ഒറ്റയ്ക്കു ചിന്തിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല. എന്റെ തൊണ്ട വരളുന്നതായി തോന്നി.
"മോനെ, പപ്പയ്ക്ക് കുടിക്കുവാൻ ഒരു ഗ്ലാസ് വെള്ളം കൊണ്ട് വരൂ" ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
"വേണമെങ്കിൽ പോയി എടുത്തു കുടിക്കു " അതായിരുന്നു അവന്റെ പ്രതികരണം.
"എന്ത് ചെയ്യാം, ഇന്നത്തെ കുട്ടികൾ ഇങ്ങനെ ആയി പോയി" ഞാൻ മനസ്സിൽ പുലമ്പി...
അടുക്കളയിൽ പോയി വെള്ളം എടുത്തു കുടിക്കുമ്പോഴും എന്റെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. എന്റെ മനസ്സ് നിറയെ ഹനുമാനെ പറ്റിയുള്ള ചിന്തകളായിരുന്നു.
"അവനെ ഒന്നും കൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ..." എന്റെ മനസ്സ് വിതുമ്പി.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
"അത് റോഡിൽ നിന്നും എടുത്തു മാറ്റടാ" എന്ന ഡ്രൈവറുടെ ഗർജ്ജനമാണ് കാറിന്റെ പിൻസീറ്റിൽ പകുതി ഉറക്കത്തിലായിരുന്ന എന്നെ ഉണർത്തിയത്.
രാജസ്ഥാൻ മരുഭൂമിയിൽ, പാകിസ്ഥാൻ അതിർത്തിയോടു ചേർന്ന് കിടക്കുന്ന അനൂപ്ഗഡ് എന്ന സ്ഥലത്തു കൂടി ആയിരുന്നു ഞങ്ങൾ യാത്ര ചെയ്തത്.
കണ്ണ് തിരുമ്മി നോക്കിയപ്പോൾ, കയറ്റാവുന്നതിലും അധികം ഇഷ്ടികയുമായി റോഡിന്റെ ഓരത്തേയ്ക്കു തന്റെ സൈക്കിൾ ഒതുക്കുവാൻ പണിപ്പെടുന്ന, എകദേശം 7 - 8 വയസ്സുള്ള ഒരു കുട്ടിയെയാണ് ഞാൻ കണ്ടത്. ഡ്രൈവർ വീണ്ടും ഹോൺ അടിച്ചു. സൈക്കിൾ ഒതുക്കി മാറ്റുന്ന ബദ്ധപ്പാടിൽ, ഇഷ്ടികയുമായി അവനും അവന്റ സൈക്കിളും റോഡിൽ മറിഞ്ഞു വീണു. ഇഷ്ടിക എല്ലാം പൊട്ടി പോയി.
എനിക്ക് അവനോടു സഹതാപം തോന്നി. അവനെ ശല്യപ്പെടുത്തിയ ഡ്രൈവറെ ഞാൻ ശകാരിച്ചു.
കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ, വെള്ളം കുടിക്കുവാനായി അടുത്തു കാണപ്പെട്ട ഒരു വീടിന്റെ മുൻപിൽ കാർ നിർത്തുവാൻ ഞാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.
ഞങ്ങൾ ആ കുടിലിന്റെ വാതിലിൽ മുട്ടി. പുല്ലു കൊണ്ട് മേഞ്ഞ ഒരു ചെറിയ കുടിൽ ആയിരുന്നു അത്. ഒരു സ്ത്രീ വന്നു വാതിൽ തുറന്നു. കുടിക്കുവാൻ വെള്ളം ചോദിച്ചപ്പോൾ മുറ്റത്തു കിടക്കുന്ന ഒരു കട്ടിലിൽ ഇരിക്കുവാൻ പറഞ്ഞു. അതിന്റെ അടുത്ത് രണ്ടു പശുക്കളെ കെട്ടിയിരിക്കുന്നു.
ആ സ്ത്രീ ഓടി വന്നു, പശുവിനെ കറന്നു, പാലുമായി കുടിലിനുള്ളിലേക്കു കയറി പോയി. കുറച്ചു സമയം കഴിഞ്ഞു ഞങ്ങൾക്ക് ചായയുമായി വന്നു. റോഡിൽ കണ്ട കുട്ടി, പൊട്ടിയ ഇഷ്ടികകൾ തന്റെ സൈക്കിളിൽ ചേർത്ത് വെച്ച് കടന്നു വരുന്നതാണ്, ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ ദൃഷ്ടിയിൽ പതിഞ്ഞത്.
