E-Magazine
ലക്കം: 4
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ജൂലായ് 2018
     
 
 
  Cover Page  
കണ്ണകിയെ അറിയാൻ
എം. തോമസ്

അന്ന്, ചോരയിറ്റുന്ന മാറിടവുമായി കയ്യിൽ ഉയർത്തിപ്പിടിച്ച ചിലമ്പുമായി അലറിക്കരഞ്ഞുകൊണ്ട് കണ്ണകി നിന്നു. മധുര രാജധാനിക്കുപുറത്ത്. അവളുടെ രോഷാഗ്നിയിൽ മധുര നീറിപ്പുകഞ്ഞു...

      കണ്ണകി. ചിലപ്പതികാരത്തിലെ നായിക. കോവലന്റെ ഹൃദയേശ്വരിയായിരുന്ന നാടൻ പെണ്ണ്.

      മധുര സാമ്രാജ്യത്തിലെ ഒരു ഗ്രാമത്തിൽ പുറം ലോകത്തിന്റെ കണ്ണിൽ പെടാതെ വളർന്നൊരു നാടൻ പെണ്ണ്, കണ്ണകി. കരിനീലക്കണ്ണുള്ള ഒരു ഗ്രാമീണ. ഒരു സാധാരണ പൗരന്റെ ഓമനപ്പുത്രി.

      കണ്ണകിയെ വിവാഹം ചെയ്തത് കോവലൻ. അയാളൊരു ചെറു വ്യാപാരിയായിരുന്നു. അല്പസ്വല്പം സ്വഭാവദൂഷ്യം ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ. കണ്ണകിയെ കോവലൻ വിവാഹം ചെയ്തു കൊടുത്തപ്പോൾ അവളുടെ അച്ഛൻ അവൾക്ക് നൽകിയത് ചിലമ്പായിരുന്നു. ഏതാനും രത്‌നങ്ങൾ പതിച്ച ചിലമ്പ്.

      കോവലന്റെ വ്യാപാരം നശിക്കുന്നതും മടിശ്ശീല ഒഴിയുന്നതും നിറകണ്ണുകളോടെ നിശ്ശബ്ദയായി കണ്ടിരിക്കാനേ കണ്ണകിക്ക് ആകുമായിരുന്നുള്ളൂ. കോവലൻ നിത്യവും സന്ദർശിച്ചിരുന്ന നാട്യഗൃഹങ്ങളും വേശ്യാലയങ്ങളും അദ്ദേഹത്തെ സ്വീകരിക്കാതെയായി. അയാൾ കണ്ണകിയുടെ അടുത്തേക്ക് മടങ്ങി.

      ഒഴിഞ്ഞ മടിശ്ശീല, വിശന്നു കത്തുന്ന വയറുകൾ. കണ്ടാൽ മുഖം തിരിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. നാട്ടിൽ കഴിഞ്ഞുകൂടാനാകാതെ കണ്ണകിയുമായി കോവലൻ നാടുവിട്ടു. മധുര പട്ടണം ലക്ഷ്യം വച്ച് അവർ നടന്നു. ഗ്രാമങ്ങൾ പലതും കടന്ന് അവർ പട്ടണത്തിലെത്തി.

      ആദ്യം കണ്ടെത്തിയ കുടിലിൽ കണ്ണകിയെ ഇരുത്തി അവളുടെ ചിലമ്പുമായി കോവലൻ പട്ടണത്തിലെ കടകള് കയറിയിറങ്ങി. അത് വാങ്ങുവാൻ കെല്പുള്ള വ്യാപാരിയെ കണ്ടെത്താൻ കോവലൻ പണിപ്പെട്ടു. ആ ചിലമ്പിൽ പതിച്ചിട്ടുള്ള രത്നങ്ങൾ വളരെ വില പിടിപ്പുള്ളതാണെന്ന് കോവലന് ബോദ്ധ്യമായി. ഒപ്പം ആ ചിലമ്പിൽ ഒരു നിയമപാലകന്റെ ആർത്തി പൂണ്ട കണ്ണുകൾ പതിഞ്ഞു കഴിഞ്ഞിരുന്നു. മഹാരാജാവിന്റെ വളരെ വേണ്ടപ്പെട്ട ആളായിരുന്നു ആ നിയമപാലകൻ. ആ ചിലമ്പ് തട്ടിയെടുക്കാൻ കുടിലതന്ത്രങ്ങൾ മെനയപ്പെട്ടു. വൈകിയില്ല, കോവലൻ ബന്ധിതനായി. നിയമപാലകന്റെ ബന്ധനത്തിൽ.

