒരു സംസ്കാരത്തില്‍ നിന്നാണ് വരുന്നതെന്നു നിസംശയം പറയാം. ഒരു പക്ഷെ ആ സംസ്കാരങ്ങള്‍ നശിച്ചു പോയിട്ടുണ്ടാവും, അതുമല്ലെങ്കില്‍ നാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റേതെങ്കിലും ഗ്രഹങ്ങളിലേക്ക്‌ മാറി താമസിചിട്ടുണ്ടാവാം.

സൗരയൂഥേതരഗ്രഹങ്ങളെ കണ്ടുപിടിക്കാന്‍ വേണ്ടി 2009ല്‍ വിക്ഷേപിച്ച കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി (Kepler Space Observatory) പ്രവര്‍ത്തനക്ഷമമായത് മുതല്‍ ഇതുവരെ 2,330 സൗരയൂഥേതരഗ്രഹങ്ങളെ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ത്തന്നെ ആവാസയോഗ്യമായ പരിക്രമണ പഥങ്ങളില്‍ (habitable zone) കണ്ടുപിടിക്കപ്പെട്ട ഏതാണ്ട് 50 ഗ്രഹങ്ങളില്‍ 30 എണ്ണത്തോളം ജീവന്‍ നിലനില്‍ക്കാന്‍ തക്ക സാഹചര്യങ്ങള്‍ ഉള്ളവയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റു സൗരയൂഥങ്ങളില്‍ ഉള്ള ഭൂമിയുടെയും ഭൂമിയെക്കാളും വലുപ്പമുള്ള (super-Earths) ഗ്രഹങ്ങളെയും കണ്ടെത്തുന്നതിനും അവയുടെ സ്വഭാവം പഠിക്കുന്നതിനും ലക്ഷ്യം വെച്ചുള്ള പദ്ധതിയായ 'Planetary Transits and Oscillations of stars (PLATO)’ 2026ല്‍ വിക്ഷേപിക്കപ്പെടും. തന്റെ പ്രാഥമിക ലക്ഷ്യമല്ലെങ്കിലും ആവാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതില്‍ ഹബിളും (Hubble Space Telescope, HST) സഹായിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ കെപ്ലർ ബഹിരാകാശ പദ്ധതിയുടെ തുടര്‍ച്ചയായ ടെസ്സ് (TESS, Transiting Exoplanet Survey Satellite) 2018 ഏപ്രില്‍ 18ന് പ്രവര്‍ത്തനം തുടങ്ങി. കെപ്ലര്‍ പ്രപഞ്ചത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രം അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നെങ്കില്‍ ടെസ്സ് ബഹിരാകാശം മുഴുവന്‍ പരിശോധിച്ച് സൗരയൂഥത്തിന് പുറത്തുള്ള ആയിരക്കണക്കിന് പുതിയ ഗ്രഹങ്ങളെ വളരെ വേഗത്തില്‍ കണ്ടെത്തിയേക്കും.

ഒരു ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തിന്‍റെ മുന്നിലൂടെ കടന്നു പോവുമ്പോള്‍ ആ നക്ഷത്രത്തില്‍ നിന്നും നമുക്ക്‌ കിട്ടുന്ന പ്രകാശത്തില്‍ ചെറിയ ഒരു കുറവ് സംഭവിക്കുന്നു. പ്രകാശത്തിലുള്ള ഈ കുറവില്‍ നിന്നും നമുക്ക്‌ ഗ്രഹത്തിന്റെ വലുപ്പം അനുമാനിക്കാം. കെപ്ലര്‍ ഗ്രഹങ്ങളെ കണ്ടുപിടിക്കുന്നത് ഇത്തരം സംക്രമണങ്ങള്‍ നോക്കിയാണ്. ടെസ്സിന്റെ പ്രവര്‍ത്തനശൈലി ഇത് തന്നെയാണെങ്കിലും ടെസ്സ് ശ്രദ്ധ കേന്ദ്രീകരിക്കുനത് ചുവന്ന കുള്ളന്മാര്‍ (Red Dwarfs) എന്നയിനം നക്ഷത്രങ്ങളുടെ മേലാണ്. താഴെ വ്യാഴഗ്രഹത്തിന്റെയും ഭൂമിയുടെയും സൂര്യസംക്രമണത്തിന്റെ വ്യത്യാസം കാണിച്ചിരിക്കുന്നു. ഭൂമിയെ അപേക്ഷിച്ച് എത്ര മാത്രം വലിയ താഴ്ച്ചയാണ് വ്യാഴഗ്രഹം ഉണ്ടാക്കുന്നതെന്ന് ശ്രദ്ധിക്കുക.

