ഞാൻ നിൻ്റെ ജാതകം നോക്കി
ചൊവ്വയിൽ തന്നെ ദോഷകൂടാരം
അഷ്ടിക്ക് വക
ഒരു ഭാവത്തിലും കാണുന്നില്ല
ഒരിക്കലെങ്കിലും ഒരു തുണ
ഒപ്പം പാർക്കില്ല എന്നതും തെളിഞ്ഞു
ഞാൻ നിൻ്റെ രാശ്യാധിപനെ ശ്രദ്ധിച്ചു
ബലം പോര. നീചനാണ്
പിന്നീടാണ് ഞാൻ നിന്നെ ശ്രദ്ധിച്ചത്
നിൻ്റെ നിഷ്കളങ്കമായ മുഖം
രാശിപഥങ്ങളെ വലം വെയ്ക്കുന്നു
രാഹുകേതുക്കളുടെ അപഹാരങ്ങളാൽ
തലകുനിച്ച് നീ സൗരയൂഥത്തിൽ
നിൻ്റെ ജാതകദോഷത്തിന്
പരിഹാരം കാണാൻ കഴിയാതെ
വെറ്റിലയിൽ ചരടു ജപിച്ചു വെച്ച്
ദക്ഷിണതന്നോളൂ എന്നു ഞാൻ
ഇനി നീ ജാതകം നോക്കാതെ
നിനക്കുള്ള രാശ്യാധിപനെ നോക്കണം
ചൊവ്വയും രാഹുകേതുക്കളും
ഭൂമിയിലെ കുഴിമാടത്തിൽ മൂടണം
ഞാൻ ജപിച്ചുതന്ന ചരടിൽകെട്ടി
ഭൂമിയെ വട്ടത്തിൽ കറക്കണം
നാലു വ്യാഴവട്ടമെങ്കിലും
ഭൂമി നിനക്കുചുറ്റും വലത്തിടും