      മഹാറാണിയുടെ നഷ്ടപ്പെട്ട ചിലമ്പ് മോഷ്ടിച്ച കോവലന് ശിക്ഷ നൽകാൻ മഹാരാജാവിന്റെ മുന്നിൽ ഹാജരാക്കപ്പെട്ടു. പരാതി തയ്യാറാക്കിയതും, തെളിവുണ്ടാക്കിയതും, പ്രതിയെ ഹാജരാക്കിയതും വേണ്ടപ്പെട്ടവർ ആയത് കൊണ്ട് കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമുണ്ടായില്ല. കോവലൻ വധിക്കപ്പെട്ടു. മഹാറാണിയുടെ നഷ്ടപ്പെട്ട ചിലമ്പ് ഒരു തെരുവുതെണ്ടിയായ കോവലൻ മോഷ്ടിച്ചത് തന്നെ എന്നു വിശ്വസിക്കാൻ നീതിമാനായ ചെങ്കുട്ടുവനു പോലും പ്രയാസമുണ്ടായില്ല.

      വാർത്ത കാട്ടുതീ പോലെ മധുരയിലെങ്ങും പരന്നു. അതിന്റെ ഒരു ശകലം കണ്ണകിയുടെ ചെവിയിൽ എത്തി. ഒരിടിത്തീ പോലെ ആ വാർത്ത അവളുടെ മേൽ പതിക്കുകയായിരുന്നു. മാറത്തടിച്ചു വാവിട്ടു കരഞ്ഞുകൊണ്ട് കണ്ണകി രാജകൊട്ടാരത്തിലെത്തി. മഹാരാജാവിനോട് അവൾ ചോദിച്ചു, അടിയന്റെ കോവലൻ എന്തു തെറ്റാണ് ചെയ്തത്?

      “മഹാറാണിയുടെ ചിലമ്പ് മോഷ്ടിച്ചു”

      “കോവലൻ കള്ളനല്ല. കോവലൻ വിൽക്കാൻ കൊണ്ടു പോയത് അടിയന്റെ ചിലമ്പാണ്. അടിയന്റെ കല്യാണത്തിന് സമ്മാനമായി അടിയന്റെ അച്ഛൻ തന്നതായിരുന്നു ആ ചിലമ്പ്.”

      കോവലൻ ഇനി തിരികെ വരില്ല എന്നാ യാഥാർത്ഥ്യം കണ്ണകിയെ ഒരു ഭ്രാന്തിയാക്കി. തന്റെ കോവലനെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയ ആ മഹാരാജാവിനെ ഉള്ളുരുകി അവൾ ശപിച്ചു... “മധുര സാമ്രാജ്യം നശിച്ചു പോകട്ടെ" എന്നു ശപിച്ചു കൊണ്ട് ഒരു കൊടുങ്കാറ്റു പോലെ അവൾ പുറത്തേക്ക് ഓടി. അവളുടെ മാറിലെ ക്ഷതത്തിൽ നിന്നിറ്റുവീണ രക്തം മധുര രാജധാനിയെ മുക്കി. അത് ഒരു തീജ്വാലയായി മധുര സാമ്രാജ്യത്തെ ചാമ്പലാക്കി.