Image Credit: wherestheflux.com

2009ല്‍ ഭൂമിയില്‍ നിന്ന് 1280 പ്രകാശവര്‍ഷം അകലെയുള്ള സിഗ്നസ് നക്ഷത്രസമൂഹത്തിലെ (constellation Cygnus) KIC8462852 എന്ന നക്ഷത്രത്തെ കെപ്ലര്‍ ദൂരദര്‍ശിനിയുടെ സഹായത്തോടെ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ അമേരിക്കന്‍ വാനനിരീക്ഷകയായ തബെത ബോയാജന്‍ വളരെ വിചിത്രമായ ഒരു നിരീക്ഷണം നടത്തി. സാധാരണ ഒരു ഗ്രഹസംക്രമണം മൂലമുണ്ടാവുന്ന പ്രകാശത്തിന്റെ കുറവ്‌ വളരെ ഐകരൂപ്യമുള്ളതായിരിക്കും. പക്ഷേ KIC8462852ല്‍ നിന്ന് കെപ്ലര്‍ ശേഖരിച്ച ഡേറ്റ അന്നു വരെ കാണാത്ത തരത്തിലുള്ളതായിരുന്നു (ചിത്രം കാണുക).

Image Credit: wherestheflux.com

കൂടാതെ സാധാരണ സംക്രമണങ്ങള്‍ ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുമ്പോള്‍, ഇവിടെ ഏതാണ്ട് ഒരാഴ്ചയോളം തികച്ചും ക്രമരഹിതമായ രീതിയില്‍ പ്രകാശം മറക്കപെട്ടു. കൂടാതെ പ്രകാശത്തിലുള്ള മങ്ങല്‍ ഏതാണ്ട് 22 ശതമാനത്തോളം ഉണ്ടായിരുന്നു (ഓര്‍ക്കുക വ്യാഴത്തിന്റെ വലുപ്പമുള്ള ഗ്രഹം ഉണ്ടാക്കുന്ന മങ്ങല്‍ വെറും 3% മാത്രമാണ്). നക്ഷത്രങ്ങള്‍ അതിന്റെ ഉത്ഭവ കാലത്ത്‌ ഇത്തരം പ്രകാശ വ്യതിയാനം കാണിക്കാറുണ്ട്‌. പക്ഷേ KIC8462852 അത്തരത്തില്‍പ്പെട്ട നക്ഷത്രമല്ല. കൂടാതെ മങ്ങലിലുള്ള ക്രമരാഹിത്യം കാണിക്കുന്നത് അതൊരു ഗോളാകാരമായ വസ്തുവേ അല്ലെന്നാണ്. പിന്നെന്തായിരിക്കാം അത്? ശാസ്ത്രലോകം ഇപ്പോളും തലപുകഞ്ഞാലോചിച്ചു കൊണ്ടിരിക്കുന്നു.

എന്തായാലും അതൊരു ഗ്രഹമല്ലെന്ന് ഉറപ്പാക്കാം, കാരണം ഇന്നേ വരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഏതൊരു ഗ്രഹത്തേക്കാളും വളരെ മടങ്ങ്‌ വലുതായിരിക്കണം അത്. കുറഞ്ഞപക്ഷം ആ മാതൃനക്ഷത്രത്തിന്‍റെ 0.15 മടങ്ങ്. കൂടാതെ നക്ഷത്രത്തില്‍ നിന്നും വളരെ അകലെയും ആയിരിക്കണം ആ വസ്തു. ഒരു പക്ഷെ ആ നക്ഷത്രം അതിന്റെ ഗ്രഹത്തെ വിഴുങ്ങുകയായിരിക്കാം എന്ന് ചിലര്‍ പറഞ്ഞു. മറ്റു ചിലരുടെ അഭിപ്രായം ഏതോ ഒരു ധൂമകേതുവിന്റെ (comet) കഷണങ്ങളായിരിക്കാം ഈ പ്രതിഭാസതിന്ന് കാരണം എന്നായിരുന്നു. കൂട്ടത്തില്‍ ഏറ്റവും വിചിത്രവും അതെ സമയം തന്നെ ഏറ്റവും രസകരവുമായ അഭിപ്രായം വന്നത് ആ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഏതോ ഒരു ഗ്രഹത്തില്‍ ഉള്ള, മനുഷ്യരേക്കാള്‍ ഒരുപാട് സാങ്കേതികമായി വികസിച്ച ജീവികള്‍ തങ്ങളുടെ മാതൃനക്ഷത്രത്തില്‍ നിന്ന് ഊര്‍ജം സംഭരിക്കാന്‍ വേണ്ടി പണിത പടുകൂറ്റന്‍ സംവിധാനങ്ങളാണ് (Alien Megastructure, Dyson Spheres) ഈ പ്രതിഭാസതിന് കാരണം എന്നാണ്. ഇപ്പോള്‍ KIC8462852 ടാബിയുടെ നക്ഷത്രം (Tabby’s Star) എന്ന പേരില്‍ പ്രസിദ്ധമാണ്.