അപ്പോഴാണ് അത് അവന്റെ വീട് ആണെന്ന് എനിക്ക് മനസ്സിലായത്. അവന്റെ മുഖത്ത് നോക്കുവാൻ പോലും ഉള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ. എനിക്ക് കുറ്റബോധം തോന്നി. മുഷിഞ്ഞതും കീറിയതുമായ ഉടുപ്പും, ഒരു കയ്യിൽ ഊരിപ്പോകാതെ തന്റെ നിക്കറും പിടിച്ചു നിൽക്കുന്ന അവനോടു എന്ത് പറയണമെന്ന് അറിയാതെ ഞാൻ കുഴങ്ങി. അടുത്ത് വന്നപ്പോൾ ഞാൻ അവനോടു മാപ്പു പറഞ്ഞു.
അവന്റെ പേര് ഹനുമാൻ; നാലാം ക്ലാസ്സിൽ പഠിക്കുന്നു. അച്ചൻ രാവിലെ കൃഷി പണിക്കു പോയി. പുല്ലു പറിക്കുകയും, പശുക്കളെ നോക്കുകയും, വീട്ടുകാര്യങ്ങൾ നോക്കി നടത്തുകയും ചെയ്യുന്നത് അമ്മ ആണ്. ഹനുമാൻ തന്റെ പിതാവിനെയും മാതാവിനെയും അവരുടെ ജോലി കാര്യങ്ങളിൽ സഹായിക്കുന്നു.
"ഇന്ന് സ്കൂളിൽ പോയില്ലയോ?" എന്ന എന്റെ ചോദ്യത്തിന്, "അച്ഛനെ ജോലിയിൽ സഹായിക്കേണ്ട ദിവസങ്ങളിൽ സ്കൂളിൽ പോകാറില്ല" എന്നായിരുന്നു അവന്റെ മറുപടി.
എന്റെ കുട്ടികാലം എനിക്ക് ഓർമ്മ വന്നു, കൃഷി പണി ചെയ്തതും, പുല്ലു പറിച്ചതും, പശുവിനെ കുളിപ്പിച്ചതും എല്ലാം.....
എന്റെ ജോലിയെ പറ്റിയൊക്കെ അവൻ എന്നോട് ചോദിച്ചു. അറിവിനായുള്ള അവന്റെ ആഗ്രഹം എന്നിൽ കൗതുകം ഉളവാക്കി. കുറച്ചു സമയം കൊണ്ട് ഞങ്ങൾ കൂട്ടുകാരായി.
ഞാൻ അവനെ ഉപദേശിച്ചു. നല്ലതായി പഠിച്ചു വലിയ ആളായി തീരണം എന്നൊക്കെ ഞാൻ അവനോടു പറഞ്ഞു. അവൻ എല്ലാം കാതോർത്തു ഇരുന്നു കേട്ടു.
ഞാൻ വീട്ടിൽ കുട്ടികളെ ഉപദേശിക്കുമ്പോൾ, "പപ്പാ, ഒന്നു മിണ്ടാതെ ഇരിക്കുമോ? കേട്ട് മടുത്തു..." എന്ന് പറയുന്ന എന്റെ കുട്ടികളെ എനിക്ക് ഓർമ്മ വന്നു.
മനഃപൊരുത്തമുള്ള, ഒരേ രീതിയിൽ ചിന്തിക്കുന്ന, ആളുകൾ ആണ് ഞാനും ഹനുമാനും എന്ന് എനിക്ക് മനസ്സിലായി.
ചായ കുടി കഴിഞ്ഞു എഴുന്നേറ്റപ്പോൾ, ഹനുമാന് കൊടുക്കുവാനായി എന്തെങ്കിലും ഉണ്ടോ എന്നറിയാനായി ഞാൻ എന്റെ പോക്കറ്റിൽ ഒന്നു പരതി. കിട്ടിയ ഒരു ചോക്കലേറ്റ് അവനു സമ്മാനിച്ചു. അതോടൊപ്പം, അവനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.
അവന്റെ കണ്ണിലൂടെ കണ്ണുനീർ തുള്ളികൾ ഉരുണ്ടു താഴേക്ക് പതിക്കുന്നത് ഞാൻ കണ്ടു.
“ഇനി ഞാൻ ഹനുമാനെ കാണുന്നത് ഒരു വലിയ ആൾ ആയി, പത്രത്തിലൂടെ ആയിരിക്കും” എന്ന് ഞാൻ പറഞ്ഞു.
അവൻ പൊട്ടി കരഞ്ഞു. ഞാൻ അവനെ സ്വാന്തനപ്പെടുത്തി. വീണ്ടും കാണാം എന്ന ആശയിൽ അവനോടു യാത്ര പറഞ്ഞു ഞാൻ ഇറങ്ങി....
|