      മധുര രാജധാനിയിൽ കുറ്റബോധം കൊണ്ട് ഹൃദയം പൊട്ടി നീതിമാനായ ചെങ്കുട്ടുവൻ മരിച്ചു വീണു. ഒരു നിരപരാധിയെ മോഷ്ടാവാക്കി നിരപരാധിത്വം തെളിയിക്കാൻ അവസരം പോലും നൽകാതെ മരണശിക്ഷ വിധിച്ച തന്റെ നിഷ്ഠൂരതയിൽ സ്വയം നീറിപ്പോയി ആ നീതിമാൻ. ആ മോഷണക്കഥ ഒരു കള്ളക്കഥയായിരുന്നു എന്നു തിരിച്ചറിയുവാൻ അദ്ദേഹത്തിനു കണ്ണകിയുടെ ഏതാനും വാക്കുകൾ മതിയായിരുന്നു. കണ്ണകിക്ക് ലഭിച്ച അനുതാപതരംഗം മധുരയിൽ ആഞ്ഞടിച്ചതും അദ്ദേഹം അറിഞ്ഞിരുന്നു. ചെങ്കുട്ടുവന്റെ ജഡത്തിനരികിൽ മഹാറാണിയുടെ ചേതനയറ്റ ശരീരവും വീണു. ചെങ്കുട്ടുവന്റെ വാഴ്ചയും അതോടെ അവസാനിച്ചു. അതാണ് ചിലപ്പതികാരം.

      മധുര രാജകുലത്തെ ശപിച്ചു നശിപ്പിച്ച കണ്ണകി ഭക്തജനങ്ങളുടെ മനസ്സിൽ കൊടുങ്ങല്ലുരമ്മയായി ഇന്നും ജീവിക്കുന്നു. കുട്ടികളെ ഭയപ്പെടുത്തുന്ന ഒറ്റമുലച്ചിയായി... ആറ്റുകാലമ്മയായി... ചക്കുളത്തുകാവിലമ്മയായി... ദുർഗ്ഗാദേവിയുടെ അവതാരമായി... അങ്ങനെ അനവധി ഭാവങ്ങളിൽ.

      അൽപ്പം ചരിത്രപരിശോധന

      ദൈവങ്ങളെ കാലം നിർണ്ണയിച്ച് ഉറപ്പിച്ചിരുത്താൻ പാടില്ല. ആ കാലനിർണ്ണയം വിശ്വാസങ്ങൾക്കും വിശ്വാസികളിലും ഉലച്ചിലുണ്ടാക്കും. അവതാരങ്ങൾക്കും കാലനിർണ്ണയം ചേരില്ല. ദൈവത്വം കൽപ്പിക്കപ്പെട്ടവർക്കും സ്വയം ദൈവങ്ങൾ ആയവർക്കും ചികഞ്ഞു നോക്കിയാൽ ചരിത്രത്തിൽ ഇടം കാണും.

      ഇഷ്ടം തനിയെ സ്നേഹമായി വളരും. സ്നേഹം വളർന്ന് ബഹുമാനമാകും. ബഹുമാനം ആരാധനയായി വളരും. ആരാധനയുടെ മൂർദ്ധന്യത്തിൽ ആരാധനാമൂർത്തികൾ ദൈവങ്ങളായി അവരോധിതരാകും.

      ചിലപ്പതികാരനായികയ്ക്ക്, കണ്ണകിക്ക് ചരിത്രത്തിൽ ഇടം കിട്ടിയിട്ടുണ്ട്. എ.ഡി. 756-ൽ മധുര ഭരിച്ചിരുന്ന ചെങ്കുട്ടുവനാണ് കോവലന് മരണശിക്ഷ വിധിച്ചത്. നിരപരാധിത്വം തെളിയിക്കാൻ അവസരം പോലും നൽകാതെയാണ് കോവലനെ വധിച്ചത്. നീതിമാനും പ്രജാതൽപ്പരനും ആയി വാഴ്ത്തപ്പെട്ടിരുന്ന മഹാരാജാവിൽ നിന്നാണ് ആ വിധിയുണ്ടായത്.