Image Credit: www.gaia.com.

ശാസ്ത്രലോകം ടാബിയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 2017 മെയ്‌ 20ന് ടാബി സ്റ്റാര്‍ വീണ്ടും മങ്ങിത്തുടങ്ങിയത് ലോകത്തുള്ള മുഴുവന്‍ വനനിരീക്ഷകര്‍ക്കും (അമച്വര്‍ വാനനിരീക്ഷകര്‍ ഉള്‍പ്പെടെ) ഈ അത്ഭുത പ്രതിഭാസത്തെക്കുറിച് ആഴത്തില്‍ പഠിക്കാനുള്ള അപൂര്‍വമായ ഒരവസരം സമ്മാനിച്ചു. അള്‍ട്രാവയലറ്റ്‌, ഇന്‍ഫ്രാ റെഡ്‌ തരംഗങ്ങളിലും, ദൃശ്യ പ്രകാശത്തിലും ഈ നക്ഷത്രത്തെക്കുറിച്ച് ആഴത്തില്‍ പഠനങ്ങള്‍ നടന്നു.

ഇപ്പോള്‍ ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് ടാബിയുടെ പ്രകാശവ്യതിയാനത്തിന് കാരണം അതിനു ചുറ്റും കറങ്ങുന്ന അസമാനവും സൂക്ഷ്മവും ആയ പൊടിപടലങ്ങള്‍ കൊണ്ട് തന്നെയാണ് എന്നാണ്. ടാബിയില്‍ നിന്നുള്ള പ്രകാശത്തിന്റെ വ്യതിയാനം പല തരംഗദൈര്‍ഘ്യങ്ങളില്‍ പല തരത്തിലാണ്. ഉദാഹരണം നീല തരംഗമേഘലയില്‍ കൂടുതലും ചുവപ്പ് മേഘലയില്‍ കുറവും ആണ്. അതിന് കാരണം പൊടിപടലങ്ങള്‍ (പ്രത്യേകിച്ച് കാര്‍ബണ്‍ അധിഷ്ഠിത വസ്തുക്കള്‍) നീല തരംഗങ്ങളെ കൂടുതല്‍ വിസരിപ്പിക്കുന്നത് കൊണ്ടാവാം (ഉദയാസ്തമയ സമയങ്ങളില്‍ സൂര്യന്റെ നിറം എന്ത് കൊണ്ട്‌ ചുവപ്പാകുന്നു എന്നാലോചിച്ചാല്‍ മതി). ഒരു ഗ്രഹം പോലെ അതാര്യമായ വസ്തു ആണെങ്കില്‍ വ്യതിയാനം എല്ലാ തരംഗദൈര്‍ഘ്യങ്ങളിലും ഒരു പോലെ തന്നെ ആയിരിക്കും. വലിയ കഷണങ്ങള്‍ (like pebbles) ആണെങ്കിലും പ്രകാശം ഒരു പോലെ മറക്കപ്പെടും. ഇക്കാരണം കൊണ്ട തന്നെ അവിടെ ഒരു Alien Megastructure എന്തായാലും ഇല്ല എന്നാണ് ശാസ്ത്രഞ്ജര്‍ ഇപ്പോള്‍ ഉറപ്പിക്കുന്നത്.

Image Credit: NASA/JPL-Caltech, Artist's concept of an "uneven ring of dust" orbiting KIC 846285

ഇങ്ങനെയൊക്കെ ആണെങ്കിലും ചില പ്രതിഭാസങ്ങള്‍ വിവരിക്കപ്പെടാതെ ഇനിയും കിടക്കുന്നു. എന്ത് കൊണ്ടാണ് 2017ല്‍ മൂന്നുപ്രാവശ്യം അടുപ്പിച്ച് കുത്തനെ 20 ശതമാനം വരെ പ്രകാശവ്യതിയാനം ഉണ്ടായത്‌ എന്നത് ഇപ്പോഴും വിവരണാതീതമാണ്. കൂടാതെ ഈ കഴിഞ്ഞ മാര്‍ച്ച്‌ 16 മുതല്‍ 22 വരെ ഉണ്ടായിരുന്ന പ്രകാശവ്യതിയാനം 2013ന് ശേഷം ഉണ്ടായ ഏറ്റവും വലിയ മങ്ങല്‍ ആണ്. എല്ലാ പ്രതിഭാസങ്ങളും വിശദീകരിക്കാന്‍ ഇനിയും ഒരുപാട് പഠനങ്ങള്‍ ആവശ്യമായി വരും. അതിനാല്‍ ക്ലൈമാക്സിനായി നമുക്കിനിയും കാത്തിരിക്കേണ്ടി വരും.