      നിഷ്ക്കളങ്കയായ കണ്ണകിയുടെ കണ്ണീരുകണ്ട മധുരാധിപന്റെ മനമുരുകി. ആലോചനക്കുറവുമൂലം തനിക്കുപറ്റിയ അബദ്ധം മഹാപരാധമായി പരിണമിച്ചതിൽ അദ്ദേഹത്തിന്റെ മനം നൊന്തു. സ്വന്തക്കാരന്റെ വാക്കുകൾ വിശ്വസിച്ച് താൻ കാട്ടിയ അവിവേകമായിരുന്നു ആ ശിക്ഷാവിധി. മാപ്പർഹിക്കാത്ത കുറ്റം താനാണ് ചെയ്തത്. ആ കുറ്റബോധത്തിന്റെ പാരമ്യത്തിൽ ആ നീതിമാന്റെ ഹൃദയം വിങ്ങിമരിച്ചു. അദ്ദേഹത്തിന്റെ പ്രിയതമ ഒപ്പം മരിച്ചുവീണു. അവിടെ പൂർണ്ണമായി ചിലപ്പതികാരം.

      കോവലന്റെ മരണശിക്ഷയും കണ്ണകിയുടെ തീരാദു:ഖവും മഹാരാജാവിന്റെയും പത്നിയുടെയും മരണവും കൊണ്ട് പര്യവസാനിപ്പിക്കാമായിരുന്ന ചിലപ്പതികാരത്തിന് മാറ്റ് കൂട്ടാൻ കൃതഹസ്തനായ ഇളങ്കോവടികൾ അല്പം അതിഭാവുകത്വം ചേർത്തപ്പോൾ കഥാപാത്രങ്ങൾക്ക് അസാധാരണത്വം വന്നു പോയി. അതിന്റെ പരിണാമമാണ് കണ്ണകിക്ക് ദുർഗാദേവിയുടെ അവതാരമെന്ന അസാധാരണത്വം നേടിക്കൊടുത്തത്. അവളുടെ മാറത്തടിയിൽ നിന്നും ചിന്തിയ ചോരത്തുള്ളികളെ രക്തപ്രളയമായി ധ്വനിക്കപ്പെട്ടു. ആ പ്രളയത്തിൽ കൊട്ടാരവും രാജധാനിയും മുങ്ങിപ്പോയെന്നും ഇളങ്കോവടികൾ എഴുതിച്ചേർത്തു. ചെങ്കുട്ടുവന്റെ സഹോദരൻ ആയിരുന്നു ഇളങ്കോവടികൾ എന്ന ഈ രചയിതാവ്. രചനാകാലയളവിന്റെ പ്രത്യേകത കണക്കിലെടുക്കുമ്പോൾ രചനയിലെ അതിഭാവുകത്വം സ്വാഭാവികമാണെന്ന് ബോധ്യപ്പെടും.

      കണ്ണകിയുടെ കോപാഗ്നിയിൽ മധുര രാജ്യം കത്തിച്ചാമ്പലായി. മഹാരാജാവും രാജ്ഞിയും മരിച്ചു വീണു. കണ്ണകീശാപം അക്ഷരാർത്ഥത്തിൽ തന്നെ ഫലിച്ചു. നിരപരാധിയായ കോവലന്റെ മരണശിക്ഷയും കണ്ണകിയുടെ കണ്ണീരും മധുരയിലെ ജനങ്ങൾക്കിടയിൽ സൃഷ്ടിച്ച അനുതാപം മഹാരാജാവിനെതിരായ വികാരമായി വളർന്നിട്ടുണ്ടാകാം. മഹാരാജാവിന്റെ മരണത്തിന് അതും കാരണമായിട്ടുണ്ടാവാം. അദ്ദേഹത്തിന്റെ മരണം ചെങ്കുട്ടുവൻ രണ്ടാമനിലേക്ക് അധികാരം എത്തിച്ചുകൊടുത്തു. കണ്ണകിയുടെ ശാപം ഫലിച്ചു എന്ന് രേഖപ്പെടുത്തുവാൻ ഇത്രയും സംഭവങ്ങൾ ധാരാളം.

      യാഥാർത്ഥ്യബോധത്തോടെ ചിലപ്പതികാരത്തെ സമീപിച്ചാൽ മധുരസാമ്രാജ്യത്തിലെ കണ്ണകിക്ക് ചരിത്രത്തിൽ വേരുകളുള്ളതായി കാണാം.
പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായിരുന്ന സ്വാമിക്കണ്ണപിള്ള രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിൽ എ.ഡി. 756-ൽ കണ്ണകി അഭിമുഖീകരിച്ച ദുരന്തത്തിന്റെ സൂചനകളുണ്ട്. ജൈനമതവിശ്വാസിയായിരുന്ന കണ്ണകിയുടെ ദുരന്തത്തിൽ സഹതപിച്ചവരിൽ ചെങ്കുട്ടുവൻ രണ്ടാമന്റെ രാജ്ഞിയും ഉൾപ്പെട്ടിരുന്നു.

      മധുര രാജ്യഭാരം ഏറ്റെടുത്ത ചെങ്കുട്ടുവൻ രണ്ടാമന്റെ മഹാറാണി ഇളങ്കോ രേണ്മാൾ ജൈനമതക്കാരിയായിരുന്നു. അവരുടെ പ്രേരണയാൽ കണ്ണകിയെന്ന വീരനായികയുടെ സ്മാരകമായി കൊടുങ്ങല്ലൂരിൽ ഒരു മസ്തിക്കല്ല് സ്ഥാപിക്കപ്പെട്ടു. മസ്തിക്കല്ല് കാലക്രമത്തിൽ യക്ഷിക്കല്ലായി പരിണമിച്ചു. പിന്നെന്തൊക്കെ പരിണാമങ്ങൾ അതിനുണ്ടായെന്ന് പറയേണ്ടല്ലോ. ഒരു പാവപ്പെട്ട ഗ്രാമീണപ്പെണ്ണായിരുന്ന കണ്ണകിക്ക് മധുരസാമ്രാജ്യത്തിന്റെ ചരിത്രത്തിൽ ഇടമുണ്ടായിരുന്നുവന്ന് ഉറപ്പിച്ചു പറയുന്നു കേസരി ബാലകൃഷ്ണപിള്ള എന്ന ചരിത്രഗവേഷകൻ. ജൈനമതക്കാരിയായിരുന്ന കണ്ണകിക്ക് ചരിത്രത്തിൽ സ്ഥാനമുണ്ടാക്കിക്കൊടുക്കാൻ ഇളങ്കോവടികളും ഇളങ്കോ രേണ്മാളും കൈയ്യയച്ച് സഹായിച്ചിട്ടുമുണ്ട്.

(കടപ്പാട്: കേസരി ബാലകൃഷ്ണപിള്ളയുടെ ചരിത്രഗവേഷണങ്ങൾ വോള്യം 4)


  Content  
  എഡിറ്റോറിയൽ  
  ജാതകം
പി. വിശ്വനാഥൻ
 
  കണ്ണകിയെ അറിയാൻ
എം. തോമസ്
 
  കല്ല്യാണിയുടെ കടി
ശ്രീപ്രസാദ്‌ വി.
 
  രണ്ട് കവിതകൾ
മായാദത്ത്
 
  വിതുമ്പുന്ന മനസ്സുകൾ
നോബിൾ ജേക്കബ്
 
  യാത്രകളിൽ ചിലപ്പോൾ സംഭവിക്കുന്നത്
കണക്കൂർ ആർ. സുരേഷ്‌ കുമാർ
 
  ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ?
നാദിയ അജ്‌മൽ
 
  Words fallen
Prathibha Pradosh
 
  നിദ്ര
സുനിൽ ഡി. ജോർജ്
 
  Miss Y
Varada Harikumar
 
  നീലശരികൾ
ആശാമോൾ എൻ.എസ്‌.
 
  My brother
Adithyakrishna