നാം ഈ പ്രപഞ്ചത്തെ മനസിലാക്കിതുടങ്ങിയിട്ടേയുള്ളൂ. അന്യഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടോ ഇല്ലയോ എന്നുള്ളത് എന്തായാലും നാം ഒരിക്കല്‍ സ്ഥിരീകരിക്കും. പക്ഷേ നമുക്കറിയാവുന്നിടത്തോളം നാം മാത്രമാണ് ഇപ്പോള്‍ ഈ മഹാപ്രപഞ്ചത്തില്‍ വിവേകമതികളായ ജീവികള്‍ എന്നുള്ളത് അങ്ങേയറ്റം ഗഹനമായ സംഗതിയാണ്. അത് കൊണ്ട് തന്നെ നമുക്ക്‌ നമ്മുടെ വംശത്തെ മഹാനാശത്തില്‍ നിന്ന് രക്ഷിച്ചേ മതിയാവൂ. കാള്‍ സാഗന്‍ തന്‍റെ പ്രശസ്തമായ ‘കോസ്മോസ്’ (‘cosmos’) എന്ന പുസ്തകത്തില്‍ എഴുതിയത് പോലെ, “നാം നമ്മെത്തന്നെ നശിപ്പിച്ചില്ല എന്നുണ്ടെങ്കില്‍, ഒരു ദിനം നാം നക്ഷത്രങ്ങളെ കീഴടക്കും” ("If we do not destroy ourselves, we will one day venture to the stars.")

Reference and image credits:
1. The Demon haunted world: Science as a candle in the dark – Carl Sagan
2. “The most mysterious star in the universe”, a TED Talk by Tabetha Boyajian
3. Bad astronomy blog- Phil Plait (http://www.syfy.com/tags/bad-astronomy and slate magazine(blog))
4. “Mysterious dimming of tabby’s star may be caused by dust”, NASA feature article, (https://www.nasa.gov/feature/jpl/mysterious-dimming-of-tabbys-star-may-be-caused-by-dust)
5. “Tabby's star dims again” by Bob Yirka, Phys.Org (https://m.phys.org/news/2018-03-tabby-star-dims.html)
6. “KIC 8462852: where’s the flux?”, from official page for research related to the most mysterious star in our Galaxy, Tabetha Boyajian (wherestheflux.com)
7. TESS Exoplanet Mission, TESS Blog, NASA (https://www.nasa.gov/tess-transiting-exoplanet-survey-satellite)
8. Many episodes of “Infinite monkey cage”, A BBC Radio 4 Podcast hosted by Physicist Brian Cox and Comedian Robin Ince.
9. “StarTalk”, a podcast on space, science, and popular culture hosted by astrophysicist Neil deGrasse Tyson
10. “5 Answers to the Fermi Paradox: Why Haven’t We Made Contact Yet?”, www.gaia.com.

(ആസ്ട്രോഫിസിക്സിൽ ബിരുദാനന്തരബിരുദധാരിയാണ് ലേഖിക)


 





  Content  
  എഡിറ്റോറിയൽ  
  ജാതകം
പി. വിശ്വനാഥൻ
 
  കണ്ണകിയെ അറിയാൻ
എം. തോമസ്
 
  കല്ല്യാണിയുടെ കടി
ശ്രീപ്രസാദ്‌ വി.
 
  രണ്ട് കവിതകൾ
മായാദത്ത്
 
  വിതുമ്പുന്ന മനസ്സുകൾ
നോബിൾ ജേക്കബ്
 
  യാത്രകളിൽ ചിലപ്പോൾ സംഭവിക്കുന്നത്
കണക്കൂർ ആർ. സുരേഷ്‌ കുമാർ
 
  ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ?
നാദിയ അജ്‌മൽ
 
  Words fallen
Prathibha Pradosh
 
  നിദ്ര
സുനിൽ ഡി. ജോർജ്
 
  Miss Y
Varada Harikumar
 
  നീലശരികൾ
ആശാമോൾ എൻ.എസ്‌.
 
  My brother
Adithyakrishna